Top

യൂത്ത് ലീഗ് ഭാരവാഹി പട്ടിക: ഹരിതയെ പിന്തുണച്ച അഷ്‌റഫ് അലി പുറത്ത്, വനിതകളുമില്ല

23 Oct 2021 10:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂത്ത് ലീഗ് ഭാരവാഹി പട്ടിക: ഹരിതയെ പിന്തുണച്ച അഷ്‌റഫ് അലി പുറത്ത്, വനിതകളുമില്ല
X

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. മുനവ്വറലി തങ്ങള്‍ പ്രസിഡന്റായും പി കെ ഫിറോസ് ജനറല്‍ സെക്രട്ടറിയായും തുടരും. മുജീബ് കാടേരി, അഷ്റഫ് എടനീര്‍, കെ എ മാഹീന്‍, ഫൈസല്‍ ബാഫഖി തങ്ങള്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സി കെ മുഹമ്മദാലി, നസീര്‍ കാരിയാട്, ജിഷാന്‍ കോഴിക്കോട്, ഗഫൂര്‍ കോല്‍ക്കളത്തില്‍ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

പ്രവര്‍ത്തക സമിതിയുടെ തീരുമാനമനുസരിച്ച് 17-ല്‍ നിന്ന് 11 ലേക്ക് ഭാരവാഹി പട്ടിക ചുരുക്കിയതിനാല്‍ പ്രഗത്ഭരെ മാറ്റി നിര്‍ത്തേണ്ടി വന്നിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം അറിയിച്ചു. യൂത്ത് ലീഗ് സെക്രട്ടറിയേറ്റില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വനിത പ്രാതിനിധ്യമില്ലാത്ത പട്ടികയില്‍ നിന്ന് ടിപി അഷ്റഫ് അലി ഒഴിവാക്കി. മുന്‍ ഹരിത കമ്മിറ്റിക്ക് അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സൂചന. ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും ട്രഷറര്‍ സ്ഥാനത്തേക്ക് അഷ്റഫ് അലിയുടെ പേര് നിര്‍ദേശിച്ചെങ്കിലും പാണക്കാട് സാദിഖലി തങ്ങള്‍ ഇടപെട്ട് ഇത് തടഞ്ഞെന്നാണ് സൂചന. ഇസ്മയില്‍ പി വയനാടിനെയാണ് ട്രഷററായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അതേസമയം, അഷ്‌റഫ് അലിയുടെ പേര് മാധ്യമങ്ങളില്‍ മാത്രമായിരുന്നു എന്ന് പിഎംഎ സലാം പ്രതികരിച്ചു.

നിലവിലെ സംസ്ഥാന കൗണ്‍സിലില്‍ വനിതകളില്ലാത്തതിനാലാണ് ഭാരവാഹിത്വത്തിലേക്ക് ആരുമില്ലാത്തതെന്നും അടുത്ത കമ്മിറ്റി മുതല്‍ വനിത പ്രതിനിധ്യം ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യൂത്ത് ലീഗില്‍ 20 ശതമാനം വനിതാ പ്രാതിനിധ്യം തീരുമാനം ഇത്തവണ നടപ്പിലാക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

Next Story

Popular Stories