Top

'തീരുമാനങ്ങള്‍ ഹരിതയുമായി കൂടിയാലോചിച്ച ശേഷം'; ഇനിയുള്ളത് ആഭ്യന്തര നടപടിക്രമം മാത്രമെന്ന് എം കെ മുനീര്‍

26 Aug 2021 8:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തീരുമാനങ്ങള്‍ ഹരിതയുമായി കൂടിയാലോചിച്ച ശേഷം; ഇനിയുള്ളത് ആഭ്യന്തര നടപടിക്രമം മാത്രമെന്ന് എം കെ മുനീര്‍
X

വിവാദ പരാമര്‍ശത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാപ്പുപറയാനും പരാതി പിന്‍വലിക്കാനുമുള്ള തീരുമാനം ഉണ്ടായത് ഹരിത നേതാക്കളുമായി ഉള്‍പ്പെടെ കൂടിയാലോചിച്ച ശേഷമെന്ന് ഡോ. എം കെ മുനീര്‍. ഹരത വിവാദത്തില്‍ നടപടി വ്യക്തമാക്കി മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം പത്രക്കുറിപ്പ് പുറത്തിറക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് എം കെ മുനീര്‍ എംഎല്‍എ ഇക്കാര്യം അറിയിച്ചത്.

ഹരിതയുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം. ഹരിത നേതാക്കള്‍ സംസ്ഥാന വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കും. ഇനിയുള്ളത് ആഭ്യന്തര നടപടി ക്രമം മാത്രമാണെന്നും എംകെ മുനീര്‍ ചൂണ്ടിക്കാട്ടി.

വനിതാ നേതാക്കള്‍ക്ക് എതിരായ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വിഎ വഹാബ് എന്നിവര്‍ ഖേദം പ്രകടിപ്പിച്ചെന്നായിരുന്നു ലീഗ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. ഹരിതാ നേതാക്കള്‍ക്കെതിരെയുള്ള പരാമര്‍ശം ദുരുദ്ദ്യേശത്തോടെയല്ലെന്നും 'എങ്കിലും' നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയാണെന്നും നേതാക്കള്‍ അറിയിച്ചു. മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി പുറത്ത് വിട്ട കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍, സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ എംഎസ്എഫ് നേതാക്കള്‍ ഖേദം പ്രകടിപ്പിക്കുമ്പോഴും പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഹരിത നേതൃത്വം. പുറത്ത് വന്നിരിക്കുന്നത് മുസ്ലീം ലീഗിന്റെ അഭിപ്രായം മാത്രമാണെന്നും പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഹരിതയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരുടെ പ്രതികരണം.

Next Story

Popular Stories