Top

'മകന്റെ നിയമനത്തില്‍ ഇടപെട്ടിട്ടില്ല', യൂത്ത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യം; തിരുവഞ്ചൂര്‍

നിയമനം മക്കള്‍ രാഷ്ട്രീയമെന്ന തരത്തില്‍ ഉയരുന്ന ആക്ഷേപങ്ങള്‍ തള്ളി അര്‍ജുന്‍ രാധാകൃഷ്ണന്‍

2 Sep 2021 4:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മകന്റെ നിയമനത്തില്‍ ഇടപെട്ടിട്ടില്ല, യൂത്ത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യം; തിരുവഞ്ചൂര്‍
X

കേരളത്തില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ പട്ടിക സംബന്ധിച്ച വിവാദത്തില്‍ ഇടപെടാനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനുള്‍പ്പെടെ അഞ്ചു പേരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താക്കളാക്കാനുള്ള തീരുമാനം പുറത്ത് വരികയും നിയമന ഉത്തരവ് ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ നടപടി പിന്‍വലിക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രതികരണം.

മകന്റെ നിയമനം ഉള്‍പ്പെടെ താന്‍ നേരിട്ട് ഇടപെട്ടിട്ടുള്ള കാര്യമല്ല ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. വിഷയം യൂത്ത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളാണ്. താന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന കാലത്ത് പോലും സംഘനയ്ക്ക് അതിന്റെതായ നിലപാട് ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ല. പ്രത്യേകിച്ച് തന്റെ മകന്റെ പേര് ഉയര്‍ന്ന വന്ന സാഹചര്യത്തില്‍ കൂടി അത്തരം ഒരു പ്രതികരണം ശരിയല്ല.

അടുത്തകാലത്ത് തന്റെ നിലപാടുകളുടെ ഫലമാണ് അര്‍ജുന്റെ നിയമനം എന്നുള്ള വാദങ്ങള്‍ മാധ്യമ വ്യാഖ്യാനങ്ങളാണ്. പാര്‍ട്ടി ഒന്നിച്ച് പോവണം എന്നാണ് താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അത് പൊതു അഭിപ്രായമാണ്. അതിലാണ് എന്നും ഉറച്ച് നിന്നിട്ടുള്ളത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിലും പാര്‍ട്ടി മറുപടി പറയും എന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

കേരളത്തില്‍ നിന്നുള്ള അഞ്ചുപേരുള്‍പ്പെടെ 72 പേരെയാണ് സംസ്ഥാന വക്താക്കളായി ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസ് ബുധനാഴ്ച നിയമിച്ചത്. എന്നാല്‍ പട്ടിക പുറത്തുവന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഫാഫി പറമ്പില്‍ അടക്കം പട്ടികയെ തള്ളി രംഗത്തെത്തിയിരുന്നു. അര്‍ജ്ജുന്‍ ഉള്‍പ്പടെയുള്ളവരുടെ നിയമനം തന്റെ അറിവോടെ അല്ലെന്നായിരുന്നു ഫാഫി പറമ്പിലിന്റെ പ്രതികരണം. സംസ്ഥാന ഭാരവാഹികളെ മാത്രം വക്താവാക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. ചര്‍ച്ചകള്‍ക്കുശേഷം പുതുക്കിയ പട്ടിക അടുത്തദിവസം തന്നെ പുറത്തുവിടും. അര്‍ജുന്‍ രാധാകൃഷ്ണന്‍, ആതിര രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരാണ് അര്‍ജുന്‍ രാധാകൃഷ്ണനോടൊപ്പം പട്ടികയിലുണ്ടായിരുന്നത്.

വിവാദത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താക്കളുടെ നിയമനം മക്കള്‍ രാഷ്ട്രീയമെന്ന തരത്തില്‍ ഉയരുന്ന ആക്ഷേപങ്ങള്‍ തള്ളി അര്‍ജുന്‍ രാധാകൃഷ്ണന്‍ രംഗത്ത് എത്തി. മെറിറ്റ് അടിസ്ഥാനത്തിലായിരുന്നു നിയമനം. അഭിമുഖം ഉള്‍പ്പടെ നടത്തിയാണ് തന്നെ തിരഞ്ഞെടുത്തത് എന്നും അര്‍ജുന്‍ പ്രതികരിച്ചു.

അതിനിടെ, പട്ടികയ്ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസിലും ഭിന്നത രൂപം കൊണ്ടതായാണ് റിപ്പോര്‍ട്ടുകള്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ അറിഞ്ഞുകൊണ്ടാണ് വക്താക്കളുടെ നിയമനം എന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. ഷാഫി പറമ്പില്‍ അറിയാതെ നിയമനം നടക്കില്ലെന്നുമാണ് വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസിലും കെസി വേണുഗോപാലിന്റെ ഇടപെടലെന്നും യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. 'ഷാഫി അറിഞ്ഞിട്ടാണ് ലിസ്റ്റങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ചെയ്ത ചതിയാണ്. ലിസ്റ്റ് സംസ്ഥാന പ്രസിഡന്റ് അറിയാതെയാണെങ്കില്‍ ദേശീയ നേതൃത്വം ചെയ്തത് ഗുരുതര വീഴ്ചയാണെന്നും മറുവിഭാഗം ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ ദേശീയ നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഗ്രൂപ്പുകള്‍.

Next Story

Popular Stories