Top

മുസ്ലീംലീഗിന് തലവേദനയായി വഖഫ് ഭൂമി തട്ടിപ്പും; തൃക്കരിപ്പൂര്‍ ഇടപാടില്‍ നേതാക്കള്‍ നിയമ കുരുക്കിലേക്ക്

19 Aug 2021 2:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുസ്ലീംലീഗിന് തലവേദനയായി വഖഫ് ഭൂമി തട്ടിപ്പും; തൃക്കരിപ്പൂര്‍ ഇടപാടില്‍ നേതാക്കള്‍ നിയമ കുരുക്കിലേക്ക്
X

ഒന്നിന് പിറകെ ഒന്നായി വിവാദങ്ങളില്‍ കുരുങ്ങിയ ലീഗ് നേതൃത്വത്തിന് പുതിയ തലവേദനയായി വഖഫ് ഭൂമി തട്ടിപ്പ്. ഇ കെ വിഭാഗം സമസ്തയുടെ കീഴില്‍ തൃക്കരിപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ സഅദിയ്യ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ 2.3 ഏക്കര്‍ ഭൂമി സംബന്ധിച്ച ഇടപാടുമായി ബന്ധപ്പെട്ട നിയമ നടപടികളാണ് ലീഗ് നേതൃത്വത്തിനുള്ള പുതിയ പ്രതിസന്ധി. സ്വകാര്യ ട്രസ്റ്റിന് ഭൂമി ഒരുവര്‍ഷംമുമ്പ് കൈമാറിയ സംഭവത്തില്‍ വഖഫ് ബോര്‍ഡ് നടപടി തുടങ്ങി.

സംസ്ഥാനത്തെ വഖഫ് ചുമതലയുള്ള മന്ത്രിക്കും വഖഫ ബോര്‍ഡിനും നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് തട്ടിപ്പില്‍ നിയമ നടപടി ആരംഭിക്കുന്നത്. മഞ്ചേശ്വരം മുന്‍ എംഎല്‍എ എം സി ഖമറുദ്ദീന്‍ ചെയര്‍മാനും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ട്രഷററുമായ തൃക്കരിപ്പൂര്‍ ചാരിറ്റബിള്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് അഗതിമന്ദിരവും ജെംസ് സ്‌കൂളും ഉള്‍പ്പെടുന്ന ഭൂമി ചുളുവിലക്ക് തട്ടിയെടുത്തു എന്നാണ് ആക്ഷേപം. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിത്തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ ടി കെ പൂക്കോയ തങ്ങള്‍ പ്രസിഡന്റായ അഗതിമന്ദിരത്തിന്റെ ഭൂമിയാണ് കൈമാറിയത്.

ഭുമി തട്ടിപ്പ് സംബന്ധിച്ച് സി എച്ച് കുഞ്ഞമ്പു എംഎല്‍എ നിയമസഭയിലും ഉന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിച്ച മന്ത്രി വി അബ്ദുള്‍ റഹ്മാന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സഭയില്‍ വ്യക്തമാക്കുകയും ചെയ്തു.

സമസ്തയുടെ യുവജനവിഭാഗമായ എസ്‌കെഎസ്എസ്എഫാണ് തൃക്കരിപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ സഅദിയ്യ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ ഭൂമി തട്ടിയെന്ന് ആരോപണവുമായി ആദ്യം രംഗത്ത് എത്തുത്തത്. സംഭവം വിവാദമായതോടെ 2020 ജൂണില്‍ ഭൂമി തിരിച്ചുനല്‍കി വിവാദം അവസാനിപ്പിക്കാനും ലീഗ് നേതാക്കള്‍ ശ്രമിച്ചിരുന്നു. വഖഫ് നിയമത്തിലെ 52 എ വകുപ്പനുസരിച്ച് വഖഫ് ഭൂമി അനുമതിയില്ലാതെ കൈമാറുന്നത് ക്രിമിനല്‍ കുറ്റമാണ്.

Next Story

Popular Stories