Top

ആഞ്ഞടിച്ച് സുനില്‍ ജാഖര്‍; സിദ്ദുവിനെ ഉയര്‍ത്തിക്കാട്ടുന്നതില്‍ നേതാക്കള്‍ക്ക് അതൃപ്തി; ഭിന്നതയൊഴിയാതെ പഞ്ചാബ്

20 Sep 2021 7:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആഞ്ഞടിച്ച് സുനില്‍ ജാഖര്‍; സിദ്ദുവിനെ  ഉയര്‍ത്തിക്കാട്ടുന്നതില്‍ നേതാക്കള്‍ക്ക് അതൃപ്തി; ഭിന്നതയൊഴിയാതെ പഞ്ചാബ്
X

പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനെ മാറ്റി ചരണ്‍ജിത് സിങ് ചന്നിയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 11 നായിരുന്നു സത്യ പ്രതിജ്ഞ. പിസിസി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവുമായുള്ള കടുത്ത ഭിന്നതയ്ക്ക് പിന്നാലെ ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടവന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കോണ്‍ഗ്രസ് ഒരു നേതൃമാറ്റത്തിന് മുതിര്‍ന്നത്. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോും പാര്‍ട്ടിയെ ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോവുക എന്നത് അത്ര എളുപ്പമായിരിക്കില്ല എന്ന സൂചനയാണ് പുറത്ത് വരുന്നത്.

മുറിവേറ്റാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പടിയിറങ്ങിയത്. താന്‍ അപമാനിതനായി എന്ന് തുറന്നടിച്ചാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ക്യാപറ്റന്റെ ഭാവിനീക്കം എന്താകുമെന്നത് പഞ്ചാബിലെ കോണ്‍ഗ്രസിന്റെ ഭാവിയെ പോലും ബാധിക്കുന്നതാണ്. ഇതിനിടെയാണ് പഞ്ചാബ് കോണ്‍ഗ്രസില്‍ സിദ്ദു ശക്തനാവുന്നു എന്ന തരത്തിലുള്ള പുതിയ പ്രതികരണങ്ങള്‍ പുറത്ത് വന്നതും അതിനെ എതിര്‍ത്ത് മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്ത് എത്തുന്നതും. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിന് കീഴില്‍ പോരാടുമെന്ന് വ്യക്തമാക്കുകയാണ് നേതൃത്വം. പഞ്ചാബ് കോണ്‍ഗ്രസിന്റെ ചുമതലയുള്ള ഹരീഷ് റാവത്താണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇനി വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന സംസ്ഥാന അധ്യക്ഷന്‍ തീരുമാനിക്കും. നവജ്യോത് സിംഗ് സിദ്ദു വളരെ ജനപ്രിയനാണ് എന്നും ഹരീഷ് റാവത്ത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഈ നിരീക്ഷണത്തെ പരസ്യമായി തള്ളി രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന നേതാവ് സുനില്‍ ജാഖര്‍. മുന്‍ പിസിസി അധ്യക്ഷനും നേതൃമാറ്റത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുകയും ചെയ്തിരുന്ന അദ്ദേഹം പഞ്ചാബ് കോണ്‍ഗ്രസില്‍ ചുമതലയുള്ള ഹരീഷ് റാവത്തിന്റെ നിലപാട് പാര്‍ട്ടിയെ ദുര്‍ബലമാക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചരണ്‍ജിത് സിങ് ചന്നിയുടെ സത്യപ്രതിജ്ഞാ ദിനത്തില്‍ തന്നെ 'സിദ്ദുവിന് കീഴില്‍ തിരഞ്ഞെടുപ്പ് നടക്കും' എന്ന റാവത്തിന്റെ പ്രസ്താവന അമ്പരപ്പിക്കുന്നതാണ്. ഇത് മുഖ്യമന്ത്രിയുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതാണ്. എന്നായിരുന്നു സുനില്‍ ജാഖറിന്റെ പ്രതികരണം. മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് സമവായമെന്നോണമാണ് ചരണ്‍ജിത് സിങ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയത്. ഹൈക്കമാന്‍ഡ് നിയമനം എന്നാല്‍ സിദ്ദു ക്യാമ്പിന് അസ്വസ്ഥത ഉണ്ടാക്കുന്നതായിരുന്നു തീരുമാനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ദു കടന്നുവരുമെന്നായിന്ന സജീവ ചര്‍ച്ചകള്‍ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ അമരീന്ദര്‍ നിലപാട് കടുപ്പിച്ചതോടെയാണ് ചരണ്‍ജിത് സിംഗ് ചന്നിയുടെ പേര് ഉയര്‍ന്ന് വന്നത്.

അതേസമയം, സത്യ പ്രതിജ്ഞാ ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പങ്കെടുത്തില്ല. അതൃപ്തി പരസ്യമാക്കുകയാണ് അദ്ദേഹം എന്നാണ് വിലയിരുത്തല്‍. ഇതിനിടെ പ്രതിഷേധമെന്നോണം രാജിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പഞ്ചാബ് സ്റ്റേറ്റ് ഫാര്‍മേഴ്‌സ് കമ്മീഷന്‍ അധ്യക്ഷന്‍ അജയ്വിര്‍ ജഖറിന്റെ രാജി ഇതിന്റെ മന്ത്രി സഭാ പുനഃസംഘടനയുടെ അലയൊലിയാണ് എന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം സുനില്‍ ജാഖറിന്റെ അനന്തരവനാണ് അജയ്വിര്‍ ജഖര്‍ എന്നതും അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നത്.

Popular Stories

    Next Story