Top

'സഭ അടിച്ച് പൊളിച്ച് രാജി വെപ്പിക്കാന്‍ പറ്റില്ല'; പിന്നെ ശിവന്‍കുട്ടിയുമായി എന്ത് വ്യത്യാസമെന്ന് വിഡി സതീശന്‍

'അങ്ങനെ ഏതെങ്കിലും മന്ത്രി രാജി വെക്കുമോ. മന്ത്രി രാജിവെക്കണമെന്ന് പറയാം. അതിന്റെ കാരണങ്ങള്‍ പറയാം. ജനങ്ങളെ ബോധ്യപ്പെടുത്താം'

7 Aug 2021 9:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സഭ അടിച്ച് പൊളിച്ച് രാജി വെപ്പിക്കാന്‍ പറ്റില്ല; പിന്നെ ശിവന്‍കുട്ടിയുമായി എന്ത് വ്യത്യാസമെന്ന് വിഡി സതീശന്‍
X

സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളില്‍ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുന്നുണ്ടെന്നും സര്‍ക്കാരിനോട് പ്രതിപക്ഷത്തിന് മൃദുസമീപനമല്ലെന്നും വിഡി സതീശന്‍. പ്രതിപക്ഷത്തിന് സംസ്ഥാന സര്‍ക്കാരിനോട് മൃദുസമീപനാണെന്ന് ചൂണ്ടിക്കാട്ടി ഗ്രൂപ്പ് മാനേജര്‍മാര്‍ ഹൈക്കമാന്‍ഡിന് നല്‍കിയ പരാതികള്‍ തള്ളിക്കൊണ്ടാണ് വിഡി സതീശന്റെ പ്രതികരണം.

പരാതികളുണ്ടെന്ന് പറയുന്നതിനെക്കുറിച്ച് അറിയില്ല. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം നല്ല നിലയ്ക്കാണ് പോവുന്നത്. ഇങ്ങനെ തുടര്‍ന്നാല്‍ മതിയെന്നും പൂര്‍ണ പിന്തുണയുണ്ടെന്നുമാണ് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

മരംമുറിക്കേസ്, കൊവിഡിന്റെ മരണ നിരക്കുമായി ബന്ധപ്പെട്ട വിവാദം, കുഴല്‍പ്പണക്കേസ്, കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസ്, ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള ഒത്തുതീര്‍പ്പ് ഇക്കാര്യങ്ങളിലൊക്കെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചത്. അപ്രായോഗിക കൊവിഡ് നിയന്ത്രണങ്ങള്‍, ശിവന്‍കുട്ടിയുമായി ബന്ധപ്പെട്ട വിഷയം എന്നിവയും സഭയില്‍ കൊണ്ടു വന്നെന്നും വിഡി സതീശന്‍ പറഞ്ഞു.

'ശിവന്‍കുട്ടിയുടെ രാജിക്കായി നിയമസഭ സ്തംഭിപ്പിച്ചാല്‍ ശിവന്‍കുട്ടി ചെയ്ത തെറ്റും ഞങ്ങളും തമ്മിലെന്താണ് വ്യത്യാസം. അങ്ങനെ ഏതെങ്കിലും മന്ത്രി രാജി വെക്കുമോ. മന്ത്രി രാജിവെക്കണമെന്ന് പറയാം. അതിന്റെ കാരണങ്ങള്‍ പറയാം. ജനങ്ങളെ ബോധ്യപ്പെടുത്താം. അല്ലാതെ നിയമസഭ അടിച്ചു പൊളിച്ചിട്ടാണോ രാജിവെപ്പിക്കുന്നത്. അതൊന്നും പറ്റില്ല,' വിഡി സതീശന്‍ പറഞ്ഞു.

Next Story

Popular Stories