Top

'യോഗി പോലീസ് മന്ത്രിയാകുമ്പോഴും പിണറായി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴും ഒരേ അവസ്ഥയാണ്'; ആര്‍എസ്എസ് ഗ്യാങ് വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ്

1 Sep 2021 8:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യോഗി പോലീസ് മന്ത്രിയാകുമ്പോഴും പിണറായി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴും ഒരേ അവസ്ഥയാണ്; ആര്‍എസ്എസ് ഗ്യാങ് വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ്
X

കേരള പൊലീസില്‍ ആര്‍എസ്എസ് സംഘം പ്രവര്‍ത്തിക്കുന്നതായി സിപിഐ ദേശീയ എക്‌സികൂട്ടീവ് അംഗം ആനി രാജയുടെ വിമര്‍ശനത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാറിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. മുഖ്യമന്ത്രിക്ക് ആര്‍എസ്എസ് വിധേയത്വമാണെന്നും ആ വിധേയത്വം സേനയില്‍ കുത്തിനിറയ്ക്കാതിരിക്കണമെന്ന് ഘടകകക്ഷി നേതാവിന്റെ പരോക്ഷ വിമര്‍ശനത്തെയെങ്കിലും ഉള്‍ക്കൊള്ളണം എന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിമര്‍ശിക്കുന്നു.

കേരള പോലീസില്‍ ആര്‍എസ്എസ് ഗ്യാംങ്ങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന സിപിഐ ദേശിയ എക്‌സിക്യൂട്ടീവ് അംഗം സഖാവ് ആനി രാജയുടെ പ്രതികരണത്തെ ഗൗരവത്തോടെ കാണണം. യോഗി ആദിത്യനാഥ് പോലീസ് മന്ത്രിയാകുമ്പോഴും സഖാവ് പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴും ഒരേ അവസ്ഥയാണ് എന്നതില്‍ പ്രത്യേക ഞെട്ടല്‍ ഒന്നുമില്ലെങ്കിലും, സിപിഐ ദേശീയ നേതാവ് വരെ അത് തിരിച്ചറിയുന്നു എന്നത് പ്രസക്തമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. താമര ഒരു തണലായി കാണരുത്, വേരിറങ്ങും, ഇന്‍ഫക്ഷനാകുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുന്നറിയിപ്പ് നല്‍കുന്നു.

പോസ്റ്റ് പൂര്‍ണരൂപം-

കേരള പോലീസിൽ ' RSS ഗ്യാംങ്ങ് ' പ്രവർത്തിക്കുന്നുണ്ടെന്ന CPI ദേശിയ എക്സിക്യൂട്ടീവ് അംഗം സഖാവ് ആനി രാജയുടെ പ്രതികരണത്തെ ഗൗരവത്തോടെ കാണണം. യോഗി ആദിത്യനാഥ് പോലീസ് മന്ത്രിയാകുമ്പോഴും സഖാവ് പിണറായി വിജയൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴും ഒരേ അവസ്ഥയാണ് എന്നതിൽ പ്രത്യേക ഞെട്ടൽ ഒന്നുമില്ലെങ്കിലും, CPI ദേശിയ നേതാവ് വരെ അത് തിരിച്ചറിയുന്നു എന്നത് പ്രസക്തമാണ്.

RSS ബോംബെറിഞ്ഞു കൊലപ്പെടുത്തുവാൻ ശ്രമിച്ചു എന്ന CPIM പോളിറ്റ് ബ്യൂറോ മെമ്പർ കോടിയേരി ബാലകൃഷ്ണൻ്റെ തൊട്ട് RSS പ്രതിയാകുന്ന എത്ര പരാതികളിലാണ് വിജയൻ്റെ കാലത്ത് നീതി നിഷേധിക്കപ്പെടുന്നത്.

കേരളത്തിലെ പിങ്ക് പോലിസും, കാക്കി പോലിസും, റെഡ് പോലിസുമൊക്കെ പ്രവർത്തനം കൊണ്ട് സദാചാര പോലീസാണ്.

ഇതേ കുറിച്ച് ചോദിച്ചാൽ മുഖ്യമന്ത്രി പറയാൻ സാധ്യതയുള്ള പഴമൊഴി "മുല്ല പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം " എന്നാകും. മുല്ല പൂവല്ല, താമരപ്പൂവാണ് താങ്കൾക്ക് താല്പര്യമെന്നത് അങ്ങാടിപ്പാട്ടാണ്.

താങ്കളുടെ RSS വിധേയത്വം സേനയിൽ കുത്തിനിറയ്ക്കാതിരിക്കണമെന്ന് ഘടകകക്ഷി നേതാവിൻ്റെ പരോക്ഷ വിമർശനത്തെയെങ്കിലും താങ്കൾ ഉൾക്കൊള്ളണം.

താമര ഒരു തണലായി കാണരുത്, വേരിറങ്ങും, ഇൻഫക്ഷനാകും....


Next Story

Popular Stories