Top

'സഭയില്‍ പിണറായിയും കെകെ രമയും മുഖാമുഖം'; ടി പി വധക്കേസില്‍ ചോദിച്ചതെന്ത് പറഞ്ഞതെന്ത്

11 Oct 2021 6:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സഭയില്‍ പിണറായിയും കെകെ രമയും മുഖാമുഖം; ടി പി വധക്കേസില്‍ ചോദിച്ചതെന്ത് പറഞ്ഞതെന്ത്
X

'പശുവിനെ കുറിച്ച് ചോദിച്ചാല്‍, അതിനെ ഒരു തെങ്ങില്‍ കെട്ടും. പിന്നെ തെങ്ങിനെ കുറിച്ച് വിശദീകരിക്കും'. മുഖ്യമന്ത്രി പിണറായി പിണറായി വിജയന്‍ ഒരു വിഷയത്തെ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ പ്രധാന വിമര്‍ശനമാണിത്.

ഇതിന് സമാനമായിരുന്നു ഇന്ന് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വടകര എംഎല്‍എ കെ കെ രമ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മുഖ്യമന്തിയുടെ നിയമസഭയിലുള്ള മറുപടി. ടിപി വധക്കേസിന്റെ പേരില്‍ കെ കെ രമയും മുഖ്യമന്ത്രി പിണറായി വിജയനും സഭയില്‍ നേര്‍ക്കുനേര്‍ വന്ന അവസരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ എവിടെയും തൊടാതെയുള്ള മറുപടി. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പൊലീസിന്റെ ഭാഗത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ?, എന്നായിരുന്നു കെകെ രമ എംഎല്‍എയുടെ പ്രധാന ചോദ്യം. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഒഴിവാക്കാന്‍ നടപടിയുണ്ടാകുമോയെന്നും രമ ചോദിച്ചു. സംഘടിത കുറ്റകൃത്യം തടയാനെന്ന പേരില്‍ കൊണ്ടുവരുന്ന പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷം വിഷയം ഉന്നയിച്ചത്.

എന്നാല്‍, ടിപി കേസ് അന്വേഷിച്ചത് ആരാണെന്ന് അംഗത്തിന് അറിയാമല്ലോയെന്നായിരുന്നു പിണറായിയുടെ മറുപടി. അന്വേഷണം അന്ന് നല്ലരീതിയിലാണ് നടന്നതെന്ന് പറഞ്ഞ മുഖ്യമ്രന്തി ആ അന്വേഷണത്തില്‍ വീഴ്ചയുണ്ട് എന്നാണോ കെകെ രമ ഉദ്ദേശിച്ചതെന്ന മറുചോദ്യവും ഉന്നയിച്ചു. അന്നത്തെ സര്‍ക്കാര്‍ അവര്‍ക്ക് ആകാവുന്ന തരത്തില്‍ കേസ് അന്വേഷിച്ചിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, പ്രതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് മുഖ്യമന്ത്രി മികച്ച മെയ് വഴക്കത്തോടെ ഒഴിഞ്ഞുമാറുകയായിരുന്നു.

അതേസമയം, ടി.പി കേസ് അന്വേഷണം ശരിയായ രീതിയില്‍ ആയിരുന്നുവെന്ന് മുഖ്യമന്ത്രി സമ്മതിച്ചതില്‍ സന്തോഷമുണ്ടെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തിരുവഞ്ചൂരിനെ തന്നെയാണ് താന്‍ ഉദ്ദേശിച്ചതെന്നും കൊള്ളേണ്ടിടത്ത് തന്നെ അത് കൊണ്ടുവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി നല്‍കിയത്.

ടിപി വധക്കേസ് പ്രതികളുടെ ജയില്‍ വാസത്തെകുറിച്ച് കഴിഞ്ഞ കാലങ്ങളില്‍ പുറത്ത് വന്ന വാര്‍ത്തകള്‍ മാത്രം മതി എന്താണ് കെകെ രമ എംഎല്‍എ ഉദ്ദേശിച്ചത് എന്ന് വ്യക്തമാവാണ്. കേരളം ചര്‍ച്ച ചെയ്ത ടി പി വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ സുഖവാസമാണെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട 12 പേരില്‍ പതിനൊന്ന് പ്രതികള്‍ക്കായി ഇതുവരെ ലഭിച്ചത് 4614 ദിവസത്തെ പരോളാണ്. പ്രതികള്‍ക്ക് തടസമില്ലാതെ പരോള്‍ ലഭിക്കാന്‍ സഹായകമായത് പൊലീസ് റിപ്പോര്‍ട്ടുകളാണെന്നതും വ്യക്തം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കെ ആര്‍എംപി നേതാവ് ഉന്നയിച്ച സുപ്രധാനമായ ടിപി വധക്കേസ് അതിന്റെ അന്വേഷണ കാലഘട്ടത്തേക്ക് മാത്രം ചുരുക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അന്ന് നല്ല രീതിയില്‍ അന്വേഷിച്ചു എന്ന് പറഞ്ഞ് അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പിന്തുണ കൂടി നേടി വിഷയത്തില്‍ നിന്നും വഴുതി മാറുകയും ചെയ്തു. സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെ ആരോപണ വിധേയരായ ഒരു കേസില്‍ സംഭവം നടക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ടിപി കേസ് പ്രതികള്‍ക്ക് ഡിജിപി വരെയുള്ള ഉന്നതരുമായി ബന്ധമെന്ന് ചൂണ്ടിക്കാട്ടി രമ ആഞ്ഞടിച്ചത്.

പിണറായി വിജയന്‍ എന്ന രാഷ്ട്രീയക്കാരനും കെകെ രമ എന്ന ആര്‍എംപി നേതാവും ആദ്യമായി ടി പി വധക്കേസില്‍ ഏറ്റുമുട്ടുമ്പോള്‍ തനി രാഷ്ട്രീയക്കാരനായി മാറുകയായിരുന്നു മുഖ്യമന്ത്രി എന്നതാണ് ഇന്നത്തൈ സംഭവം കൊണ്ട് വ്യക്തമായത്. വീണ്ടും ഭരണം നേടി പിണറായി വിജയന്‍ അധികാരത്തിലെത്തുമ്പോള്‍ ടിപി ചന്ദ്ര ശേഖരന്‍ എന്ന 'സഖാവിന്റെ' ഭാര്യ കെ കെ രമയെ നിയമ സഭയില്‍ ഇറക്കി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യ ചുവട് കൂടിയാണ് ഇന്ന് നിയമ സഭയില്‍ കണ്ടതെന്നും വിലയിരുത്താം.

Next Story

Popular Stories