Top

'വിമര്‍ശിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സമീപനമാണ് പിവി അന്‍വറിന്': വളഞ്ഞിട്ട് ആക്രമിച്ച് പ്രതിപക്ഷം

നിലമ്പൂരിലെ ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കെ മുരളീധരന്‍

6 Oct 2021 7:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിമര്‍ശിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സമീപനമാണ് പിവി അന്‍വറിന്: വളഞ്ഞിട്ട് ആക്രമിച്ച് പ്രതിപക്ഷം
X

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ സഭയില്‍ തുടര്‍ച്ചയായി ഹാജരാകുന്നില്ലെന്ന വാര്‍ത്തയ്ക്ക് പിന്നാലെ നിയമസഭാംഗത്തെ കടന്നാക്രമിച്ച് പ്രതിപക്ഷം. സഭയില്‍ ഹാജരാവാത്ത പി വി അന്‍വര്‍ എം എല്‍ എ യുടെ നടപടിയെ വീണ്ടും വിമര്‍ശിച്ച് കെ മുരളിധരന്‍ എം പിയാണ് ഇന്ന് ആദ്യം രംഗത്ത് എത്തിയത്. വിമര്‍ശിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സമീപനമാണ് പി വി അന്‍വറിന്റേതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഇതുപൊലെ ഒരാളെ മത്സരിപ്പിക്കാന്‍ തയ്യാറായ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലമ്പൂരിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. കോഴിക്കോട് മാധ്യമങ്ങളെ കാണവെ ആയിരുന്നു കെ മുരളീധരന്റെ പ്രതികരണം.

പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സനെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തില്‍ സിബിഐ അന്വേഷണം വേണം. എന്നാല്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കുകയാണെന്നും മുരളിധരന്‍ കുറ്റപ്പെടുത്തി.

അതേസമയം, നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ സഭയില്‍ തുടര്‍ച്ചയായി ഹാജരാകുന്നില്ലെന്ന വിഷയത്തില്‍ സഭാചട്ടം പരിശോധിച്ച് നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാരും, ഇടതുപക്ഷവും നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പിവി അന്‍വര്‍ അവധി അപേക്ഷ നല്‍കാതെയാണ് നിയമസഭ സമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കുതെന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ ചാനലായിരുന്നു പുറത്തു കൊണ്ടുവന്നത്. പിന്നാലെയാണ് വിഷയം വ്യാപകമായി ചര്‍ച്ചയായത്.

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ ആകെ പങ്കെടുത്തത് അഞ്ച് നിയമസഭ സമ്മേളനത്തില്‍ മാത്രമാണെന്നായിരുന്നു വിവരം. ഇരുപത്തിയൊന്‍പത് ദിവസം സഭ സമ്മേളിച്ചതില്‍ അഞ്ച് സമ്മേളനങ്ങളില്‍ മാത്രമാണ് അന്‍വര്‍ സഭയില്‍ ഉണ്ടായിരുന്നത്. നിയമസഭ സെക്രട്ടേറിയേറ്റ് നല്‍കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടിള്ളത്. അവധി അപേക്ഷ പോലും നല്‍കാതെയാണ് പി വി അന്‍വര്‍ സഭയില്‍ നിന്നും വിട്ടുനിന്നതെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. നിയമനിര്‍മ്മാണത്തിനായി പ്രത്യേക നിയമസഭ സമ്മേളനം ചേരുമ്പോഴും സഭ നടപടികളില്‍ നിന്ന് നിലമ്പൂര്‍ എംഎല്‍എ സഭയിലില്ല.


സഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവധി അപേക്ഷ നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഇതിവിടെ പാലിക്കപ്പെട്ടിട്ടില്ല. പി വി അന്‍വര്‍ അവധി അപേക്ഷ നല്‍കിയിട്ടില്ലെന്നും നിയമസഭ സെക്രട്ടേറിയേറ്റ് വ്യക്തമാക്കുന്നുണ്ട്. പതിനഞ്ചാം നിയമസഭ സമിതികളുടെ ഒരു യോഗത്തിലും പി വി അന്‍വര്‍ പങ്കെടുത്തിട്ടില്ലെന്നും രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. പതിനഞ്ചാം നിയമസഭയുടെ രണ്ട് സബ്ജക്ട് കമ്മിറ്റികളിലും അന്‍വര്‍ അംഗമാണ് എന്നിട്ടും യോഗത്തില്‍ പങ്കെടുക്കാത്തത് ഗുരുതര വീഴ്ച്ചയാണെന്ന ആരോപണമാണ് ഉയരുന്നത്.

കെപിസിസി സെക്രട്ടറി അഡ്വ സി ആര്‍ പ്രാണകുമാര്‍ നല്‍കിയ വിവരവകാശത്തിലാണ് പി വി അന്‍വര്‍ എംഎല്‍എ അവധി അപേക്ഷപോലും നല്‍കാതെയാണ് സഭയില്‍ നിന്നും വിട്ടുനിന്നതെന്നും ആകെ അഞ്ച് സമ്മേളനങ്ങളില്‍ മാത്രമാണ് അദ്ദേഹം പങ്കെടുത്തത് എന്നുമുള്ള വിശദാംശങ്ങള്‍ ലഭിച്ചത്. സമിതി യോഗങ്ങളിലും സബ്ജക്ട് കമ്മിറ്റി യോഗങ്ങളിലും അന്‍വര്‍ പങ്കെടുക്കുന്നില്ലന്നും നിയമസഭ സെക്രട്ടേറിയേറ്റ് പറഞ്ഞെന്നായിരുന്നു ആരോപണം.


Next Story

Popular Stories