Top

അജിത തങ്കപ്പനെതിരായ അവിശ്വാസ പ്രമേയം; കോണ്‍ഗ്രസ് വിട്ടുനില്‍ക്കും; പ്രശ്‌നപരിഹാരത്തിന് പുതിയ ഫോര്‍മുല

തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പനെതിരെ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തില്‍ നിന്നും കോണ്‍ഗ്രസ് വിട്ടുനില്‍ക്കും

13 Sep 2021 2:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അജിത തങ്കപ്പനെതിരായ അവിശ്വാസ പ്രമേയം; കോണ്‍ഗ്രസ് വിട്ടുനില്‍ക്കും; പ്രശ്‌നപരിഹാരത്തിന് പുതിയ ഫോര്‍മുല
X

തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പനെതിരെ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തില്‍ നിന്നും കോണ്‍ഗ്രസ് വിട്ടുനില്‍ക്കും. കഴിഞ്ഞ ദിവസം രാത്രി ഡിസിസി ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതോടെ 21 അംഗ യുഡിഎഫില്‍ കോണ്‍ഗ്രസിലെ 16 കൗണ്‍സിലര്‍മാര്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കില്ല. മുസ്ലീം ലീഗ് കൗണ്‍സിലര്‍മാര്‍ വിട്ടുനില്‍ക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാവും.

ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാത്ത തൃക്കാക്കര നഗരസഭയില്‍ കോണ്‍ഗ്രസ് വിമതരുടെ പിന്തുണയോടെയാണ് യുഡിഎഫ് അധികാരത്തിലേറിയത്. 43 അംഗ സഭയില്‍ യുഡിഎഫ് 21, എല്‍ഡിഎഫ് 17, കോണ്‍ഗ്രസ് വിമര്‍തര്‍ അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫിന് കേവല ഭൂരിപക്ഷത്തിന് ഒരാളുടെ പിന്തുണ മതിയെങ്കില്‍ എല്‍ഡിഎഫിന് അഞ്ച് പേരുടെ പിന്തുണ വേണം. ഇതില്‍ കോണ്‍ഗ്രസ് വിമതനായ പിസി മനൂപ് എല്‍ഡിഎഫിനൊപ്പമാണ്.

യുഡിഎഫിന് പിന്തുണ നല്‍കിയിട്ടുള്ള നാല് വിമതര്‍ പിന്തുണച്ചാല്‍ മാത്രമെ എല്‍ഡിഎഫിന് പ്രമേയം പാസാക്കാന്‍ സാധിക്കൂ. ലീഗ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പങ്കെടുക്കാതെ വന്നാല്‍ കോറം തികയാതെ വരും.

അതേസമയം തന്നെ തൃക്കാക്കരയിലെ കോണ്‍ഗ്രസ് എ,ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ പുതിയ ഫോര്‍മുലയും ഡിസിസി യോഗത്തില്‍ രൂപപ്പെടുത്തി. ഐ ഗ്രൂപ്പിലുള്ള ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ ഭരണകാര്യങ്ങള്‍ തങ്ങളെ അറിയിക്കുന്നില്ലെന്നായിരുന്നു പരാതി. ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ പാര്‍ട്ടി നേതൃത്വം ഉറപ്പ് നല്‍കി. ഇതിന് പുറമേ ഭരണകാര്യങ്ങള്‍ തീരുമാനിക്കാന്‍ ആറംഗ സമിതിയെയും നിയോഗിച്ചു. എ, ഐ ഗ്രൂപ്പിലെ മൂന്ന് പേര്‍ വീതമാണ് അംഗങ്ങള്‍.

Next Story

Popular Stories