Top

'രാജി ഒന്നിനും പരിഹാരമല്ല, തിരിച്ചുവരണം'; പ്രശ്നപരിഹാരം വേണമെന്ന് സുരേന്ദ്രന്‍പിള്ള

സസ്പെന്‍ഷനിലായതിനാല്‍ താന്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും രാജി വയ്ക്കില്ലെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു.

17 Dec 2021 11:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജി ഒന്നിനും പരിഹാരമല്ല, തിരിച്ചുവരണം; പ്രശ്നപരിഹാരം വേണമെന്ന് സുരേന്ദ്രന്‍പിള്ള
X

എല്‍ജെഡിയില്‍ നിന്ന് രാജിവെച്ച നേതാക്കള്‍ തിരിച്ചുവരണമെന്ന് എല്‍ജെഡി സംസ്ഥാന നേതാവ് വി സുരേന്ദ്രന്‍ പിള്ള. രാജി ഒന്നിനും പരിഹാരമല്ലെന്നും രാജി വയ്ക്കാൻ കാരണമായ പ്രശ്നം പരിഹരിക്കപ്പെട്ടാൽ തിരിച്ചു വരാവുന്നതാണെന്നുമായിരുന്നു പ്രതികരണം. അതേസമയം, സസ്പെന്‍ഷനിലായതിനാല്‍ താന്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും രാജി വയ്ക്കില്ലെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു.

തന്റെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ചാണ് ഷെയ്ക് പി ഹാരിസിന്റെ രാജിയെന്നും അദ്ദേഹം വ്യക്തമാക്കി. ഒട്ടേറെ ആവശ്യങ്ങൾ നേതൃത്വത്തിന് മുന്നിൽ വച്ചിരുന്നു. അച്ചടക്ക നടപടികൾ പിൻവലിക്കണമെന്നെന്നായിരുന്നു അതില്‍ പ്രധാന ആവശ്യം. ഇക്കാര്യങ്ങളില്‍ പരിഹാരമുണ്ടായാല്‍ രാജിയില്‍ നിന്ന് പിന്മാറാവുന്നതേ ഉള്ളൂ എന്നും വി സുരേന്ദ്രന്‍ പിള്ള പറഞ്ഞു.

പ്രതിസന്ധി പരിഹരിക്കാൻ പാർട്ടിയില്‍ ശ്രമം തുടരുകയാണ്. രാജിവെക്കാനാണെങ്കില്‍ ഒരുപാട് പേരുണ്ട്. ഈ സാഹചര്യത്തില്‍ എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ ശ്രേയാംസ്കുമാർ രാജ്യസഭാ സമ്മേളനം കഴിഞ്ഞ് എത്തിയാൽ ചർച്ചകളിലെ തീരുമാനങ്ങൾ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, തനിക്ക് പാർട്ടിയിൽ തുടരാൻ ആരുടേയും സമ്മതം ആവശ്യമില്ലെന്നും വി സുരേന്ദ്രന്‍ പിള്ള പറഞ്ഞു.

എംവി ശ്രേയാംസ് കുമാറിന്റെ നയങ്ങളോട് ചേര്‍ന്നു പോകാന്‍ പ്രയാസമുണ്ടെന്നും അതുകൊണ്ട് പാര്‍ട്ടിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കാണിച്ചായിരുന്നു ഷെയ്ക്ക് പി ഹാരിസിന്റെ രാജി.

രാജിക്കത്ത് ഇങ്ങനെ: ''കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഓണ്‍ലൈനില്‍ കൂടിയ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ പാര്‍ട്ടിയുടെ സംഘടന രാഷ്ട്രീയപരമായ ചില വിഷയങ്ങളെ സംബന്ധിച്ച് ഞാന്‍ ഉള്‍പ്പെടുന്ന മുതിര്‍ന്ന ചില സഖാക്കള്‍ ഉന്നയിച്ചിരുന്നല്ലോ. അതില്‍ പ്രധാനമായും എല്‍.ജെ.ഡിയുടെ സംസ്ഥാന നേതൃത്വത്തില്‍ പൂര്‍ണ്ണമായ നേതൃത്വമാറ്റം ആവശ്യപ്പെടുന്നതായിരുന്നു. അതിനെ സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയുടെ മുന്‍പാകെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും അത് ചര്‍ച്ച ചെയ്യുവാനോ പരിഹരിക്കുന്നതിനോ സാധിച്ചില്ല. അതിനുശേഷം താങ്കള്‍ പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളില്‍ നല്‍കിയിരുന്ന ചുമതലകളില്‍ ചില മാറ്റങ്ങള്‍ ഏകപക്ഷീയമായി വരുത്തുകയും തന്നിഷ്ടക്കാരെ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലും ഭാരവാഹികളായും നോമിനേറ്റ് ചെയ്യുകയും ചെയ്തു.''

''പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിട്ട് തന്നെ മാസങ്ങളായി. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ദൈനംദിന പ്രശ്‌നങ്ങളില്‍ ഇടപെടാനോ സമൂഹം നേരിടുന്ന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനോ പ്രതികരിക്കുവാനോ കഴിയാത്ത അവസ്ഥയില്‍ പാര്‍ട്ടി ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എല്‍.ജെ.ഡി എന്ന താങ്കള്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആയതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജി വയ്ക്കുന്നു.''

Next Story

Popular Stories