Top

അടിയന്തര യോഗം വിളിച്ച് മുസ്ലീം ലീഗ്; കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ ഇടി മുഹമ്മദ് ബഷീറും മലപ്പുറത്തേക്ക്

മൊയിന്‍ അലിക്കെതിരെ നടപടി വേണമെന്ന് ആവശ്യവും യോഗത്തില്‍ ഉയരും.

6 Aug 2021 2:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അടിയന്തര യോഗം  വിളിച്ച്  മുസ്ലീം ലീഗ്; കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ ഇടി മുഹമ്മദ് ബഷീറും മലപ്പുറത്തേക്ക്
X

പാര്‍ട്ടി മുഖപത്രമായ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ കള്ളപ്പണം എത്തിയെന്ന വിഷയത്തില്‍ പോര്‍മുഖം തുറന്ന മുസ്ലീം ലീഗില്‍ പ്രതിസന്ധി പരിഹരിക്കാന്‍ നീക്കങ്ങള്‍ തുടങ്ങി. വിഷയം പരിശോധിക്കാന്‍ അടിയന്തിര മുസ്ലീം ലീഗ് ഇന്ന് അടിയന്തിര യോഗം ചേരുകയാണ്. വിഷയത്തില്‍ നേരിട്ട് ഇടപെടാന്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ ഇന്ന് മലപ്പുറത്ത് എത്തും. വിവാദത്തില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യവിമര്‍ശനവുമായി രംഗത്ത് വന്നതിന് പിന്നാലെ നേതൃത്വത്തിന്റെ ഇടപെടലിന് വേഗം കുടിയത്.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉണ്ടായിരുന്ന പികെ കുഞ്ഞാലിക്കുട്ടി വ്യാഴാഴ്ച രാത്രി തന്നെ മലപ്പുറത്തേക്ക് തിരിച്ചിരുന്നു. ഇതിന് പിന്നാലെ ഡല്‍ഹിയിലുള്ള മുസ്ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീറും ഇന്ന് മലപ്പുറത്തേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റ് സമ്മേളനം തുടരുന്നതിനിടെയാണ് ഇടി അടിയന്തിരമായി കേരളത്തിലേക്ക് മടങ്ങുന്നത്.

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായിട്ടാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മൊയിന്‍ അലി രംഗത്ത് എത്തിയതോടെയാണ് വിഷയത്തില്‍ പാര്‍ട്ടി അടിയന്തിര ഇടപെടല്‍ നടത്തുന്നത്. വ്യാഴാഴ്ച വൈകീട്ട് കോഴിക്കോട് മാധ്യമങ്ങളെ കണ്ട മൊയിന്‍ അലി ഹൈദരലി തങ്ങള്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നതിനു കാരണം കുഞ്ഞാലിക്കുട്ടിയാണെന്ന് ആരോപിച്ചിരുന്നു.

കെടി ജലീല്‍ തുറന്ന് വിട്ട കള്ളപ്പണ വിവാദം മുസ്ലീം ലീഗില്‍ ഭിന്നത ഉണ്ടാക്കിയെന്നതിന്റെ തെളിവായാണ് മൊയിന്‍ അലിയുടെ രംഗപ്രവേശത്തെ കണക്കാക്കുന്നത്. പാര്‍ട്ടിയില്‍ കുഞ്ഞാലിക്കുട്ടി വിരുദ്ദ പക്ഷത്തിന്റെ പിന്തുണയും മൊയിന്‍ അലിക്ക് ഉണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ വിവാദം കൂടുതല്‍ വഷളാവാതിരിക്കാനാ്ണ് പാര്‍ട്ടി നേതൃത്വം ഇടപെടുന്നത്.

മൊയിന്‍ അലി ഉയര്‍ത്തിയ വിമര്‍ശനവും വിവാദത്തിന് ഒപ്പം ലീഗ് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ ശത്രുക്കള്‍ക്ക് കരുത്ത് പകരുന്ന നിലപാടാണ് മൊയിന്‍ അലി സ്വീകരിച്ചത് എന്നും ആക്ഷേപം ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്. ആ സാഹചര്യത്തില്‍ അദ്ദേഹത്തിന് എതിരെ നടപടി വേണമെന്ന് ആവശ്യവും യോഗത്തില്‍ ഉയരും. ഇതിനായി ഹൈദരലി ശിഹാബ് തങ്ങളുടെ അനുമതി തേടാനും നീക്കമുണ്ട്. അതിനിടെ, മൊയിന്‍ അലിയെ വാര്‍ത്താ സമ്മേളനത്തിലെ ലീഗ് പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ നിന്ന് തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് മറ്റൊരു ആക്ഷേപം. ഇത്തരം ഒരു നീക്കം നടന്നത് കുഞ്ഞാലിക്കുട്ടിയുടെ അറിവോടെയാണ് എന്നാണ് എതിര്‍ പക്ഷത്തിന്റെ ആവശ്യം.

അതിനിടെ, ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ കള്ളപ്പണം എത്തിയെന്ന കേസില്‍ തൂടര്‍ നടപടികള്‍ ശക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എന്നാല്‍ വെള്ളിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ തങ്ങള്‍ ഇന്ന് ഹാജറായേക്കില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഇഡിയെ അറിയിച്ചതായാണ് വിവരം. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യംചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കിയതിന് പിന്നാലെ ദിനപ്പത്രത്തിന്റെ ഫിനാന്‍സ് ഡയറക്ടര്‍ പി എ അബ്ദുള്‍ സമീറിനെ ഇന്ന് ചോദ്യം ചെയ്യും. ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് പത്ത് കോടി രൂപ എത്തിയതിലാണ് ചോദ്യം ചെയ്യല്‍.

പാലാരിവട്ടം പാലം അഴിമതിയിലൂടെ സമ്പാദിച്ച പണം മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞടക്കമുള്ളവര്‍ ലീഗ് മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് വെളുപ്പിക്കാന്‍ ശ്രമിച്ചെന്ന് കേസിലാണ് നടപടി. ആയിരം അഞ്ചൂറ് രൂപ നോട്ടുകള്‍ അസാധുവാക്കിയ കാലത്ത് 2016ലാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായ പി എ അബ്ദുള്‍ സമീര്‍ ചന്ദ്രികയുടെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മാര്‍ക്കറ്റ് റോഡ് ബ്രാഞ്ചിലെ അക്കൗണ്ടില്‍ പത്തുകോടി രൂപ നിക്ഷേപിച്ചതാണ് കേസിന് ആധാരം. വി കെ ഇബ്രാഹിംകുഞ്ഞിന്റെ ബിനാമിയായാണ് സമീര്‍ എന്നും ആക്ഷേപമുണ്ട്.

Next Story

Popular Stories