Top

സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഒന്നും അംഗീകരിക്കില്ല; യൂത്ത് കോണ്‍ഗ്രസ് പാലാ യൂണിറ്റിനെ തള്ളി സംസ്ഥാന കമ്മിറ്റി

സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന നിലപാടിനോട് യൂത്ത് കോണ്‍ഗ്രസിന് പിന്തുണക്കാനാവില്ലെന്നും അതിനെ എതിര്‍ക്കുമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് അറിയിപ്പ്

10 Sep 2021 1:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഒന്നും അംഗീകരിക്കില്ല; യൂത്ത് കോണ്‍ഗ്രസ് പാലാ യൂണിറ്റിനെ തള്ളി സംസ്ഥാന കമ്മിറ്റി
X

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി നിലപാടിനെ തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി. ഏത് വിഷയത്തിലും നിലപാട് അറിയിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്നും സംഘടനയോട് ആലോചിക്കാതെ ഒരു പ്രാദേശിക യൂണിറ്റിന്റെ പ്രസിഡണ്ട് പറഞ്ഞ കാര്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് നിലപാടല്ലെന്നും സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായി അറിയിച്ചു.

സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന നിലപാടിനോട് യൂത്ത് കോണ്‍ഗ്രസിന് പിന്തുണക്കാനാവില്ലെന്നും അതിനെ എതിര്‍ക്കുമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് അറിയിപ്പ്.

കേരളത്തില്‍ ലൗ ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്നായിരുന്നു പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദമായ ആരോപണം. ക്രിസ്ത്യന്‍ മതത്തില്‍ പെട്ട പെണ്‍കുട്ടികളെയും യുവാക്കളെയും ഇതിലൂടെ വഴിതെറ്റിക്കുന്നെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. എട്ട് നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് കുറുവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗത്തിലാണ് ബിഷപ്പിന്റെ പരാമര്‍ശം.

ഇതിന് പിന്നാലെ പാലാ ബിഷപ്പിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി രംഗത്തെത്തുകയായിരുന്നു. ബിഷപ്പിനെ സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കാനുള്ള പ്രചരണങ്ങളെ ചെറുക്കുമെന്നും സിപിഐഎമ്മും ബിജെപിയും ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

Next Story

Popular Stories