Top

സംരക്ഷകനില്‍ നിന്നും മുഖ്യമന്ത്രിയുടെ 'യു ടേണ്‍'; പോരാട്ടമുഖത്ത് ഒറ്റപ്പെട്ട് 'സുല്‍ത്താന്‍'

എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആവശ്യപ്പെട്ട് ആക്രമണം കടുപ്പിക്കാനുള്ള കെടി ജലീലിന്റെ നീക്കം പക്ഷേ അദ്ദേഹത്തിന് ബൂമറാങായി

8 Sep 2021 7:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംരക്ഷകനില്‍ നിന്നും മുഖ്യമന്ത്രിയുടെ യു ടേണ്‍; പോരാട്ടമുഖത്ത് ഒറ്റപ്പെട്ട് സുല്‍ത്താന്‍
X

'യുദ്ധ ഭൂമിയില്‍ പിന്തുണ നഷ്ടപ്പെട്ട പോരാളി'. മുന്‍ മന്ത്രിയും ഇടത് എംഎല്‍എയുമായ കെ ടി ജലീല്‍ തുറന്ന് വിട്ട ആരോപണം ഒടുവില്‍ അദ്ദേഹത്തെ രാഷ്ട്രീയ ഒറ്റപ്പെടലിലേക്ക് എത്തിച്ചിരിക്കുന്നു. മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമിട്ടായിരുന്നു രണ്ടാം പിണറായി സര്‍ക്കാറിന്റെ തുടക്കം മുതല്‍ കെ ടി ജലീല്‍ പ്രവര്‍ത്തിച്ചത്. ചന്ദ്രികയിലെ കള്ളപ്പണ വിവാദം ഉള്‍പ്പെടെ കെടി ജലീല്‍ ഉര്‍ത്തിയ ആരോപണങ്ങള്‍ ലീഗിനെയും, യുഡിഎഫിനെയും വലിയ പ്രതിരോധത്തിലാക്കുകയും ചെയ്തു. ജലീലിന്റെ പോരാട്ടം ഇടത് സൈബര്‍ ഗ്രൂപ്പുകള്‍ ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ പ്രതിപക്ഷ സംഘടനകള്‍ വലിയ പ്രതിരോധത്തിലാക്കുകയും ചെയ്തു.

എആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ചു കൊണ്ടുള്ള കെടി ജലീലിന്റെ കടന്ന് വരവ് മുസ്ലീം ലീഗിനെ വലിയ പ്രതിരോധത്തിലാക്കി. ഇതിന് പിന്നാലെ ക്രമക്കേടില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആവശ്യപ്പെട്ട് ആക്രമണം കടുപ്പിക്കാനുള്ള കെടി ജലീലിന്റെ നീക്കം പക്ഷേ അദ്ദേഹത്തിന് ബൂമറാങായി. വലിയ വിവാദങ്ങളില്‍ പോലും ജലീലിനെ സംരക്ഷിച്ച് പോന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പൊടുന്നനെ എടുത്ത 'യു ടേണ്‍' രാഷ്ട്രീയ കേരളത്തെ പോലും അമ്പരപ്പിച്ചു.

ചൊവ്വാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു എആര്‍ നഗര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തെ പിന്തുണയ്ച്ച് രംഗത്ത് എത്തിയ കെടി ജലീലിനെ മുഖ്യമന്ത്രി പരസ്യമായി വിമര്‍ശിച്ചത്. കെടി ജലീല്‍ ഇഡി ചോദ്യം ചെയ്തയാളാണ്, ആ ചോദ്യം ചെയ്യലോടു കൂടി ഇഡിയില്‍ അദ്ദേഹത്തിന് കൂടുതല്‍ വിശ്വാസം വന്നതായാണ് തോന്നുന്നത്. അങ്ങനെ ചില പ്രതികരണങ്ങളാണ് കാണുന്നത് എന്ന് രൂക്ഷമായി തന്നെ മുഖ്യമന്ത്രി നിലപാട് എടുത്തു. സ്വര്‍ണക്കടത്ത് കേസില്‍ പോലും ഇഡി വിവരങ്ങള്‍ ശേഖരിക്കാനാണ് എന്ന് പലവട്ടം ന്യായീകരിച്ച മുഖ്യമന്ത്രിയാണ് 'ആ ചോദ്യം ചെയ്യലോടു കൂടി' എന്ന് തിരുത്തിയത്.

മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാണ്. ഒന്നാം പിണറായി സര്‍ക്കാറിന് മുകളില്‍ വട്ടമിട്ട് പറന്ന ഇഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളോട് രാഷ്ട്രീയമായും നിയപരമായും മല്ലിട്ടാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. കേരളത്തിനെതിരെ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന് പലവട്ടം ഇടത് പക്ഷം നിലപാട് എടുക്കുകയും ചെയ്തു. ഇതേ അന്വേഷണ ഏജന്‍സിയെ ആണ് കെ ടി ജലീല്‍ എആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് ലക്ഷണിച്ച് കൊണ്ടുവരാന്‍ ശ്രമിച്ചത്.

രാജ്യത്തെ സഹകരണമേഖലയെ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിച്ച് നടപടികള്‍ പുരോഗമിക്കുന്ന സാചര്യത്തില്‍ ഇത്തരം ഒരു വിവാദം വലിയ തിരിച്ചടി ഉണ്ടാക്കിയേക്കും എന്ന തിരിച്ചറിവാണ് ജലീലിനെ തള്ളിക്കൊണ്ട് മുഖ്യമന്ത്രി ആരോപണങ്ങളുടെ മുനയൊടിക്കുന്നത് എന്ന് വ്യക്തമാണ്. ചൊവ്വാഴ്ച മുഖ്യമന്ത്രിയും, പിന്നാലെ സഹകരണ മന്ത്രിയും നടത്തിയ പ്രതികരണങ്ങളും ഇതിന് ഉദാഹരണമാണ്.

കേരളത്തിലെ സഹകരണ മേഖല ഇഡിയൊന്നും കൈകാര്യം ചെയ്യേണ്ടതല്ലെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. അതിനുള്ള സംവിധാനം കേരളത്തില്‍ ഉണ്ടെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സഹകരണ ബാങ്ക് ക്രമക്കേട് അന്വേഷിക്കാന്‍ കേരളത്തില്‍ സംവിധാനമുണ്ട്. സഹകരണ മേഖല സംസ്ഥാനത്തിന്റെ കീഴില്‍ വരുന്ന വിഷയമാണ്. അതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരേണ്ട കാര്യമില്ലെന്നും സഹകരണമന്ത്രിയും വ്യക്തമാക്കുന്നു. ഒരു പടികൂടി കടന്ന് സഹകരണമന്ത്രി വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പും കെടി ജലീലിന് നല്‍കി.

വിഷയത്തില്‍ കെടി ജലീല്‍ എടുത്ത താല്‍പര്യത്തെ തള്ളിപ്പറയുകയാണ് സിപിഐഎമ്മും. കെടി ജലീലിന്റെ പ്രസ്താവനകളില്‍ സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ അതൃപ്തി അറിയിച്ചു കഴിഞ്ഞു. പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് സിപിഐഎം കെടി ജലീലിന് നല്‍കിയ നിര്‍ദേശം എന്നാണ് റിപ്പോര്‍ട്ട്. സഹകരണബാങ്കില്‍ ഇഡി അന്വേഷിക്കണമെന്നത് പാര്‍ട്ടി നിലപാടിന് എതിരാണെന്നും മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യം വെക്കുന്നത് ശരിയല്ലെന്നും സിപിഐഎം കെടി ജലീലിനെ അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയായി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് എതിരെ പോരാട്ടം തുടരും എന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് വ്യക്തിപരമായ ആക്രമണം വേണ്ടെന്ന് സിപിഐഎം നിര്‍ദേശം എന്നതും ശ്രദ്ധേയമാണ്. സഹകരണബാങ്കുമായി ബന്ധപ്പെട്ട ഒരു തരത്തിലുള്ള നടപടികളും വേണ്ടെന്ന സൂചനയാണ് ഇതിലൂടെ സിപിഐഎം നല്‍കുന്നത് എന്നതും വ്യക്തം.

Next Story

Popular Stories