Top

'കമ്മ്യൂണിസം മതവിരുദ്ധമാണെന്ന് പ്രചാരണം നടത്താനുള്ള സ്വാതന്ത്ര്യം ഈ നാട്ടിലുണ്ട്': ഡിവൈഎഫ്‌ഐക്ക് അബ്ദുറബ്ബിന്റെ മറുപടി

സോവിയറ്റ് യൂണിയന്‍ ഇപ്പോഴും നില നില്‍ക്കുന്നുണ്ടെന്നും, ജോസഫ് സ്റ്റാലിനാണ് അവിടത്തെ പ്രധാനമന്ത്രിയെന്നും കരുതുന്ന ചിലര്‍ കേരളത്തിലെ DYFI യില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്

1 Sep 2021 1:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കമ്മ്യൂണിസം മതവിരുദ്ധമാണെന്ന് പ്രചാരണം നടത്താനുള്ള സ്വാതന്ത്ര്യം ഈ നാട്ടിലുണ്ട്: ഡിവൈഎഫ്‌ഐക്ക് അബ്ദുറബ്ബിന്റെ മറുപടി
X

കമ്മ്യൂണിസത്തിനും യുക്തിവാദത്തിനുമെതിരായി ക്യാമ്പെയിനുമായി സമസ്ത രംഗത്ത് എത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഡിവൈഎഫ്ഐ ഉയര്‍ത്തിയ പരിഹാസങ്ങള്‍ക്ക് വിമര്‍ശനവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. യുക്തിവാദം, നിരീശ്വരവാദം, സ്വതന്ത്രചിന്ത, കമ്യൂണിസം എന്നീ ആശയങ്ങള്‍ക്കെതിരെയാണ് സമസ്ത മഹല്ല് കമ്മിറ്റികള്‍ വഴി പ്രചാരണം നടത്തുന്നു എന്ന വാര്‍ത്ത വിവാദത്തിലായതിന് പിന്നാലെയാണ് ഡിഐഎഫ്‌ഐയും അബ്ദുറബ്ബും കൊമ്പു കോര്‍ക്കുന്നത്.

സോവിയറ്റ് യൂണിയന്‍ ഇപ്പോഴും നില നില്‍ക്കുന്നുണ്ടെന്നും, ജോസഫ് സ്റ്റാലിനാണ് അവിടത്തെ പ്രധാനമന്ത്രിയെന്നും കരുതുന്ന ചിലര്‍ കേരളത്തിലെ ഡിവൈഎഫ്‌ഐയില്‍ ഇപ്പോഴും

ജീവിച്ചിരിക്കുന്നുണ്ട്. ഇത് ജനാധിപത്യ ഇന്ത്യയാണ്. കമ്മ്യൂണിസം മതവിരുദ്ധമാണെന്നും, അതൊരു മാനവിക വിരുദ്ധ പ്രത്യയശാസ്ത്രമാണെന്നും പറഞ്ഞ് ആരെങ്കിലും പ്രചാരണം നടത്തുന്നുവെങ്കില്‍ അവര്‍ക്കതിനുള്ള സ്വാതന്ത്ര്യം ഈ നാട്ടിലുണ്ട്, കമ്മ്യൂണിസ്റ്റ് ഏകാധിപതികളുടെ സോവിയറ്റ് യൂണിയനോ, ചൈനയോ അല്ലെന്നുമാണ് അബ്ദുറബ്ബിന്റെ വാക്കുകള്‍.

കമ്മ്യൂണിസം പതിയിരിക്കുന്ന അപകടമാണെന്നാണ് സമസ്തയുടെ പ്രചാരണമെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. മൂന്ന് മാസം നീളുന്ന 'ലൈറ്റ് ഓഫ് മിഹ്‌റാബ്' എന്ന പ്രചാരണ പരിപാടിയിലൂടെയാണ് മതവിശ്വാസത്തിനെതിരായ ആശയങ്ങള്‍ക്കെതിരെ സമസ്ത പ്രചാരണം നടത്തുന്നത്. സുന്നി മഹല്ല് ഫെഡറേഷനാണ് ക്യാമ്പെയിന്‍ നടത്തുന്നതെന്നുമായിരുന്നു വാര്‍ത്തകള്‍. പിന്നാലെയാണ് വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ രംഗത്ത് എത്തിയത്. സമസ്തയ്ക്ക് ഇപ്പൊഴും കപില്‍ ദേവാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എന്ന് തോന്നുന്നു എന്നായിരുന്നു വിഷയത്തില്‍ പ്രതികരിച്ച ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജറിന്റെ വിമര്‍ശനം. കാലം ഒരുപാട് മുന്നോട്ട് പോയെന്ന് സമസ്തയുടെ നേതാക്കള്‍ക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കുമെന്ന് കരുതട്ടെ. കൊടപ്പനയ്ക്കല്‍ തറവാട്ടിലെ അംഗത്തെ ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കയറി തെറിവിളിച്ചപ്പോള്‍ സമസ്ത എവിടെയായിരുന്നുവെന്നും ഷാജര്‍ ചോദിച്ചിരുന്നു.

വിവാദത്തിന് പിന്നാലെ കമ്യൂണിസത്തിനെതിരെ ക്യാമ്പയിനുമായി സമസ്ത എന്ന തലക്കെട്ടില്‍ തന്റെ ഫോട്ടോ വെച്ച് പ്രചരിക്കുന്ന വാര്‍ത്തയുമായി യാതൊരു ബന്ധവുമില്ലെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ രംഗത്ത് എത്തിയിരുന്നു. സുന്നീ മഹല്ലു ഫെഡറേഷന്റെ ലൈറ്റ് ഓഫ് മിഹ്‌റാബ് എന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അവിടെ നടത്തിയ പ്രസംഗത്തിലും തുടര്‍ന്ന് പത്രക്കാരുമായി നടത്തിയ സംസാരത്തിലും ഇത്തരം കാര്യങ്ങള്‍ താന്‍ പരാമര്‍ശിച്ചിട്ടില്ലെന്നും ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.

അബ്ദുറബ്ബിന്റെ പോസ്റ്റ് പൂര്‍ണരൂപം-

സോവിയറ്റ് യൂണിയന്‍ ഇപ്പോഴും നില നില്‍ക്കുന്നുണ്ടെന്നും, ജോസഫ് സ്റ്റാലിനാണ് അവിടത്തെ പ്രധാനമന്ത്രിയെന്നും കരുതുന്ന ചിലര്‍ കേരളത്തിലെ DYFI യില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. എതിര്‍ശബ്ദങ്ങളെ ഇഷ്ടപ്പെടാത്ത, വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാത്ത, തീര്‍ത്തും ജനാധിപത്യവിരുദ്ധവും, മതവിരുദ്ധവുമായ സ്റ്റാലിനിസ്റ്റ് യുഗത്തിലാണവര്‍.

കഴിഞ്ഞ ദിവസം പോലും ഉക്രയിനില്‍ കണ്ടെടുത്തത് കമ്മ്യൂണിസ്റ്റ് ക്രൂരതയില്‍ ജീവന്‍ ഹോമിക്കപ്പെട്ട ആയിരക്കണക്കിന് മനുഷ്യരുടെ അസ്ഥികൂടങ്ങളാണ്. കമ്മ്യൂണിസം മതവിരുദ്ധമാണെന്നും, അതൊരു മാനവിക വിരുദ്ധ പ്രത്യയശാസ്ത്രമാണെന്നും പറഞ്ഞ് ആരെങ്കിലും പ്രചാരണം നടത്തുന്നുവെങ്കില്‍ അവര്‍ക്കതിനുള്ള സ്വാതന്ത്ര്യം ഈ നാട്ടിലുണ്ട്, കമ്മ്യൂണിസ്റ്റ് ഏകാധിപതികളുടെ സോവിയറ്റ് യൂണിയനോ, ചൈനയോ അല്ല..ഇത് ജനാധിപത്യ ഇന്ത്യയാണ്.


Next Story

Popular Stories