Top

തൃക്കാക്കര: അവസരം മുതലാക്കാന്‍ മുസ്ലീം ലീഗ്, വിമത സ്വരമുയര്‍ത്തി ഒരു വിഭാഗം

22 Sep 2021 2:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃക്കാക്കര: അവസരം മുതലാക്കാന്‍ മുസ്ലീം ലീഗ്, വിമത സ്വരമുയര്‍ത്തി ഒരു വിഭാഗം
X

ഓണസമ്മാനത്തിനൊപ്പം പണം നല്‍കിയെന്ന വിവാദത്തിന് പിന്നാലെ ത്യക്കാക്കര നഗരസഭ ചെയര്‍ പേഴ്‌സണ്‍ അജിത തങ്കപ്പെനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാനിരിക്കെ സമ്മര്‍ദ നീക്കവുമായി മുസ്ലീം ലീഗിലെ ഒരു വിഭാഗം. അഞ്ച് അംഗങ്ങളാണ് തൃക്കാക്കരയില്‍ മുസ്ലീംലീഗിനുള്ളത്. ഇതില്‍ മൂന്ന് പേരാണ് വിമത സ്വരം ഉയര്‍ത്തി രംഗത്ത് എത്തിയത്. ലീഗ് വിളിച്ച് ചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്നും ഈ മൂന്ന് പേര്‍ വിട്ടു നിന്നു.

നഗരസഭയില്‍ സ്റ്റാന്റിങ് കമ്മിറ്റി സ്ഥാനം വേണമെന്നാണ് ലീഗ് അംഗങ്ങളുടെ ആവശ്യം. മുനിസിപ്പാലിറ്റിയില്‍ മുന്നണി സംവിധാനം പ്രതിസന്ധി നേരിടുമ്പോള്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താനാണ് ലീഗിലെ വിമത നീക്കം എന്നാണ് വിലയിരുത്തല്‍

അതേസമയം, നാളെ നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ട് നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തങ്ങളുടെ കൗണ്‍സിലര്‍മാര്‍ക്ക് വിപ്പ് നല്‍കി. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് വിപ്പ് കൈമാറിയത്. എന്നാല്‍ ഈ വിപ്പ് കൈപ്പറ്റാനും മൂന്ന് ലീഗ് അംഗങ്ങള്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇരുപത്തിമൂന്നാം തിയതി പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം ചര്‍ച്ചെയ്ക്ക് എടുക്കുന്നതിന് ആവശ്യമായ ക്വാറം തികയാതിരിക്കാനാണ് യുഡിഎഫ് വിട്ടുനില്‍ക്കാന്‍ വിപ്പ് നല്‍കിയത്. വിപ്പ് നിലനില്‍ക്കെ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്താല്‍ അയോഗ്യരാക്കപ്പെടും.

പ്രമേയം പാസാകുന്നതിന് 22 അംഗങ്ങളുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസാക്കാന്‍ ആവശ്യമുള്ളത്. 18 പേരാണ് പ്രമേയത്തെ പിന്താങ്ങുന്നത്. ഇതില്‍ 17 പേര്‍ എല്‍ഡിഎഫ് അംഗങ്ങളും. ഒരാള്‍ യുഡിഎഫ് സ്വതന്ത്രനുമാണ്. 43 അംഗങ്ങളുള്ള നഗരസഭയില്‍ 21 പേരുടെ പിന്തുണയാണ് യുഡിഎഫിനുള്ളത്. ഇതില്‍ 4 പേര്‍ കോണ്‍ഗ്രസ് വിമതന്‍മാരായി വിജയിച്ച് വന്നവരാണ്. ഇവര്‍ക്ക് വിപ്പ് ബാധകമായിരിക്കില്ല. 18 അംഗങ്ങളുടെ പിന്തുണയുള്ള എല്‍ഡിഎഫിന് ഈ 4 പേരെ കൂടി ഒപ്പം നിര്‍ത്താനായാല്‍ അവിശ്വാസ പ്രമേയം പാസാക്കിയെടുക്കാനാകും. ഇതിനിടെ ഉയരുന്ന ലീഗിലെ വിമത നീക്കം യുഡിഎഫിന് കൂടുതല്‍ തലവേദന സൃഷ്ടിക്കും.

ഇടഞ്ഞ് നില്‍ക്കുന്ന യുഡിഎഫ് കൗണ്‍സിലര്‍മാരെ എതിര്‍ പാളയത്തിലെത്തിക്കാതിരിക്കാന്‍ എല്ലാ അടവും പയറ്റുകയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. എന്നാല്‍ നിബന്ധനകള്‍ അംഗീകരിച്ചാല്‍ മാത്രം പിന്തുണയെന്നാണ് ഈ വിഭാഗത്തിന്റെ നിലപാട്. കൗണ്‍സിലര്‍ രാധാമണി പിള്ളയെ അജിത തങ്കപ്പന് പകരം ചെയര്‍പേഴ്‌സണാക്കുക. വി ഡി സുരേഷിനെ വൈസ് ചെയര്‍മാനോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനോ ആയി നിയമിക്കുക എന്നിവയാണ് ഇവരുടെ ആവശ്യം.

അതിനിടെ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന് എതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍ എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം വ്യക്തമാക്കി അന്വേഷണ റിപ്പോര്‍ട്ടും സംഘം വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ കേസെടുക്കുന്ന കാര്യത്തില്‍ ഇതുവരെയും സര്‍ക്കാരിന്റെ അനുമതി ലഭ്യമായിട്ടില്ല. ഓണസമ്മാനമായി തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ കൗണ്‍സിലര്‍മാര്‍ക്ക് 10,000 രൂപ വീതം നല്‍കിയെന്നാണ് പരാതി.

Next Story

Popular Stories