Top

ഹരിത വിവാദം: മുസ്ലീം ലീഗ് നേതാവ് രാജിവച്ചു; എംഎസ്എഫ് നേതാവിന് എതിരായ മകളുടെ പരാതിയില്‍ നടപടിയില്ലെന്ന് ആക്ഷേപം

പലതും പരസ്യമായി പറയുന്നതിന് പാര്‍ട്ടി ഭാരവാഹിത്വം തടസമാണെന്നും അതിനാലാണ് ഭാരവാഹിത്വം രാജിവെക്കുന്നതെന്നും ബഷീര്‍ വ്യക്തമാക്കുന്നു.

17 Aug 2021 1:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹരിത വിവാദം:  മുസ്ലീം ലീഗ് നേതാവ് രാജിവച്ചു; എംഎസ്എഫ് നേതാവിന് എതിരായ മകളുടെ പരാതിയില്‍ നടപടിയില്ലെന്ന് ആക്ഷേപം
X

എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്നതടക്കമുളള ഹരിത നേതാക്കളുടെ പരാതിയില്‍ ഇടപെടുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന് ആരോപിച്ച് മുസ്ലീം ലീഗില്‍ രാജി. പരാതി ഉന്നയിച്ച ഒരു ഹരിത പ്രവര്‍ത്തകയുടെ പിതാവും മുസ്ലീം ലീഗ് പ്രദേശിക നേതാവും മലപ്പുറം എടയൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറിയുമായ ബഷീര്‍ കലമ്പനാണ് രാജിവച്ചത്. ബഷീര്‍ കലമ്പന്‍ പാര്‍ട്ടി ഭാരവാഹിത്വം രാജിവെച്ചതായി വ്യക്തമാക്കുന്ന വാട്‌സ്ആപ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പലതും പരസ്യമായി പറയുന്നതിന് പാര്‍ട്ടി ഭാരവാഹിത്വം തടസമാണെന്നും അതിനാലാണ് ഭാരവാഹിത്വം രാജിവെക്കുന്നതെന്നും ബഷീര്‍ വ്യക്തമാക്കുന്നു. എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് അധിക്ഷേപിച്ചെന്ന് കാട്ടി ബഷീര്‍ കലമ്പന്റെ മകള്‍ നേരത്തെ പരാതി പറഞ്ഞിരുന്നു. രാത്രി ഒമ്പതരക്ക് ശേഷവും ഹരിത അംഗങ്ങള്‍ തനിക്ക് വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ അയക്കുന്നുണ്ടെന്നും ഇവര്‍ അടക്കവും ഒതുക്കവുമുള്ളവരാകണമെന്നുമായുരുന്നു കബീര്‍ എംഎസ്എഫ് യോഗത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ഹരിത അംഗമായ ബഷീറിന്റെ മകള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.

ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് എംഎസ്എഫ് സംസ്ഥാന നേതാക്കള്‍കെതിരെ ഹരിതയുടെ പത്ത് നേതാക്കള്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ ഈ സംഘത്തില്‍ നല്‍കുന്നതില്‍ തന്റെ മകള്‍ ഉണ്ടായിരുന്നില്ലന്നും ബഷീര്‍ പറയുന്നു.

അതിനിടെ, എംഎസ്എഫ് നേതാക്കള്‍ ലൈംഗികമായി അധിക്ഷേപിച്ചുവെന്ന് കാണിച്ച് വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കാന്‍ ഹരിത നേതാക്കള്‍ക്ക് അന്ത്യ ശാസനം നല്‍കിയിരിക്കുകയാണ് മുസ്ലീം ലീഗ്. പരാതി പിന്‍വലിക്കാതെ ഉന്നയിച്ച വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്താന്‍ കഴിയില്ലെന്നാണ് മുസ്ലീം ലീഗ് നേതൃത്വത്തിന്റെ നിലപാട്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയ്ക്ക് മുമ്പ് പരാതി പിന്‍വലിക്കണമെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്നാണ് എംഎസ് എഫ് നേതാക്കള്‍ക്ക് എതിരെ വനിതാ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ ആക്ഷേപം. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ നേതാക്കള്‍തക്ക് എതിരെ താക്കീതില്‍ കവിഞ്ഞ നടപടിയ്ക്ക് സാധ്യതയില്ലെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ പരാതി പിന്‍വലിക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ആവശ്യം തള്ളുകയാണ് എംഎസ്എഫ് ഹരിത ഭാരവാഹികള്‍.

വനിതാ കമ്മീഷന് നല്‍കിയിരിക്കുന്ന പരാതി പിന്‍വലിച്ചാല്‍ പികെ നവാസിനെ പരസ്യമായി ശാസിക്കാം എന്നായിരുന്നു എന്നായിരുന്നു ലീഗ് നേതാക്കളുടെ വാഗ്ദാനം. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് വനിതാ നേതാക്കളുടെ തീരുമാനം. ഹരിത നേതാക്കളുമായി പാണക്കാട് വെച്ച് ചേര്‍ന്ന ചര്‍ച്ചയില്‍ ഇരു വിഭാഗവും നിലപാട് വ്യക്തമാക്കിയതായാണ് വിവരം. അതേസമയം പരാതി പിന്‍വലിച്ചില്ലെങ്കില്‍ ഹരിത നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

Next Story

Popular Stories