Top

'ലീഗ് പറയേണ്ടത് പള്ളിക്കൂടങ്ങളുടെ കാര്യമാണ്, പള്ളികളിൽ എന്ത് നടക്കണമെന്ന് പറയാതിരിക്കുക'; കെ ടി ജലീല്‍

വഖഫ് ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകൾ നീക്കാനുള്ള ചർച്ചകൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തുടരുമെന്നും കെ ടി ജലീല്‍

2 Dec 2021 8:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലീഗ് പറയേണ്ടത് പള്ളിക്കൂടങ്ങളുടെ കാര്യമാണ്, പള്ളികളിൽ എന്ത് നടക്കണമെന്ന് പറയാതിരിക്കുക; കെ ടി ജലീല്‍
X

പള്ളികളെ കോലാഹല വേദിയാക്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ലീഗിന്റെ കുതന്ത്രമാണ് സമസ്തയുടെ ഇടപെടലിലൂടെ പൊളിഞ്ഞതെന്ന് കെ ടി ജലീല്‍. ഇനിയെങ്കിലും ലീഗ് പള്ളികളിൽ എന്തു നടക്കണമെന്ന് പറയാതിരിക്കുക. ലീഗ് പറയേണ്ടത് പള്ളിക്കൂടങ്ങളുടെ കാര്യമാണെന്നും കെ ടി ജലീല്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ തട്ടിക്കൂട്ട് മുസ്ലിം കോർഡിനേഷൻ കമ്മിറ്റി പുതിയ സാഹചര്യത്തിൽ ലീഗ് പിരിച്ചു വിടുകയാണ് ഉചിതമെന്നും കെ ടി ജലീല്‍ കൂട്ടിച്ചേർത്തു.

കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭയാണ് സമസ്ത. അതിന്റെ പക്വതയും പാകതയും പാണ്ഡിത്യവുമുള്ള നേതൃത്വമാണ് ബഹുമാന്യനായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടേത്. വഖഫ് ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകൾ നീക്കാനുള്ള ചർച്ചകൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തുടരുമെന്നും കെ ടി ജലീല്‍ പറഞ്ഞു. സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾക്കും ഖമറുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർക്കും ശൈഖുൽ ജാമിഅ പ്രൊ: കെ ആലിക്കുട്ടി മുസ്ല്യാർക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടായിരുന്നു പ്രതികരണം.

അതേസമയം, വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പള്ളികളില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തെ സമസ്ത തള്ളിയതോടെ മുസ്ലിംലീഗും തീരുമാനത്തില്‍ നിന്ന് പിന്മാറി. വിഷയത്തില്‍ സര്‍ക്കാരുമായി കൂടികാഴച്ച നടത്തി തുടര്‍നടപടി സ്വീകരിക്കാമെന്ന് സമസ്ത നിലപാട് അംഗീകരിക്കുന്നതായി മുസ്ലീംലീഗ് അറിയിച്ചു. സമസ്തയുടെ തീരുമാനത്തിനൊപ്പമാണ് ലീഗ്. പള്ളികളില്‍ പ്രതിഷേധം നടത്താനുള്ള തീരുമാനത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ചിലര്‍ ശ്രമിച്ചു. ഈ മാസം 10ന് പള്ളികളില്‍ വിഷയത്തില്‍ ബോധവല്‍കരണം നടത്തുമെന്നും സാദിഖ് അലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

എല്ലാ വിഷയത്തിലും പള്ളികളില്‍ പ്രതിഷേധിക്കാന്‍ കഴിയില്ല, മറിച്ച് വിഷയത്തില്‍ മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയശേഷം പ്രതിഷേധത്തിന്റെ സ്വഭാവം തീരുമാനിക്കാം എന്നായിരുന്നു സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം. വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടുന്നതില്‍ സമസ്ത കേരളത്തിന് എതിര്‍പ്പുണ്ടെങ്കില്‍ അക്കാര്യം കൂടിയിരുന്ന് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഫോണിലൂടെ അറിയിച്ചിട്ടുണ്ടെന്നും പരിഹാരം ഇല്ലെങ്കില്‍ എല്ലാ പ്രതിഷേധങ്ങള്‍ക്കും സമസ്ത മുന്നിലുണ്ടാവുമെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ ഉറപ്പ് നല്‍കി. കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സമസ്ത വഖ്ഫ് മുതവല്ലി സംഗമത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.



Next Story

Popular Stories