Top

മാര്‍ഗരേഖ തയ്യാറാക്കിയത് കൂടിയാലോചിക്കാതെ; അവഗണന; പ്രശ്‌നമൊഴിയാതെ കോണ്‍ഗ്രസ്

കെപിസിസി എക്‌സിക്യൂട്ടീവ് പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രീയകാര്യ സമിതിയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം നേതൃത്വം അവഗണിച്ചതായും വിമര്‍ശനമുണ്ട്

10 Sep 2021 6:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാര്‍ഗരേഖ തയ്യാറാക്കിയത് കൂടിയാലോചിക്കാതെ; അവഗണന; പ്രശ്‌നമൊഴിയാതെ കോണ്‍ഗ്രസ്
X

കോണ്‍ഗ്രസ് മാര്‍ഗരേഖയും പെരുമാറ്റച്ചട്ടവും തയ്യാറാക്കിയത് കൂടിയാലോചനകള്‍ ഇല്ലാതെയെന്ന് വിമര്‍ശനം. പുനഃസംഘടന പൂര്‍ത്തിയാക്കാതെ നയപരമായ കാര്യങ്ങള്‍ തീരുമാനിച്ചത് തെറ്റാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കെപിസിസി എക്‌സിക്യൂട്ടീവ് പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രീയകാര്യ സമിതിയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം നേതൃത്വം അവഗണിച്ചതായും വിമര്‍ശനമുണ്ട്.

സംസ്ഥാന കോണ്‍ഗ്രസില്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കേണ്ടത് കെപിസിസി എക്‌സിക്യൂട്ടീവാണ്. പക്ഷേ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ ഇല്ലാത്ത സാഹചര്യത്തില്‍ രാഷ്ട്രീയകാര്യ സമിതിയില്‍ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ഈ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി അവഗണിച്ചാണ് മാര്‍ഗരേഖയും പെരുമാറ്റച്ചട്ടവും കെപിസിസി പ്രഖ്യാപിച്ചതെന്നാണ് നേതാക്കളുടെ പരാതി. രാഷ്ട്രീയകാര്യ സമിതിയെ പുതിയ കെപിസിസി നേതൃത്വം നോക്കുകുത്തിയാക്കി മാറ്റിയെന്നും വിമര്‍ശനമുണ്ട്.

കെ സുധാകരന്‍ അധ്യക്ഷപദവി ഏറ്റെടുത്തതിന് ശേഷം രാഷ്ട്രീയകാര്യസമിതി ഒരു വട്ടം മാത്രമാണ് യോഗം ചേര്‍ന്നത്. പുതുതായി ചുമതല ഏറ്റെടുത്ത ഡിസിസി അധ്യക്ഷന്മാരുടെ ശില്‍പ്പശാലയിലാണ് കെപിസിസി പ്രവര്‍ത്തന മാര്‍ഗരേഖയും പെരുമാറ്റച്ചട്ടവും പ്രഖ്യാപിച്ചത്. കെപിസിസി എക്‌സിക്യൂട്ടീവില്‍ അനൗദ്യോഗിക അംഗങ്ങള്‍ മാത്രമായ ഡിസിസി അധ്യക്ഷന്മാര്‍ക്ക് ഇത്തരം നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് അധികാരമില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നുണ്ട്. ചര്‍ച്ചകളും വിമര്‍ശനങ്ങളുമാണ് കോണ്‍ഗ്രസിന്റെ മുഖമുദ്ര. സുപ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വിശദമായ ചര്‍ച്ചകള്‍ നടന്നില്ലെങ്കില്‍ കോണ്‍ഗ്രസ് ഏകാധിപത്യ പാര്‍ട്ടിയായി മാറുകയാണെന്ന് സമൂഹം വിലയിരുത്തുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. തല്‍ക്കാലം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്നാണ് ഗ്രൂപ്പ് മാനേജര്‍മാരുടേയും മുതിര്‍ന്ന നേതാക്കളുടേയും നിലപാട്.

Next Story

Popular Stories