Top

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജന്‍

2019 ൽ അന്നത്തെ ജില്ലാ സെക്രട്ടറി പി ജയരാജൻ വടകര മണ്ഡലത്തിൽ എൽഡിഎഫ്‌ സ്‌ഥാനാർത്ഥിയായപ്പോഴാണ് എം വി ജയരാജന്‍ ജില്ലാ സെക്രട്ടറി പദവിയിലെത്തിയത്.

12 Dec 2021 7:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജന്‍
X

സിപിഐഎം സംസ്‌ഥാന കമ്മിറ്റി അംഗമായ എം വി ജയരാജന്‍ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടരും. കണ്ണൂർ ജില്ലാ സമ്മേളനം ഏകകണ്ഠേനെയാണ് എം വി ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. നേരത്തെ 2019 ൽ അന്നത്തെ ജില്ലാ സെക്രട്ടറി പി ജയരാജൻ വടകര മണ്ഡലത്തിൽ എൽഡിഎഫ്‌ സ്‌ഥാനാർത്ഥിയായ സാഹചര്യത്തിലാണ് എം വി ജയരാജന്‍ ജില്ലാ സെക്രട്ടറി പദവിയിലെത്തിയത്.

കണ്ണൂർ ജില്ലയിലെ പെരളശ്ശേരി സ്വദേശി ആണ്. കണ്ണൂർ ജില്ലയിലെ എടക്കാട് മണ്ഡലത്തിൽ നിന്നും പതിനൊന്നാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിയമബിരുദധാരിയാണ്.

അതേസമയം, സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങൾ പാർട്ടിയെയും ചില നേതാക്കളെയും മുതലെടുത്തെന്ന് സിപിഐഎം ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നു. പാർട്ടിയുടെയും നേതാക്കളുടെയും പേര് ഈ സംഘങ്ങൾ ദുരുപയോ​ഗം ചെയ്യുകയും സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്തു. എന്നാൽ ഇത് തടയാൻ നേതാക്കൾക്ക് കഴിഞ്ഞില്ലെന്നാണ് ഉയർന്ന വിമർശനം‍.

ജില്ലാ സമ്മേളനത്തിന്റെ ഭാ​ഗമായി നടന്ന പ്രവർത്തന റിപ്പോർട്ടിൻമേലുള്ള പൊതു ചർച്ചയിലാണ് വിമർശനമുയർന്നത്. സമൂഹമാധ്യമങ്ങളിൽ നേതാക്കളുടെ സ്തുതി പാഠകരായി പ്രത്യക്ഷപ്പെട്ട പിന്നീട് സ്വർണക്കടത്തിലേക്കും ക്വട്ടേഷൻ പ്രവർത്തനത്തിലേക്കും തിരിയുകയുണ്ടായി എന്നാൽ ഇത് തിരിച്ചറിയാനും ഇവരെ പരസ്യമായി തള്ളിപ്പറയാനും നേതാക്കൾക്ക് കഴിയാതിരുന്നത് വീഴ്ചയാണെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

പൊതുചർച്ചയ്ക്ക് ശേഷമുള്ള മറുപടിയിൽ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ സ്വീകരിച്ച നടപടികൾ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഓരോന്നായി വിശദീകരിച്ചു. 12 വനിതകൾ ഉൾപ്പെടെ 49 പേരാണ് പൊതുചർച്ചയിൽ പങ്കെടുത്തത്. ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും.

പഴയങ്ങാടി ബസ്‌സ്‌റ്റാൻഡിലെ ഇ കെ നായനാർ നഗറിൽ വൈകിട്ട് നാലിന്‌ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, പി കെ ശ്രീമതി, ഇ പി ജയരാജൻ, കെ കെ ശൈലജ, എം വി ഗോവിന്ദൻ എന്നിവർ സംസാരിക്കും.

Next Story

Popular Stories