Top

ഉത്തര്‍പ്രദേശ് പിടിക്കാന്‍ പ്രിയങ്ക ഇറങ്ങുന്നു; സൂചനകള്‍ നല്‍കി കോണ്‍ഗ്രസ്

19 Sep 2021 5:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്തര്‍പ്രദേശ് പിടിക്കാന്‍ പ്രിയങ്ക ഇറങ്ങുന്നു; സൂചനകള്‍ നല്‍കി കോണ്‍ഗ്രസ്
X

ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ അവസാന അടവും പുറത്തെടുക്കാന്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രിയങ്ക ഗാന്ധി നേരിട്ടിറങ്ങുമെന്നാണ് സൂചനകള്‍. പ്രിയങ്ക ഗാന്ധി വാദ്രയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടുക എന്ന തന്ത്രമാണ് അണിയറയില്‍ പുരോഗമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ് നടത്തിയ പ്രതികരണം ആണ് ഇതിലേക്ക് വിരല്‍ ചൂണ്ടുന്ന ഏറ്റവും പുതിയ സൂചന. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകണോ എന്നതില്‍ പ്രിയങ്ക സ്വയം തീരുമാനമെടുക്കട്ടെയെന്നായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രതികരണം. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന യുപി നിയമസഭാതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി വദ്രയായിരിക്കും കോണ്‍ഗ്രസിന്റെ പിടിവള്ളിയെന്നാണ്് മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കുന്നത്. യുപി തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടുക പ്രിയങ്കയ്ക്ക് കീഴിലായിരിക്കുമെന്നും ഖുര്‍ഷിദ് വ്യക്തമാക്കി.

കോണ്‍ഗ്രസ് അധ്യക്ഷനെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തങ്ങള്‍ക്ക് ഇപ്പോള്‍ അധ്യക്ഷനുണ്ടെന്നും മറ്റൊരു അധ്യക്ഷന്‍ ആവശ്യമില്ലെന്നുമാണ് സാല്‍മാന്‍ ഖുര്‍ഷിദ് പ്രതികരിച്ചത്. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സാമൂഹിക മാധ്യമ വിഭാഗം കഴിഞ്ഞ ദിവസം ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയിരുന്നു. ഡല്‍ഹി മഹിളാ കോണ്‍ഗ്രസും രാഹുലിനെ പാര്‍ട്ടി അധ്യക്ഷനാക്കുന്നതിന് ഈയാഴ്ച്ചയാദ്യം പ്രമേയം പാസാക്കിയിരുന്നു.

2017 നിയമസഭ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ തന്നെ മോശമായ പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവച്ചത്. വെറും ഏഴ് സീറ്റു മാത്രമാണ് കോണ്‍ഗ്രസിന് 403 അംഗ യുപി നിയമസഭയില്‍ നേടാനായത്. അതേസമയം 2017ല്‍ ബിജെപി 312 സീറ്റില്‍ വിജയിച്ചായിരുന്നു ഭരണം പിടിച്ചത്. എസ്പി 47 സീറ്റിലും ബിഎസ്പി 19 സീറ്റിലും ഒതുങ്ങുകയും ചെയ്തിരുന്നു.

Next Story

Popular Stories