Top

'നാളെ രാവിലെ പത്തിന് മുന്‍പ് പരാതി പിന്‍വലിക്കണം'; ഹരിത നേതാക്കള്‍ക്ക് മുസ്ലീം ലീഗിന്റെ അന്ത്യശാസനം

16 Aug 2021 12:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാളെ രാവിലെ പത്തിന് മുന്‍പ് പരാതി പിന്‍വലിക്കണം; ഹരിത നേതാക്കള്‍ക്ക് മുസ്ലീം ലീഗിന്റെ അന്ത്യശാസനം
X

എംഎസ്എഫ് നേതാക്കള്‍ ലൈംഗികമായി അധിക്ഷേപിച്ചുവെന്ന് കാണിച്ച് വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കാന്‍ ഹരിത നേതാക്കള്‍ക്ക് മുസ്ലീം ലീഗിന്റെ അന്ത്യ ശാസനം. പരാതി പിന്‍വലിക്കാതെ ഉന്നയിച്ച വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്താന്‍ കഴിയില്ലെന്നാണ് മുസ്ലീം ലീഗ് നേതൃത്വത്തിന്റെ നിലപാട്. നാളെ രാവിലെ പത്ത് മണിയ്ക്ക് മുമ്പ് പരാതി പിന്‍വലിക്കണമെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്നാണ് എംഎസ് എഫ് നേതാക്കള്‍ക്ക് എതിരെ വനിതാ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ ആക്ഷേപം. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ നേതാക്കള്‍തക്ക് എതിരെ താക്കീതില്‍ കവിഞ്ഞ നടപടിയ്ക്ക് സാധ്യതയില്ലെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ പരാതി പിന്‍വലിക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ആവശ്യം തള്ളുകയാണ് എംഎസ്എഫ് ഹരിത ഭാരവാഹികള്‍.

വനിതാ കമ്മീഷന് നല്‍കിയിരിക്കുന്ന പരാതി പിന്‍വലിച്ചാല്‍ പികെ നവാസിനെ പരസ്യമായി ശാസിക്കാം എന്നായിരുന്നു എന്നായിരുന്നു ലീഗ് നേതാക്കളുടെ വാഗ്ദാനം. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് വനിതാ നേതാക്കളുടെ തീരുമാനം. ഹരിത നേതാക്കളുമായി പാണക്കാട് വെച്ച് ചേര്‍ന്ന ചര്‍ച്ചയില്‍ ഇരു വിഭാഗവും നിലപാട് വ്യക്തമാക്കിയതായാണ് വിവരം. അതേസമയം പരാതി പിന്‍വലിച്ചില്ലെങ്കില്‍ ഹരിത നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

എംഎസ്എഫ് ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയ സംഭവത്തിനെതിരെ ലീഗിന് പുറത്ത് സമുദായ നേതാക്കളും വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. സമസ്ത നേതാവ് സമദ് പൂക്കോട്ടൂരാണ് രംഗത്തുവന്നത്. ആഭ്യന്തര പ്രശ്‌നം തെരുവില്‍ അല്ല പറയേണ്ടതന്ന് സുന്നി യുവജന സംഘം നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. വനിതാ കമ്മീഷനെ സമീപിക്കാന്‍ കുടുംബ കോടതിയിലെ പ്രശ്‌നമാണോ എന്നും ഹരിത ഭാരവാഹികളെ അദ്ദേഹം പരിഹാസിച്ചു. എംഎസ്എഫ് പൂക്കോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച 'വിചാരം' വേദിയിലാണ് വിവാദ പരാമര്‍ശം.

മറുവശത്ത് വനിതാ കമ്മീഷന് ഹരിത നേതാക്കളുടെ പരാതി പൊലീസിന് കൈമാറി കഴിഞ്ഞു. പഴുതടച്ച അന്വേഷണത്തിനുള്ള ശ്രമത്തിലാണ് പൊലീസ്. എം.എസ്.എഫിന്റെ നേതൃത്വത്തിലെ പ്രമുഖര്‍ക്കെതിരായ പരാതിയാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ വിഷയത്തില്‍ കൃത്യമായ തെളിവ് ശേഖരണത്തിന് ശേഷം മാത്രമായിരിക്കും പ്രതികള്‍ക്കെതിരായ നടപടിയുണ്ടാകുക.

ഹരിത ഭാരവാഹികള്‍ വനിതാ കമ്മിഷനെ സമീപിച്ചത് അച്ചടക്ക ലംഘനമാണെന്നും നടപടിയുണ്ടാകുമെന്നും പിഎംഎ സലാം മുന്നറിയിപ്പ് നല്‍കിയിരുന്നു. എം.എസ്.എഫിലും ഹരിതയിലും ഉണ്ടായ ചില അനൈക്യം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലിരിക്കെ ചില ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷനെ സമീപിച്ചതായി വാര്‍ത്തകളില്‍ നിന്ന് അറിയാന്‍ സാധിച്ചു. ഇരു സംഘടനാ ഭാരവാഹികളുമായി ഒന്നിലധികം തവണ കോഴിക്കോട് ലീഗ് ഹൗസില്‍ ഒറ്റക്കും കൂട്ടായും ചര്‍ച്ചകള്‍ നടത്തിയതാണ്. പിഎംഎ സലാം പറഞ്ഞു.

'എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി വിളിച്ച് ചേര്‍ത്ത് ഒരു പകല്‍ മുഴുവനും ഈ വിഷയം ചര്‍ച്ച ചെയ്തതുമാണ്. മുസ്ലീം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ കുട്ടി അഹമ്മദ്കുട്ടി,എം.എസ്.എഫിന്റെ ചുമതലയുളള പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് എന്നിവരുടെ കൂടി സാന്നിധ്യത്തിലായിരുന്നു ചര്‍ച്ചകള്‍ നടന്നത്. ഹരിത ഭാരവാഹികളുമായി എം.എസ്.എഫ് ദേശീയ ഭാരവാഹികള്‍ ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് നല്‍കിയതാണ്. അതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ പാര്‍ട്ടി പരിഗണനയിലിരിക്കെ ഇത്തരം കാര്യങ്ങള്‍ സംഘടനാ പരിധിക്ക് അപ്പുറത്തേക്ക് കൊണ്ട് പോകുന്നതും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സംസ്ഥാന വനിതാകമ്മീഷനെ സമീപിച്ചതും അച്ചടക്കലംഘനമായി കാണാതിരിക്കാനാവില്ല.' പിഎംഎ സലാം വിശദീകരിച്ചു.

Next Story

Popular Stories