Top

ഹരിതയില്‍ പ്രതിഷേധം ശക്തം; കൂട്ടരാജി

ഞായറാഴ്ചയാണ് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നത്.

13 Sep 2021 2:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹരിതയില്‍ പ്രതിഷേധം ശക്തം; കൂട്ടരാജി
X

എംഎസ്എഫ് വനിത വിഭാഗം ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് മുസ്ലീം ലീഗ് നേതൃത്വം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധവും ശക്തമാവുന്നു. കാസര്‍ഗോഡ്, വയനാട് ജില്ലാ നേതൃത്വത്തില്‍ കൂട്ടരാജി. വയനാട് ജില്ലാ പ്രസിഡന്റ് ഫാത്തിമ ഷാദിന, ജില്ലാ സെക്രട്ടറി ഹിബ, കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് സാലിസ അബ്ദുല്ല, ജനറല്‍ സെക്രട്ടറി ശര്‍മിന മുശ്‌രിഫ എന്നിവരാണ് രാജി പ്രഖ്യാപിച്ചത്. ഞായറാഴ്ച രാത്രിയോടെ വാട്‌സാപ് വഴി എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോടിന് നേതാക്കള്‍ രാജി കത്ത് നല്‍കി.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ ലൈംഗിക അധിക്ഷേപ പരാധി പിന്‍വലിക്കണമെന്ന് മുസ്ലീം നേതൃത്വം ഹരിതാ നേതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ ഹരിതാ നേതാക്കള്‍ തയ്യാറായില്ല. ഇതോടെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിട്ടും പരാതി പിന്‍വലിക്കാത്തതിനാലാണ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ച് വിട്ട് പുതിയ ഭാരവാഹികളെ ഞായറാഴ്ച പ്രഖ്യാപിച്ചത്.

ഞായറാഴ്ചയാണ് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നതായി മുസ്ലീം ലീഗ് നേതൃത്വം അറിയിച്ചത്. പിഎച്ച് ആയിഷ ബാനുവാണ് പുതിയ അധ്യക്ഷ. ജനറല്‍ സെക്രട്ടറിയായി റുമൈസ റഫീഖിനെയും ട്രഷററായി നയന സുരേഷിനെയും നിയമിച്ചു. വൈസ് പ്രസിഡന്റുമാരായി നജ്‌വ ഹനീന (മലപ്പുറം), ഷാഹിദ റാഷിദ് (കാസര്‍ഗോഡ്), അയ്ഷ മറിയം (പാലക്കാട്) എന്നിവരെയും സെക്രട്ടറിമാരായി അഫ്ഷില (കോഴിക്കോട്), ഫായിസ. എസ് (തിരുവനന്തപുരം), അഖീല ഫര്‍സാന (എറണാകുളം) എന്നിവരെയും നിയമിച്ചു.

കഴിഞ്ഞ കമ്മിറ്റിയിലെ സംസ്ഥാന ട്രഷററായിരുന്നു ആയിഷ ബാനു. ഹരിതാ നേതാക്കള്‍ നല്‍കിയ പരാതിയില്‍ ആയിഷ ഒപ്പ് വച്ചിരുന്നില്ല. മാത്രമല്ല, പികെ നവാസിനും നേതൃത്വത്തിനും അനുകൂല നിലപാട് സ്വീകരിച്ച വ്യക്തി കൂടിയായിരുന്നു ആയിഷ. റുമൈസ റഫീഖ് നേരത്തെ ജില്ലാ ഭാരവാഹിത്വത്തിലുണ്ടായിരുന്നു വ്യക്തിയാണ്. മലപ്പുറം സ്വദേശിയാണ് നയന സുരേഷ്. പിഎംഎ സലാമാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്.

അതേസമയം, ഹരിത വിവാദം വിശദീകരിച്ച് പിഎംഎ സലാം വീണ്ടും രംഗത്തെത്തി. വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഹരിത ഭാരവാഹികള്‍ക്ക് നിഗൂഡമായ ഉദ്ദേശങ്ങള്‍ ഉണ്ടായിരുന്നു. പാണക്കാട് കുടുംബത്തിന്റെ തീരുമാനം ലംഘിക്കുന്നത് അംഗീകരിക്കാനാകില്ല. വിവാദങ്ങള്‍ക്ക് പിന്നില്‍ ഗ്രൂപിസമെന്നും സലാം വിമര്‍ശിച്ചു. ഹരിത തര്‍ക്കത്തിന് കാരണം നവാസിന്റെ പരാമര്‍ശങ്ങളല്ല. തര്‍ക്കം മുമ്പ് തന്നെ തുടങ്ങി, നവാസിന്റെ വാക്കുകള്‍ വീണ് കിട്ടിയത് ഹരിതാ നേതാക്കള്‍ ആയുധമാക്കുകയായിരുന്നു. അവര്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ പാര്‍ട്ടിയിലാണ് പറയേണ്ടത്. നേതൃത്വത്തെ അറിയിക്കേണ്ടതിന് പകരം ചാനലുകളെ ആണ് അറിയിച്ചിരുന്നത്. നാല് വര്‍ഷമായി ഹരിതയുടെ യോഗത്തില്‍ പങ്കെടുക്കാത്തവര്‍ നവാനിനെതിരായ പരാതിയില്‍ ഒപ്പിട്ടിരുന്നെന്നും സലാം പറഞ്ഞു.

Next Story

Popular Stories