Top

'ശിവന്‍കുട്ടി രാജി വെച്ചേ പറ്റൂ'; നേമത്ത് രണ്ട് മാസം നീളുന്ന സമരപരമ്പരകള്‍ക്ക് കെപിസിസി

പന്തം കൊളുത്തി പ്രകടനം,സത്യാഗ്രഹങ്ങള്‍, ഭവന സന്ദര്‍ശനം തുടങ്ങി വിപുലമായ സമര പരിപാടികള്‍ക്കാണ് രൂപം നല്‍കിയത്

5 Aug 2021 11:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശിവന്‍കുട്ടി രാജി വെച്ചേ പറ്റൂ; നേമത്ത് രണ്ട് മാസം നീളുന്ന സമരപരമ്പരകള്‍ക്ക് കെപിസിസി
X

നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് നേമം നിയോജക മണ്ഡലത്തില്‍ രണ്ടു മാസം നീണ്ടുനില്‍ക്കുന്ന സമരപരമ്പരകള്‍ക്ക് കെപിസിസി.

നേതൃയോഗങ്ങള്‍, മണ്ഡലം തലത്തില്‍ പദയാത്ര,ഭീമഹര്‍ജി, ഒപ്പുശേഖരണം, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പോഷകസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍, പന്തം കൊളുത്തി പ്രകടനം,സത്യാഗ്രഹങ്ങള്‍, ഭവന സന്ദര്‍ശനം തുടങ്ങി വിപുലമായ സമര പരിപാടികള്‍ക്കാണ് രൂപം നല്‍കിയത്.

ആഗസ്റ്റ് 12 മുതല്‍ 31 വരെ ഒപ്പുശേഖരണം നടത്തും. മണ്ഡലം പദയാത്രകള്‍ സെപ്റ്റംബര്‍ 3 മുതല്‍ 14 വരെ സംഘടിപ്പിക്കും.പോഷക സംഘടനകളുടെ പദയാത്ര സെപ്റ്റംബര്‍ 15 മുതല്‍ 20 വരെയും 23ന് വാര്‍ഡ് തലത്തില്‍ പന്തം കൊളുത്തി പ്രകടനവും 25ന് വാര്‍ഡ് തലത്തില്‍ സത്യാഗ്രഹവും നടത്തും. 28 മുതല്‍ 30 വരെ ഭവന സന്ദര്‍ശനവും സംഘടിപ്പിക്കും.

ഇതിനിടെ ഡിസിസി പ്രസിഡന്റുമാര്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി കെപിസിസി ആസ്ഥാനത്ത് ചേര്‍ന്നു.പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, പി ടി തോമസ് എംഎല്‍എ, ടി സിദ്ദിഖ് എംഎല്‍എ എന്നിവര്‍ ഓണ്‍ലൈന്‍ യോഗത്തിന് നേതൃത്വം നല്‍കി.

സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനും ഐക്യത്തോടെ മുന്നോട്ടു പോകാനും കെപിസിസി പ്രസിഡന്റ് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന ഒരു തരത്തിലുള്ള അച്ചടക്ക ലംഘനവും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പരിപാടികള്‍ ബൂത്ത് തലത്തില്‍ വിപുലമായി നടത്താനും ആഗസ്റ്റ് 20ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം മണ്ഡലം തലത്തിലും നടത്തും. ബംഗ്ലാദേശ് വിമോചന സമരത്തിന്റെ അമ്പതാം വാര്‍ഷികം സംഘടിപ്പിക്കാനും തീരുമാനിച്ചു.

Next Story

Popular Stories