Top

'പൊതുജീവിതം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നു'; പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനം പ്രശാന്ത് കിഷോര്‍ രാജിവച്ചു

5 Aug 2021 5:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊതുജീവിതം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നു; പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനം പ്രശാന്ത് കിഷോര്‍ രാജിവച്ചു
X

രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ ഉപദേശക സ്ഥാനം രാജിവച്ചു. പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രസിന്‍സിപ്പല്‍ അഡൈ്വസര്‍ സ്ഥാനത്ത് നിന്നാണ് പ്രശാന്ത് കിഷോര്‍ രാജിവച്ചത്. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജിയെന്നത് ഏറെ ശ്രദ്ധേയമാണ്.

പൊതുജീവിതത്തില്‍ നിന്ന് താല്‍കാലികമായി ഇടവേളയെടുക്കുകയാണ് എന്ന് വ്യക്തമാക്കിയാണ് പ്രശാന്ത് കിഷോര്‍ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രിക്കെഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭാവി പരിപാടികള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നുമാണ് പ്രശാന്ത് കിഷോറിന്റെ നിലപാട്. 'മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല.ഈ സാഹചര്യത്തില്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ഭാവി പ്രവര്‍ത്തനത്തെക്കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ല' എന്നും അദ്ദേഹം വ്യക്തമാക്കുന്നു. 2022 ല്‍ പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ വര്‍ഷം മാര്‍ച്ചില്‍, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പ്രശാന്ത് കിഷോറിനെ തന്റെ പ്രധാന ഉപദേഷ്ടാവായി നിയമിച്ചത്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന നിലയില്‍ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച പരിചയമുള്ള വ്യക്തിയാണ് പ്രശാന്ത് കിഷോര്‍. 2021 ലെ പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്കായി തന്ത്രങ്ങളൊരുക്കിയത് പ്രശാന്ത് കിഷോറായിരുന്നു. എന്നാല്‍ ബിജെപിയുടെ മെച്ചപ്പെട്ട പ്രകടനത്തിന് പിന്നാലെ ഇദ്ദേഹം പദവി ഒഴിഞ്ഞിരുന്നു. ഇതിന് പുറമെ 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ജനതാദള്‍ (യുണൈറ്റഡ്) തലവന്‍ നിതീഷ് കുമാറിനൊപ്പവും പ്രശാന്ത് പ്രവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കിഷോറിനെ ജെഡിയുവിന്റെ വൈസ് പ്രസിഡന്റായി നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍ആര്‍സി) വിഷയത്തില്‍ പാര്‍ട്ടിയുമായുള്ള വിയോജിപ്പിന്റെ പേരില്‍ 2020 ജനുവരിയില്‍ കിഷോറിനെ ജെഡിയുവില്‍ നിന്ന് പുറത്താക്കിയ സംഭവവും ഉണ്ടായിരുന്നു. പ്രശാന്ത് കിഷോറിന്റെ തെരഞ്ഞെടുപ്പ് സ്ട്രാറ്റജി ഗ്രൂപ്പായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി തമിഴ്‌നാട്ടില്‍ ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന് വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു.

പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രസിന്‍സിപ്പല്‍ അഡൈ്വസറായി നിയമിതനായതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിനോട് പ്രശാന്ത് കിഷോര്‍ കൂടുതല്‍ അടുക്കുന്നത്. അടുത്തിടെ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച നടത്തിയതോടെയാണ് കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരന്നത്. പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് താല്‍പര്യം ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം അദ്ദേഹം മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി ആശയവിനിമയം നടത്തിയെന്നായിരുന്നു വിവരം.

Next Story

Popular Stories