Top

'അഴിമതിയോട് സന്ധിയില്ലെന്ന് ആവര്‍ത്തിക്കുന്ന പിണറായി തന്നെ കുഞ്ഞാലിക്കുട്ടിയുടെ സംരക്ഷകനായി': വി മുരളീധരന്‍

9 Sep 2021 2:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഴിമതിയോട് സന്ധിയില്ലെന്ന് ആവര്‍ത്തിക്കുന്ന പിണറായി തന്നെ കുഞ്ഞാലിക്കുട്ടിയുടെ സംരക്ഷകനായി: വി മുരളീധരന്‍
X

എആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് കള്ളപ്പണം ആരോപണങ്ങള്‍ പരിശോധിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് വേണ്ടെന്ന സര്‍ക്കാര്‍ നിലപാടില്‍ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍. കെടി ജലീല്‍ ഉന്നയിച്ച ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും, സഹകരണ മന്ത്രിയും, സിപിഐഎമ്മും രംഗത്ത് എത്തിയതിന് പിന്നാലെയാണ് വി മുരളീധരന്റെ ആരോപണം. എ.ആര്‍ നഗര്‍ ബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഇടപാടുകള്‍ ഇഡി അന്വേഷിക്കേണ്ടതില്ലെന്ന് ലീഗിനെക്കാള്‍ മുന്നേ പറയുന്നത് സിപിഐഎമ്മാണ്. ''അഴിമതിയോട് സന്ധിയില്ലെന്ന്' ആവര്‍ത്തിക്കുന്ന പിണറായി വിജയന്‍ തന്നെ കുഞ്ഞാലിക്കുട്ടിയുടെ സംരക്ഷകനായി അവതരിച്ചിരിക്കുകയാണ് എന്നും കേന്ദ്ര മന്ത്രി പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതികരണം-

പോസ്റ്റ് പൂര്‍ണരൂപം-

''സഹകരണവകുപ്പ് അമിത് ഷായ്ക്ക് നല്‍കിയത് അപകടം,സംഘപരിവാര്‍ ഗൂഢാലോചന.."

''കേന്ദ്ര ഏജന്‍സികള്‍ അന്വേഷണമേറ്റെടുക്കുന്നത് നരേന്ദ്രമോദിയുടെ വേട്ടയാടല്‍…"

കേരളത്തിന്‍റെ രാഷ്ട്രീയ പരിസരത്ത് നിറഞ്ഞു നില്‍ക്കുന്ന ഈ ആഖ്യാനം ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ പ്രയോഗിക്കുന്നതാണ്…

എന്താണ് ഈ കൂട്ട അസ്വസ്ഥതയുടെ കാരണം..?

കള്ളപ്പണ-ബെനാമി ഇടപാടുകളിലെ അവിശുദ്ധ കൂട്ടുകെട്ടുകള്‍ പുറത്തുവരുമെന്നതു തന്നെ...

പതിറ്റാണ്ടുകളായി ഈ കൂട്ടുകെട്ട് കേരളജനതയെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു…

എ.ആര്‍ നഗര്‍ ബാങ്കിലെ കു‍ഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഇടപാടുകള്‍ ഇഡി അന്വേഷിക്കേണ്ടതില്ലെന്ന് ലീഗിനെക്കാള്‍ മുന്നേ പറയുന്നത് സിപിഎമ്മാണ്…

''അഴിമതിയോട് സന്ധിയില്ലെന്ന്" ആവര്‍ത്തിക്കുന്ന പിണറായി വിജയന്‍ തന്നെ കുഞ്ഞാലിക്കുട്ടിയുടെ സംരക്ഷകനായി അവതരിച്ചിരിക്കുന്നു…!

സഹകരണമേഖലയിലെ ഈ 'അസാധാരണ സഹകരണത്തിന് ' കാരണമുണ്ട്..

എ.ആര്‍ നഗറില്‍ കയറുന്ന ഇ.ഡി അതുവഴി കരുവന്നൂരിലും കഞ്ഞിക്കുഴിയിലും കണ്ണാടിയിലും ആര്യനാട്ടും എത്തുമെന്ന് സിപിഎമ്മിനറിയാം…

പാവപ്പെട്ട തൊഴിലാളികളുടെ പേരില്‍ സഹകരണബാങ്കുകളില്‍ നേതാക്കളും പാര്‍ട്ടിയും നടത്തുന്ന കള്ളപ്പണ ഇടപാടുകള്‍ പുറത്തുവന്നാല്‍ വോട്ടു ചെയ്തവര്‍ തന്നെ ആട്ടിപ്പുറത്താക്കുമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നന്നായി അറിയാം….

ഇന്നലെ വരെ മാനസപുത്രനായിരുന്ന കെ.ടി ജലീലിനെപ്പോലും തള്ളിപ്പറയാന്‍ പിണറായി വിജയനെ പ്രേരിപ്പിക്കുന്നത് അതാണ്…

കള്ളപ്പണം എവിടെയെന്ന് നരേന്ദ്രമോദിയോട് ആവര്‍ത്തിച്ച് ചോദിക്കുന്ന സീതാറാം യച്ചൂരി ആ ചോദ്യം ഇനി കേരളത്തിലെ സഖാക്കളോട് ചോദിക്കേണ്ടതാണ്…

വര്‍ഗീയ പാര്‍ട്ടിയെന്ന് അവര്‍ തന്നെ പറയുന്ന മുസ്ലീം ലീഗുമായി ചേര്‍ന്ന് നടത്തുന്ന കള്ളപ്പണ ഇടപാടുകളുടെ കഥകള്‍ ജനറല്‍ സെക്രട്ടറിക്ക് ആവേശം പകരുന്നതാവും..

പിന്നെ, പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും ഒന്നിച്ചു നിന്ന് പൊരുതിയാലും കള്ളപ്പണക്കാരെ പുകച്ചുചാടിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് നടപ്പാക്കുക തന്നെ ചെയ്യും…

എആര്‍ നഗര്‍ സഹകരണ ബാങ്ക് ഇടപാടുകള്‍ ഇഡി അന്വേഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും നേരത്തെ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മുസ്ലീം ലീഗും സിപിഐഎമ്മും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ബന്ധമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ഈ ബന്ധമാണ് മുന്‍ മന്ത്രി കെടി ജലീലിനെ തള്ളിപറയാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു. എആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന കെടി ജലീലിന്റെ പ്രസ്താവനയെ പിന്തുണച്ച കെ സുരേന്ദ്രന്‍ കോണ്‍ഗ്രസുകാര്‍ കഥയറിയാതെ ആട്ടം കാണുകയാമെന്നും ആത്മാഭിമാനുള്ള കോണ്‍ഗ്രസുകാര്‍ യുഡിഎഫ് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സഹകരണ ബാങ്ക് വിവാദത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി. അന്വേഷണം ആവശ്യപ്പെട്ട് ധനമന്ത്രാലത്തിനും സഹകരണ മന്ത്രാലത്തിനും പരാതി നല്‍കുമെന്ന് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടിയും വ്യക്തമാക്കിയിരുന്നു. എആര്‍ നഗര്‍ സഹബാങ്കിലേയും കരുവന്നൂര്‍ ബാങ്കിലേയും ഉള്‍പ്പെടെ സഹകരണ ബാങ്ക് മേഖലയിലെ ക്രമക്കേടുകളില്‍ ആളുകള്‍ ആശങ്കയിലാണെന്നും കേരളത്തിലെ സഹകരണ ബാങ്കുകളെ രക്ഷിക്കാനാണ് താന്‍ കേന്ദ്രത്തിന് പരാതി നല്‍കുന്നതെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. 'കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ വേണ്ടിയാണ് പിണറായി വിജയന്‍ ഇഡി അന്വേഷണം വേണ്ടായെന്ന് പറയുന്നത്. കുറച്ച് കള്ളന്മാരെയുള്ളു. അവരെ കൈകാര്യം ചെയ്താല്‍ സഹകരണമേഖലയെ വീണ്ടെടുക്കാന്‍ പറ്റും. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുഞ്ഞാലിക്കുട്ടി സഹായിച്ചുകാണും. അതുകൊണ്ടാണ് കൂടെ കിടന്ന കെടി ജലീലിനെ തള്ളി പറഞ്ഞത്. പ്രത്യൂപകാരം ചെയ്യാനാവും. പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ ഒരു മുഹബ്ബത്ത് ആണ്.' എപി അബ്ദുള്ള കുട്ടി വ്യക്തമാക്കി.Next Story

Popular Stories