Top

'ചര്‍ച്ചയില്‍ സംതൃപ്തരെന്ന് ആര്‍എസ്പി'; അഭിപ്രായ വ്യത്യാസമില്ലെന്ന് നേതാക്കള്‍

യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും എ എ ആസീസ്

6 Sep 2021 7:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചര്‍ച്ചയില്‍ സംതൃപ്തരെന്ന് ആര്‍എസ്പി; അഭിപ്രായ വ്യത്യാസമില്ലെന്ന് നേതാക്കള്‍
X

യുഡിഎഫിലെ വിഷയങ്ങളുടെ പേരില്‍ പരസ്യ നിലപാട് സ്വീകരിച്ച് രംഗത്ത് എത്തിയ ആര്‍എസ്പിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ച വിജയമെന്ന് നേതാക്കള്‍. തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു നേതാക്കളുടെ മറുപടി. ചര്‍ച്ചയില്‍ സംതൃപ്തര്‍ എന്ന് യോഗത്തിന് ശേഷം ആര്‍എസ്പി നേതാക്കള്‍ വ്യക്തമാക്കി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ആര്‍എസ്പി നേതാക്കള്‍ എഎ അസീസ്, ഷിബു ബേബി ജോണ്‍, എന്‍.കെ പ്രേമചന്ദ്രന്‍ എംപി എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്.

ആര്‍എസ്പി ഉന്നയിച്ചത് ഗൗരവമുള്ള വിഷയമാണെന്നും എന്നാല്‍ ആശങ്കപ്പെടുന്ന പ്രശ്‌നങ്ങള്‍ ആര്‍എസ്പിയ്ക്ക് ഇല്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ആര്‍എസ്പിയുമായി ഒരു അഭിപ്രായ വ്യത്യാസവും ഇല്ല.യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും എ എ ആസീസ് യോഗത്തിന് ശേഷം ചൂണ്ടിക്കാട്ടി. ആര്‍ എസ് പി യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാട്.

യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ പ്രവര്‍ത്തിച്ചു എന്ന ആരോപണം പരിശോധിക്കുന്നു. അത്തരത്തില്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ട് എങ്കില്‍ പുനഃസംഘടനയില്‍ അത്തരക്കാര്‍ക്ക് സ്ഥാനം ഉണ്ടാകില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി. മുന്നണി ശക്തിപ്പെടുത്തുന്ന തീരുമാനവുമായി മുന്നോട്ട് പോകുമെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അഞ്ച് സീറ്റുകളിലും ആര്‍എസ്പി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതോടെയാണ് പാര്‍ട്ടി മുന്നണിയുമായി ഇടഞ്ഞത്. തോല്‍വി പരിശോധിക്കണം എന്നാവശ്യപ്പെട്ട് ആര്‍എസ്പി യുഡിഎഫിന് കത്ത് നല്‍കിയിരുന്നു എങ്കിലും അതും ചര്‍ച്ചയായില്ല. ഇതോടെയാണ് ആര്‍എസ്പി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് എത്തിയത്. പിന്നാലെയാണ് ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടന്നതും.

Next Story

Popular Stories