'മുസ്ലീം ആണെന്നത് മറക്കരുത്'; ലിംഗ രാഷ്ട്രീയത്തിനായല്ല ലീഗ് നിലകൊള്ളുന്നതെന്ന് നൂര്‍ബിന റഷീദ്
ലീഗിന്റെ ന്യൂനപക്ഷം എന്നത് മത ന്യൂനപക്ഷമാണ്
28 Sep 2021 8:14 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്പോള്‍ മുസ്ലീം അണെന്ന് മറക്കരുതെന്ന് ഹരിത നേതാക്കള്‍ക്ക് വനിതാ ലീഗ് നേതാവിന്റെ ഉപദേശം. സിഎച്ച് അനുസ്മരണ ഏകദിന സെമിനാറില്‍ സംസാരിക്കവെ ആയിരുന്നു നൂര്‍ബിനയുടെ പരാമര്‍ശങ്ങള്‍. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് തന്റെ മാതൃകയെന്ന് വ്യക്തമാക്കിയായിരുന്നു അഡ്വ. നൂര്‍ബിനയുടെ പ്രതികരണം. ലിംഗ ന്യൂനപക്ഷത്തിനായല്ല നമ്മുടെ പ്രവര്‍ത്തനമെന്ന് മറക്കരുതെന്ന് ഹരിത നേതാക്കളെ ഓര്‍മ്മിപ്പിച്ച നൂര്‍ബിന മുസ്ലീം ലീഗ് ലിംഗ രാഷ്ട്രീയത്തിനായല്ല നിലകൊള്ളുന്നതെന്നും വ്യക്തമാക്കി.
ലീഗിന്റെ ന്യൂനപക്ഷം എന്നത് മത ന്യൂനപക്ഷമാണ്. മുസ്ലീം ലീഗ് ലിംഗ രാഷ്ട്രീയത്തിനായല്ല നിലകൊള്ളുന്നത്. ലീഗിന്റെ അതേ രാഷ്ട്രീയമാണ് പോഷക സംഘനകള്‍ക്കും വേണ്ടത്. മുസ്ലീം എന്ന സംസ്കാരം ഉയര്‍ത്തിപ്പിടിച്ചാവണം എല്ലാ പ്രവര്‍ത്തനവും. ലിംഗ ന്യൂനപക്ഷത്തിനായ നിലകൊള്ളാന്‍ ലീഗ് ഭരണഘടന പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കുന്ന നൂര്‍ബിന രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്പോള്‍ മുസ്ലീം അണെന്ന് മറക്കരുത് ഹരിത നേതൃത്വത്തെ ഓര്‍മ്മിപ്പിക്കുന്നു.
അതേസമയം, മുസ്ലിം ലീഗ് നേതാക്കളെ വേദനിപ്പിക്കുന്ന ഒരുതരത്തിലുളള നടപടികളും ഹരിതയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നായിരുന്നു ചടങ്ങില്‍ സംസാരിച്ച് ഹരിതയുടെ പുതിയ ജനറല്‍ സെക്രട്ടറി റുമൈസ റഫീഖിന്റെ പരാമര്‍ഷം. പൊതു ബോധത്തിന് വിരുദ്ധമായി പാര്‍ട്ടിയെടുത്ത നിലപാടുകള്‍ പിന്നീട് ശരിയാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വികാരത്തെ കൂടി ഉള്‍പ്പെടുത്തുന്ന രീതിയിലായിരിക്കും ഇനിയങ്ങോട്ടുളള ഹരിതയുടെ പ്രവര്‍ത്തനമെന്നും റുമൈസ റഫീഖ് പറഞ്ഞു. 'സ്ത്രീ നവോത്ഥാനത്തിന്റെ നാമ്പുകള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു റുമൈസ.
ഹരിതയുടെ മുന്‍ ഭാരവാഹികള്‍ വനിതാ കമ്മീഷന് നല്കിയ പരാതി വിവാദമായ സാഹചര്യത്തില്‍ കൂടിയാണ് പ്രതികരണം. തുടര്‍ന്ന് പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നാരോപിച്ച് ഹരിത സംസ്ഥാന കമ്മറ്റി പിരിച്ച് വിടുകയായിരുന്നു. പിന്നീട് രൂപീകരിച്ച പുതിയ ഹരിതയുടെ പ്രവര്‍ത്തനങ്ങള്‍ ക്യംപസിലേക്ക് ചുരുക്കുമെന്ന് ലീഗ് പ്രഖ്യാപിച്ചിരുന്നു. ആരോപണ വിധേയരായ എംഎസ്എഫിലെ അംഗങ്ങളെ പിന്തുണക്കുന്നവരെയാണ് ഹരിതയുടെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.