Top

നടപടി പാർട്ടി അറിയിച്ചിട്ടില്ല, വേണ്ടിവന്നാല്‍ അപ്പീല്‍ പോകും; എസ് രാജേന്ദ്രന്റെ ആദ്യ പ്രതികരണം

ജില്ലാ സമ്മേളനത്തിന് ശേഷം രാജേന്ദ്രനെതിരായ നടപടി പ്രഖ്യാപനമുണ്ടാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

30 Dec 2021 4:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടപടി പാർട്ടി അറിയിച്ചിട്ടില്ല, വേണ്ടിവന്നാല്‍ അപ്പീല്‍ പോകും; എസ് രാജേന്ദ്രന്റെ ആദ്യ പ്രതികരണം
X

ദേവികുളം തെരഞ്ഞെടുപ്പ് വീഴ്ചയില്‍ തനിക്കെതിരായ നടപടി ശുപാർശയില്‍ പ്രതികരണവുമായി എസ് രാജേന്ദ്രന്‍. നടപടിയെ സംബന്ധിച്ച് പാർട്ടിയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല. നടപടിക്രമങ്ങള്‍ പൂർത്തിയാക്കി അറിയിക്കുമായിരിക്കും. വീഴ്ച കണ്ടെത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുന്നത് പാര്‍ട്ടിയുടെ അവകാശത്തില്‍പ്പെട്ട കാര്യമാണ്. നടപടി ഉണ്ടാകുന്ന പക്ഷം വേണ്ടിവന്നാല്‍ അപ്പീല്‍ പോകുമെന്നും രാജേന്ദ്രന്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു.

ദേവികുളം തെരഞ്ഞെടുപ്പ് വീഴ്ചയില്‍ എസ് രാജേന്ദ്രനെതിരേ നടപടിവേണമെന്ന് ജില്ലാ കമ്മറ്റി ശുപാര്‍ശയുണ്ടായതിന് ശേഷമുള്ള ആദ്യ പ്രതികരണമാണിത്.

അതേസമയം പുറത്താകുമെന്ന വാര്‍ത്തയോട് പ്രതികരിക്കാനില്ല എന്നാണ് ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്റെ പ്രതികരണം. ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളില്‍ കുമളിയില്‍വെച്ച് നടക്കാനിരിക്കുന്ന ജില്ലാ സമ്മേളനത്തില്‍ എസ് രാജേന്ദ്രന്‍ വിഷയം വിവാദ ചര്‍ച്ചയായി മാറുമെന്നാണ് സുചന. ഈ സാഹചര്യത്തില്‍ സമ്മേളനത്തിന് ശേഷം രാജേന്ദ്രനെതിരായ നടപടി പ്രഖ്യാപനമുണ്ടാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ദേവികുളം തെരഞ്ഞെടുപ്പില്‍ വീഴ്ചയില്‍ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പാര്‍ട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷന്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥ കാണിച്ചില്ല. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനിന്നു, വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയവയാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍. ബ്രാഞ്ച് തലം മുതല്‍ രാജേന്ദ്രനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു.

ദേവികുളം എംഎല്‍എ സ്ഥാനാര്‍ത്ഥിയായ അഡ്വ. എ രാജയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചു, ഇതിനായി യോഗങ്ങള്‍ നടത്തി എന്നിങ്ങനെയായിരുന്നു എസ് രാജേന്ദ്രനെതിരെ ഉയർന്ന ആരോപണങ്ങള്‍. ജാതീയമായ വേര്‍തിരിവുണ്ടാക്കി എ രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്നും പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

Next Story