Top

'കുഞ്ഞാലിക്കുട്ടി വിരുദ്ധരുടെ പിന്തുണ പോലും ലഭിച്ചില്ല'; ജലീലിന്റെ കടന്ന് വരവും മുഈനലിക്ക് തിരിച്ചടിയായി; ലീഗിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് പിഎംഎ സലാം

10 Aug 2021 2:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുഞ്ഞാലിക്കുട്ടി വിരുദ്ധരുടെ പിന്തുണ പോലും ലഭിച്ചില്ല; ജലീലിന്റെ കടന്ന് വരവും  മുഈനലിക്ക് തിരിച്ചടിയായി; ലീഗിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് പിഎംഎ സലാം
X

മുഈനലിയുടെ പ്രസ്താവനയോടെ മുസ്ലീം ലീഗിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ലീഗില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചത് കെ ടി ജലീലും സിപിഐഎമ്മുമാണെന്ന് ആവര്‍ത്തിച്ച അദ്ദേഹം കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിച്ചവര്‍ നിരാശപ്പെടുമെന്നും വ്യക്തമാക്കി. മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗില്‍ തുറന്ന് വച്ച പോരാട്ട മുഖത്തില്‍ നിന്നും പിന്‍മാറുകയാണ് എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.

ഇന്നലെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പോടെയാണ് പാര്‍ട്ടിയില്‍ താന്‍ തുറന്ന പോര്‍മുഖത്ത് നിന്നും താല്‍ക്കാലികമായെങ്കിലും പിന്തിരിയുകയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. 'ആരോടും വ്യക്തി വിരോധമില്ല. പാര്‍ട്ടിയാണ് മുഖ്യം. പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ഒരുമയോടെ പ്രവര്‍ത്തിക്കും'. മുഈനലി വ്യക്തമാക്കുന്നു. എന്നാല്‍, എല്ലാം കലങ്ങി തെളിയുമെന്ന മുന്നറിയിപ്പും മുഈനലിയുടെ പോസ്റ്റിലുണ്ട്. പ്രഥമ പരിഗണന പിതാവിന്റെ ആരോഗ്യ പരിപാലനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട വിവാദം സിപിഐഎം ഉള്‍പ്പെടെ എതിരാളികളുടെ താല്‍പര്യമാണെന്ന മുസ്ലീം ലീഗ് നേതാക്കളുടെ ആവര്‍ത്തിച്ചുള്ള അവകാശ വാദം ആവര്‍ത്തിക്കാനും മുഈനലി ശിഹാബ് തങ്ങള്‍ തയ്യാറുവുന്നുണ്ട്. കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ല എന്ന മുഈനലിയുടെ പരാമര്‍ശത്തിന് സമാനമായ നിലപാടായിരുന്നു ലീഗ് നേതാവ് പിഎംഎ സലാം ഉള്‍പ്പെടെ കഴിഞ്ഞ ദിവസം സ്വീകരിച്ചത്. കെ ടി ജലീലിനെ ലക്ഷ്യമിട്ടാണ് മുഈനലിയും ഈ നിലപാടിലേക്ക് എത്തുന്നത്.

ചന്ദ്രിക വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിതാവും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് എതിരെ തിരിയാനുള്ള കാരണം മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയാണ് എന്ന മുഈനലിയുടെ നിലപാട് കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ പോലും ഈ നിലപാടിനെ അംഗീകരിക്കന്നവരുടെ പിന്തുണപോലും ഉറപ്പിക്കാന്‍ മുഈനലിക്ക് ആയില്ലെന്നതും നിലിലെ വെടിനിര്‍ത്തലിന് കാരണമായെന്നാണ് വിലയിരുത്തല്‍. തന്റെ ആരോപണങ്ങള്‍ ഏറ്റെടുത്ത് ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും കടന്നാക്രമിക്കാന്‍ തയ്യാറായി കെടി ജലീല്‍ രംഗത്തെത്തിയതും മുഈനലിക്ക് പാര്‍ട്ടിക്കുള്ളിലെ പിന്തുണ ഇടിയാന്‍ കാരണമായി.

Next Story

Popular Stories