Top

ലീഗില്‍ ഭിന്നത; ഹരിതാ ഭാരവാഹികളെ കേള്‍ക്കണമെന്ന് ഒരു വിഭാഗം; ഇല്ലെങ്കില്‍ പ്രത്യാഘാതം

മുതിര്‍ന്ന നേതാക്കള്‍ എതിര്‍പക്ഷമായതോടെ നേതൃത്വം സമ്മര്‍ദത്തിലായി

17 Aug 2021 7:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലീഗില്‍ ഭിന്നത; ഹരിതാ ഭാരവാഹികളെ കേള്‍ക്കണമെന്ന് ഒരു വിഭാഗം; ഇല്ലെങ്കില്‍ പ്രത്യാഘാതം
X

എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ലൈംഗികാതിക്രമം ഉള്‍പ്പെടെ ഉയര്‍ത്തി രംഗത്തെത്തിയ ഹരിത ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ മുസ്ലീം ലീഗില്‍ ഭിന്നത. ഇടി മുഹമ്മദ് ബഷീര്‍, എംകെ മുനീര്‍, കെപിഎ മജീദ്, കുട്ടി അഹമ്മദ് കുട്ടി എന്നിവര്‍ ഹരിതാ ഭാരവാഹികള്‍ക്കെതിരെ നടപടി ആവശ്യമില്ലെന്ന നിലപാട് അറിയിച്ചതായാണ് സൂചന. ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഹരിതാ ഭാരവാഹികളെ കേള്‍ക്കാതെ നടപടിയെടുത്താന്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് ഇവരുടെ പക്ഷം.

നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാത്ത പക്ഷം ഹരിതാ ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കാനും ഹരിത പിരിച്ചുവിടാനുമായിരുന്നു മുസ്ലീംലീഗിന്റെ തീരുമാനം. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ എതിര്‍പക്ഷമായതോടെ നേതൃത്വം സമ്മര്‍ദത്തിലായി. അതേസമയം പെണ്‍കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര അച്ചടക്കലംഘനമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്.

ഹരിത നേതാക്കളുടെ പരാതിയില്‍ ഇടപെടുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന് ആരോപിച്ച് ഇതിനകം ലീഗില്‍ രാജി ഉയര്‍ന്നിട്ടുണ്ട്.

പരാതി ഉന്നയിച്ച ഒരു ഹരിത പ്രവര്‍ത്തകയുടെ പിതാവും മുസ്ലീം ലീഗ് പ്രദേശിക നേതാവും മലപ്പുറം എടയൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറിയുമായ ബഷീര്‍ കലമ്പനാണ് രാജിവച്ചത്. ബഷീര്‍ കലമ്പന്‍ പാര്‍ട്ടി ഭാരവാഹിത്വം രാജിവെച്ചതായി വ്യക്തമാക്കുന്ന വാട്സ്ആപ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് അധിക്ഷേപിച്ചെന്ന് കാട്ടി ബഷീര്‍ കലമ്പന്റെ മകള്‍ നേരത്തെ പരാതി പറഞ്ഞിരുന്നു. രാത്രി ഒമ്പതരക്ക് ശേഷവും ഹരിത അംഗങ്ങള്‍ തനിക്ക് വാട്സാപ്പില്‍ സന്ദേശങ്ങള്‍ അയക്കുന്നുണ്ടെന്നും ഇവര്‍ അടക്കവും ഒതുക്കവുമുള്ളവരാകണമെന്നുമായുരുന്നു കബീര്‍ എംഎസ്എഫ് യോഗത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ഹരിത അംഗമായ ബഷീറിന്റെ മകള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് എംഎസ്എഫ് സംസ്ഥാന നേതാക്കള്‍കെതിരെ ഹരിതയുടെ പത്ത് നേതാക്കള്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ ഈ സംഘത്തില്‍ നല്‍കുന്നതില്‍ തന്റെ മകള്‍ ഉണ്ടായിരുന്നില്ലന്നും ബഷീര്‍ പറയുന്നു.



Next Story

Popular Stories