Top

അസ്വാരസ്യങ്ങള്‍ പുകഞ്ഞ് എന്‍സിപി; തിരുവനന്തപുരത്ത് ഒരു വിഭാഗം കോണ്‍ഗ്രസിലേക്ക്

22 Sep 2021 7:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അസ്വാരസ്യങ്ങള്‍ പുകഞ്ഞ് എന്‍സിപി; തിരുവനന്തപുരത്ത് ഒരു വിഭാഗം കോണ്‍ഗ്രസിലേക്ക്
X

സംസ്ഥാന എന്‍സിപിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നെന്ന് റിപ്പോര്‍ട്ടുകള്‍ക്കിടെ ഒരു വിഭാഗം കോണ്‍ഗ്രസിനോട് അടുക്കുന്നു. കോണ്‍ഗ്രസില്‍ നിന്നും സിപിഐഎമ്മിലേക്കെത്തി എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായ പി സി ചാക്കോയും ശശീന്ദ്രന്‍ വിഭാഗവും തമ്മിലുള്ള അസ്വാരസ്യമാണ് പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറികള്‍ക്ക് കാരണമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് തിരുവനന്തപുരത്ത് ഒരു വിഭാഗം കോണ്‍ഗ്രസില്‍ ചേക്കേറുന്നത്.

എന്‍സിപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, എന്‍സിപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന വിജേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് കോണ്‍ഗ്രസില്‍ പ്രവേശിക്കുന്നത്. നാളെ കെപിസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങല്‍ കെപിസിസി അധ്യക്ഷന്‍ കൈ സുധാകരനില്‍ നിന്നും വിജേന്ദ്ര കുമാറും സംഘവും അംഗ്വത്വം സ്വീകരിക്കും. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും എന്‍സിപി വിട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, കണ്ണൂരില്‍ നിന്ന് കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്വീകരണം നല്‍കി. എന്‍ജിഒ അസോസിയേഷന്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പികെ രവീന്ദ്രന്‍ ഉള്‍പ്പെടെയാണ് എന്‍സിപിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി കെ കുഞ്ഞമ്പുവിന്റെ മകന്‍ വി രത്‌നാകരന്‍, മുന്‍ കൗണ്‍സിലര്‍ പിസി അശോകന്‍, യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് പിസി സനൂപ്, തുടങ്ങിയവരുടെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെത്തിയവരെ എന്‍സിപി സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ.പി കെ സുരേഷ്ബാബു ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

അതേസമയം, എന്‍സിപി അധ്യക്ഷ സ്ഥാനത്തേക്ക് പി സി ചാക്കോ എത്തിയതു മുതല്‍ എന്‍സിപിയില്‍ രൂപം കൊണ്ട ചേരിതിരിവ് പരസ്യമായി പുറത്ത് വരുന്ന നിലയാണുള്ളത്. ജില്ലാ പ്രസിഡന്റുമാരെ മാറ്റിയതിലുള്‍പ്പെടെ പാര്‍ട്ടിക്കുള്ളില്‍ എതിരഭിപ്രായങ്ങളും ഉയലെടുത്തിരിന്നു. മുതിര്‍ന്ന നേതാവായ ടി പി പീതാംബരന്‍ ഉള്‍പ്പെടെയുള്ളവരുമായി യാതൊരു ചര്‍ച്ചയും നടത്താതെയാണ് പി സി ചാക്കോ തീരുമാനങ്ങള്‍ എടുക്കുന്നതെന്നാണ് എതിര്‍പക്ഷം പറയുന്നത്. അതേസമയം പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളില്ലെന്നും ചില സ്ഥാപിത താല്‍പ്പര്യക്കാരാണ് ഇത്തരത്തിലുള്ള പ്രചരണം നടത്തുന്നതെന്നാണ് പി സി ചാക്കോയുടെ പ്രതികരണം.

പിസി ചാക്കോ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. എന്‍സിപി സംസ്ഥാന സെക്രട്ടറിയും ചാക്കോയുടെ അടുപ്പക്കാരനുമായ ബിജു ആബേല്‍ ജേക്കബ് പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശവും ഇതിനിടയില്‍ പുറത്തുവന്നിരുന്നു. ബിജു ആബേല്‍ ജേക്കബിനെ മന്ത്രി എ കെ ശശീന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം ആക്കിയതിന് പിന്നില്‍ പി സി ചാക്കോയുടെ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് ആക്ഷേപം. മന്ത്രിമാരുടെ സ്റ്റാഫംഗങ്ങള്‍ പൊതു ജനങ്ങളോട് മാന്യമായി മാത്രമേ പെരുമാറാവു എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ബിജു പാര്‍ട്ടി പ്രവര്‍ത്തകനായ ബേബിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നത്. എറണകുളത്തെ പാര്‍ട്ടി പ്രവര്‍ത്തകനാണ് ബേബി. വിഷയം ചൂണ്ടിക്കാട്ടി പാര്‍ട്ടിയിലെ ഒരു വിഭാഗം മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

Next Story

Popular Stories