Top

ഇനി ഹെെക്കമാന്‍റ് തീരുമാനിക്കട്ടെയെന്ന് വിഡി സതീശന്‍; ഡിസിസി അധ്യക്ഷപട്ടികയില്‍ പുകഞ്ഞ് കോണ്‍ഗ്രസ്

ഇനി തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റ് ആണെന്നും വിഡി സതീശന്‍

16 Aug 2021 5:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇനി ഹെെക്കമാന്‍റ് തീരുമാനിക്കട്ടെയെന്ന് വിഡി സതീശന്‍; ഡിസിസി അധ്യക്ഷപട്ടികയില്‍ പുകഞ്ഞ് കോണ്‍ഗ്രസ്
X

ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തില്‍ ആര്‍ക്കും അതൃപ്തിയുള്ളതായി അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നും രാഹുല്‍ ഗാന്ധിയുമായി പുനഃസംഘടനയടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും വിഡി സതീശന്‍ വ്യക്തമാക്കി. ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തില്‍ ഇനി തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റ് ആണെന്നും വിഡി സതീശന്‍ പറഞ്ഞു.


'കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇല്ലാത്ത തരത്തിലുള്ള കൂടിയാലോചനകള്‍ നടന്നിട്ടുണ്ട്. ജനപ്രതിനിധികളുമായും മുതിര്‍ന്ന നേതാക്കളുമായും കൂടിയാലോചിച്ചു. ആഗസ്റ്റ് 15 ന് മുമ്പ് പട്ടിക കൊടുക്കണമെന്നത് നേരത്തെ തീരുമാനം എടുത്തിരുന്നു. ആര്‍ക്കെങ്കിലും എതിര്‍പ്പ് ഉണ്ടെങ്കില്‍ അത് ഗൗരവത്തോടെ പരിഗണിക്കും.' എന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം.

അതേസമയം ഡിസിസി അധ്യക്ഷപട്ടികയില്‍ പരസ്യമായി അതൃപ്തി അറിയിച്ച മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, വിഎം സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പിണക്കുന്നത് തിരിച്ചടിയാകുമെന്നാണ് ഹൈക്കമാന്റ് വിലയിരുത്തല്‍. ഇതോടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സോണിയാ ഗാന്ധി നേരിട്ട് ഇടപെടുമെന്നാണ് സൂചന. ഡിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വവുമായി സഹകരിക്കേണ്ടെന്ന ഗ്രൂപ്പുകളുടെ പ്രഖ്യാപനമാണ് ഹൈക്കമാന്റിനെ ആശങ്കപ്പെടുത്തുന്നത്.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാപട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയതിന് പിന്നാലെ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പ്രതിഷേധം അറിയിച്ചിരുന്നു. വിഎം സുധീരന്‍, കെ മുരളീധരന്‍ എന്നിവരുടെ പ്രതികരണങ്ങളും ഹൈക്കമാന്റ് ഗൗരവത്തോടെയാണ് കാണുന്നത്. അതേസമയം കൂടിയാലോചനകള്‍ ഇല്ലാതെ സുധാകരന്‍ ഏകപക്ഷീയമായി സമര്‍പ്പിച്ച പട്ടിക പ്രഖ്യാപിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പും മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിന് നല്‍കിയിട്ടുണ്ട്.

വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെയാണ് പട്ടിക തയ്യാറാക്കിയത്. ഗ്രൂപ്പുകള്‍ വേണ്ടെന്ന ആഹ്വാനം ചെയ്തു പുതിയ ഗ്രൂപ്പ് ഉണ്ടാക്കുകയാണ് പ്രതിപക്ഷ നേതാവ് കെപിസിസി അധ്യക്ഷനും എന്ന ആരോപണങ്ങളും മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളും പ്രവര്‍ത്തകരും ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിനായാണ് കാത്തിരിക്കുന്നത്. അതിനിടയില്‍ എ, ഐ ഗ്രൂപ്പുകളുടെ അണിയറ നീക്കങ്ങളും സജീവമാണ്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് സംസ്ഥാനത്ത് എത്തുന്ന രാഹുല്‍ഗാന്ധിയുമായി വിഡി സതീശനും കെ സുധാകരനും ആശയവിനിമയം നടത്തിയേക്കും. നിലവിലെ സ്ഥിതിഗതികള്‍ രാഹുലിനെ ധരിപ്പിച്ച് പ്രശ്‌നപരിഹാരത്തിന് ഇടപെടണമെന്ന് അഭ്യര്‍ഥിക്കാനും സാധ്യതയുണ്ട്. തര്‍ക്കങ്ങള്‍ തീര്‍ത്തു എത്രയും പെട്ടെന്ന് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിക്കണമെന്ന നിലപാടാണ് കെപിസിസി നേതൃത്വത്തിന്.


Next Story

Popular Stories