Top

'എല്ലാവരും ഒന്നിക്കുന്നത് കാണാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഓണാഘോഷം ഞെട്ടലായി തോന്നാം'; അവര്‍ വിറളി പിടിക്കുന്നത് സ്വാഭാവിമെന്ന് മന്ത്രി റിയാസ്

കേരള കൂട്ടായ്മക്ക് നേരെയുള്ള വിരല്‍ചൂണ്ടല്‍ ആണിത്,' കേരള കൂട്ടായ്മയ്ക്ക് നേരെയുള്ള ഭയപ്പെടുത്തല്‍ ആണിതെന്നും മന്ത്രി

17 Sep 2022 2:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്ലാവരും ഒന്നിക്കുന്നത് കാണാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഓണാഘോഷം ഞെട്ടലായി തോന്നാം; അവര്‍ വിറളി പിടിക്കുന്നത് സ്വാഭാവിമെന്ന് മന്ത്രി റിയാസ്
X

തിരുവനന്തപുരം: ഓണവുമായി മഹാബലിക്ക് ബന്ധമില്ലെന്നും കേരളം മാവേലിയെ ദത്തെടുത്താണെന്നുമുള്ള കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രസ്താവനക്കെതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ്. വി മുരളീധരന്റെ മാവേലി പരാമര്‍ശം തമാശയായി കാണേണ്ടതല്ലെന്ന് റിയാസ് പറഞ്ഞു. ഇത്തവണത്തേത് ഒരു റിവഞ്ച് ഓണാഘോഷം ആയിരുന്നു. മൂന്ന് വര്‍ഷത്തെ ഇടവേളക്കുശേഷം കിട്ടിയ ഓണാഘോഷമാണിത്. ലോകമാകെ ശ്രദ്ധിച്ച ഈ ഒത്തുചേരലില്‍ കേന്ദ്രമന്ത്രി വിറളി പൂണ്ടെന്ന് മുഹമ്മദ് റിയാസ് വിമര്‍ശിച്ചു.

'എല്ലാവരും ഒന്നിക്കണം എന്ന് ആഗ്രഹമില്ലാത്തവരെ സംബന്ധിച്ചിടത്തോളം ഒരു വിറളി പിടിക്കുന്നത് സ്വാഭാവികമാണ്. എല്ലാവരും ഒന്നിക്കുന്നത് കാണാന്‍ താല്‍പര്യം ഇല്ലാത്തവര്‍ക്ക് ഓണാഘോഷം ഞെട്ടലായി തോന്നും. ഗൗരവതരമായ പരാമര്‍ശം ആണ് വി മുരളീധരന്‍ നടത്തിയത്. കേരള കൂട്ടായ്മക്ക് നേരെയുള്ള വിരല്‍ചൂണ്ടല്‍ ആണിത്,' കേരള കൂട്ടായ്മയ്ക്ക് നേരെയുള്ള ഭയപ്പെടുത്തല്‍ ആണിതെന്നും മന്ത്രി പ്രതികരിച്ചു.

മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായി തെളിവില്ലെന്നായിരുന്നു മുതിര്‍ന്ന ബിജെപി നേതാവിന്റെ പ്രതികരണം. ഓണവുമായുളള മഹാബലിയുടെ ബന്ധം മനസിലാകുന്നില്ല. മഹാബലിയെ കേരളം ദത്തെടുത്തതാകാം. വാമനന്‍ മഹാബലിക്ക് മോക്ഷം നല്‍കുകയായിരുന്നുവെന്നാണ് ഐതിഹ്യം പറയുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ബിജെപി അനുകൂല സംഘടനകളുടെ ഓണാഘോഷ പരിപാടിക്കിടെയാണ് മലയാളി ഐതിഹ്യം തളളിക്കൊണ്ടുളള കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം. ഓണം ഹൈന്ദവവല്‍കരിക്കാനും വാമനജയന്തിയായി ആഘോഷിക്കാനും സംഘ്പരിവാര്‍ ശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ വാക്കുകള്‍.

STORY HIGHLIGHTS: minister riyas against v muraleedharan on onam remark

Next Story