Top

ഫോട്ടോയുമായി ഫ്ലക്സ് വേണ്ടെന്ന് കോണ്‍ഗ്രസ്, പേരുവച്ച് 'അയ്മനം സിദ്ധാര്‍ത്ഥന്‍മാര്‍'; കെപിസിസിക്ക് മുന്നിലെ സെമി കേഡര്‍ വെല്ലുവിളികള്‍

25 Sep 2021 3:27 AM GMT
ഷെമീർ കൊല്ലം

ഫോട്ടോയുമായി ഫ്ലക്സ് വേണ്ടെന്ന് കോണ്‍ഗ്രസ്, പേരുവച്ച് അയ്മനം സിദ്ധാര്‍ത്ഥന്‍മാര്‍; കെപിസിസിക്ക് മുന്നിലെ സെമി കേഡര്‍ വെല്ലുവിളികള്‍
X

കോണ്‍ഗ്രസിനെ അച്ചടക്കമുള്ള ഒരു സെമി കേഡര്‍ പാര്‍ട്ടിയാക്കുമെന്ന ലക്ഷ്യത്തോടെയാണ് കെ സുധാകരന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. ഇതിന് മുന്നോടിയായി കെ പി സി സി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാതെ, കീഴ്ഘടങ്ങളെ നിയന്ത്രിക്കാതെ കോണ്‍ഗ്രസിന് സെമി കേഡര്‍ പാര്‍ട്ടിയാകാന്‍ കഴിയുമോ. അച്ചടക്കത്തിന്റെ വാളോങ്ങി മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ നിയന്ത്രിക്കുമ്പോള്‍ പാര്‍ട്ടിയുടെ താഴെ തട്ടില്‍ നിര്‍ദേശങ്ങള്‍ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടാവണം.

കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന കാര്യങ്ങള്‍ മാത്രം പരിശോധിക്കാം. ജില്ലാ കോണ്‍ഗ്രസ് നേതൃത്വ സമ്മേളനമാണ് വേദി. പാര്‍ട്ടി പരിപാടികളില്‍ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിക്കു പകരം ചര്‍ക്കയുടെ ചിത്രം പതിച്ച ചെയ്ത പതാക ഉപയോഗിക്കണമെന്നായിരുന്നു കെപിസിസി നിര്‍ദ്ദേശം. എന്നാല്‍ ഇതുപോലും പോലും പാലിക്കപ്പെട്ടിരുന്നില്ല. കെ സുധാകരനെ സ്വീകരിക്കാന്‍ സമ്മേളന വേദിക്ക് പുറത്ത് കൈപ്പത്തി പതാകകള്‍ പാറി പറന്ന് നിന്നു.

കെ സുധാകരന്റെ വാര്‍ത്താസമ്മേളനം പോലും അലങ്കോലപ്പെടുത്തുന്ന തരത്തില്‍ രുപം കൊണ്ട ബഹളവും തര്‍ക്കവുമായിരുന്നു മറ്റൊന്ന്. നേതൃയോഗത്തിനായി എത്തിയ കെ സുധാകരന്‍ വാര്‍ത്താ സമ്മേളനത്തിന് അടച്ചിട്ട മുറയിലിരുന്നപ്പോള്‍ പുറത്ത് കലഹം. ഒടുവില്‍ സാക്ഷാല്‍ കെ സുധാകരന്‍ തന്നെ ഇറങ്ങിപ്പോയി പരിഹരിക്കേണ്ടിയും വന്നു.

ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഇന്ത്യന്‍ പ്രണയകഥ എന്ന സിനിമയിലെ അയ്മനം സിദ്ധാര്‍ത്ഥിനെ അനുസ്മരിപ്പിക്കും വിധം സ്വന്തം ഫോട്ടോകള്‍ പതിച്ച ഫഌക്‌സ് ബോര്‍ഡുകള്‍ വേണ്ടെന്നായിരുന്നു മറ്റൊരു നിര്‍ദേശം. പക്ഷേ, പ്രസിഡന്റിന്റെ ഫോട്ടോയുടെ കൂടെ സ്വന്തം പേര് വച്ച് ഫഌക്‌സ് സ്ഥാപിച്ചാല്‍ സെമി കേഡര്‍ നിര്‍ദ്ദേശത്തില്‍ ഇളവ് ലഭിച്ചേക്കുമെന്നാകും ചില പ്രാദേശിക നേതാക്കളുടെ ധാരണ. കെ സുധാകരന് സ്വാഗതം പറഞ്ഞ് വച്ച ഫഌക്‌സുകള്‍ക്ക് കീഴില്‍ സ്വന്തം പേര് വച്ച് പ്രാദേശിക നേതാക്കള്‍ ഇത്തവണ നടപടികള്‍ തുടര്‍ന്നു.

ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റിയ ബിന്ദുകൃഷ്ണയെ പുതിയ ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് കോണ്‍ഗ്രസ് നേതൃസമ്മേളന സപ്ലിമെന്റില്‍ നിന്നും വെട്ടി നിരത്തിയത് പുതിയ കോണ്‍ഗ്രസ് രാഷ്ട്രീയം പിടിമുറുക്കിയതിന്റെ നേര്‍കാഴ്ചയായി. എകെ ആന്റണി മുതല്‍ സി.ആര്‍. മഹേഷും ശൂരനാട് രാജശേഖരന്‍ വരെയുള്ളവരുടെ ചിത്രങ്ങള്‍ വരെ സപ്ലിമെന്റില്‍ ഇടം നേടി. എം.പി എന്നനിലയില്‍ കൊടിക്കുന്നിലും ജില്ലയിലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും സപ്ലിമെന്റില്‍ ഉണ്ട്. എന്നാല്‍ മുന്‍ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയെ മാത്രം കണ്ടില്ല. ബിന്ദുകൃഷ്ണയുടെ ചിത്രം എന്തിന് ഒഴിവാക്കിയെന്ന ചോദ്യത്തിനുള്ള ഉത്തരം നല്‍കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വം ഒഴിഞ്ഞുമാറുകയാണ്.

Next Story

Popular Stories