Top

തര്‍ക്കങ്ങള്‍ ഒതുക്കി യുഡിഎഫ്; തൃക്കാക്കരയില്‍ ഇന്ന് അവിശ്വാസം

23 Sep 2021 1:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തര്‍ക്കങ്ങള്‍ ഒതുക്കി യുഡിഎഫ്; തൃക്കാക്കരയില്‍ ഇന്ന് അവിശ്വാസം
X

ഓണസമ്മാനത്തിനൊപ്പം പണം നല്‍കിയെന്ന വിവാദത്തിന് പിന്നാലെ ത്യക്കാക്കര നഗരസഭ ചെയര്‍ പേഴ്‌സണ്‍ അജിത തങ്കപ്പെനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്ന് ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കെ തര്‍ക്കങ്ങള്‍ പരിഹരിച്ചതിന്റെ ആശ്വാസത്തില്‍ യുഡിഎഫ്. വിമത ഭീഷണി ഉയര്‍ത്തിയ മൂന്ന് മുസ്ലീം ലീഗ് അംഗങ്ങളെ ഉള്‍പ്പെടെ അനുനയിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വത്തിനായെന്നാണ് റിപ്പോര്‍ട്ടുകള്‍. മുസ്ലിം ലീഗിന്റെ 3 കൗണ്‍സിലര്‍മാരും അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുമ്പോള്‍ വിട്ടു നില്‍ക്കും. ഡിസിസി പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരമായത്.

മുന്നണിയിലെ തര്‍ക്കങ്ങള്‍ തൃക്കാക്കരയില്‍ ഭരണം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന നിലയിലെത്തിയതോടെ പ്രശ്‌ന പരിഹാരത്തിന് കോണ്‍ഗ്രസ് എറണാകുളം ജില്ലാ നേതൃത്വം തന്നെ രംഗത്ത് എത്തുകയായിരുന്നു. ത്യക്കാക്കര നഗരസഭ ചെയര്‍ പേഴ്‌സണ്‍ അജിത തങ്കപ്പെനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാനിരിക്കെ സമ്മര്‍ദ നീക്കം എന്ന നിലയിലായിരുന്നു മുസ്ലീം ലീഗിലെ ഒരു വിഭാഗം രംഗത്തെത്തിയത്. അഞ്ച് അംഗങ്ങളാണ് തൃക്കാക്കരയില്‍ മുസ്ലീംലീഗിനുള്ളത്. ഇതില്‍ മൂന്ന് പേരാണ് വിമത സ്വരം ഉയര്‍ത്തി രംഗത്ത് എത്തിയത്. ലീഗ് വിളിച്ച് ചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്നും ഈ മൂന്ന് പേര്‍ വിട്ടു നിന്നിരുന്നു. നഗരസഭയില്‍ സ്റ്റാന്റിങ് കമ്മിറ്റി സ്ഥാനം വേണമെന്നാണ് ലീഗ് അംഗങ്ങളുടെ ആവശ്യം. മുനിസിപ്പാലിറ്റിയില്‍ മുന്നണി സംവിധാനം പ്രതിസന്ധി നേരിടുമ്പോള്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താനാണ് ലീഗിലെ വിമത നീക്കം എന്നാണ് വിലയിരുത്തല്‍

അതേസമയം, നാളെ നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ട് നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തങ്ങളുടെ കൗണ്‍സിലര്‍മാര്‍ക്ക് വിപ്പ് നല്‍കി. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് വിപ്പ് കൈമാറിയത്. എന്നാല്‍ ഈ വിപ്പ് കൈപ്പറ്റാനും മൂന്ന് ലീഗ് അംഗങ്ങള്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇരുപത്തിമൂന്നാം തിയതി പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം ചര്‍ച്ചെയ്ക്ക് എടുക്കുന്നതിന് ആവശ്യമായ ക്വാറം തികയാതിരിക്കാനാണ് യുഡിഎഫ് വിട്ടുനില്‍ക്കാന്‍ വിപ്പ് നല്‍കിയത്.

പ്രമേയം പാസാകുന്നതിന് 22 അംഗങ്ങളുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസാക്കാന്‍ ആവശ്യമുള്ളത്. 18 പേരാണ് പ്രമേയത്തെ പിന്താങ്ങുന്നത്. ഇതില്‍ 17 പേര്‍ എല്‍ഡിഎഫ് അംഗങ്ങളും. ഒരാള്‍ യുഡിഎഫ് സ്വതന്ത്രനുമാണ്. 43 അംഗങ്ങളുള്ള നഗരസഭയില്‍ 21 പേരുടെ പിന്തുണയാണ് യുഡിഎഫിനുള്ളത്. ഇതില്‍ 4 പേര്‍ കോണ്‍ഗ്രസ് വിമതന്‍മാരായി വിജയിച്ച് വന്നവരാണ്. ഇവര്‍ക്ക് വിപ്പ് ബാധകമായിരിക്കില്ല. 18 അംഗങ്ങളുടെ പിന്തുണയുള്ള എല്‍ഡിഎഫിന് ഈ 4 പേരെ കൂടി ഒപ്പം നിര്‍ത്താനായാല്‍ അവിശ്വാസ പ്രമേയം പാസാക്കിയെടുക്കാനാകും. ഇതിനിടെ ആയിരുന്നു ലീഗിലെ വിമത നീക്കം യുഡിഎഫിന് കൂടുതല്‍ തലവേദന സൃഷ്ടിച്ചത്. ഇതുള്‍പ്പെടെ പരിഹരിക്കാനാതിന്റെ ആശ്വാസമാണ് ഇപ്പോള്‍ യുഡിഎഫ് പക്ഷത്തുള്ളത്.

Next Story

Popular Stories