Top

കെപിസിസി അച്ചടക്കസമിതി പ്രഖ്യാപിച്ചു; തിരുവഞ്ചൂർ അധ്യക്ഷന്‍

ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള മുതിർന്ന നേതാക്കളുടെ നിർദ്ദേശത്തെ തുടർന്നാണ് അച്ചടക്ക സമിതി രൂപീകരിച്ചത്.

25 Dec 2021 1:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെപിസിസി അച്ചടക്കസമിതി പ്രഖ്യാപിച്ചു; തിരുവഞ്ചൂർ അധ്യക്ഷന്‍
X

കെപിസിസി അച്ചടക്ക സമിതി പ്രഖ്യാപിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് മൂന്നംഗ അച്ചടക്ക സമിതിയുടെ അദ്ധ്യക്ഷൻ. എൻ അഴകേശൻ, ആരിഫ സൈനുദ്ദീൻ എന്നിവരാണ് സമിതി അംഗങ്ങൾ. ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള മുതിർന്ന നേതാക്കളുടെ നിർദ്ദേശത്തെ തുടർന്നാണ് അച്ചടക്ക സമിതി രൂപീകരിച്ചത്. പുനഃസംഘടനകളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ തുടരുന്ന സ്വരചേർച്ചകള്‍ക്ക് ഇതോടെ അയവുവരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.


ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ നടത്തിയ ചർച്ചയുടെ ഫലമാണ് അടിയന്തര സമിതി രൂപീകരണമെന്നാണ് റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായും മുതിർന്ന നേതാക്കള്‍ ചർച്ച നടത്തിയിയെന്നാണ് വിവരം. ഇതിന്റെ തുടർച്ചായി കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി നേതൃയോഗത്തിൽ പുനഃസംഘടനയ്ക്കുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചു.

അഞ്ചംഗ സമിതിയുടെ നേതൃത്വത്തില്‍ മുതിർന്ന നേതാക്കളുടെ നിർദേശങ്ങൾ പരിശോധിക്കപ്പെട്ടു. ഇതില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം വിളിക്കണമെന്നും അച്ചടക്കസമിതി രൂപീകരിക്കണമെന്നും ഉള്ള നിർദേശങ്ങള്‍ക്ക് നേതൃത്വത്തിന്റെ അംഗീകാരം നല്‍കുകയായിരുന്നു. ഡിസിസി പുനസംഘടനക്ക് ശേഷം ഏകപക്ഷീയമായ അച്ചടക്ക നടപടികൾ വർധിക്കുന്ന സാഹചര്യത്തില്‍ അച്ചടക്കസമിതി രൂപീകരിക്കണമെന്ന ആവശ്യം ഉമ്മൻചാണ്ടിയും ചെന്നിത്തലയും നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.

Next Story

Popular Stories