Top

'സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പുനഃസംഘടനയ്‌ക്കെന്ത് പ്രസക്തി'; സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി

20 Oct 2021 2:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പുനഃസംഘടനയ്‌ക്കെന്ത് പ്രസക്തി; സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി
X

ദേശീയ തലത്തില്‍ കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന വര്‍ക്കിങ് കമ്മിറ്റി യോഗത്തിന്റെ തീരുമാനം സംസ്ഥാന പാര്‍ട്ടിയില്‍ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കെപിസിസി പുനഃസംഘടന വീണ്ടും അനിശ്ചിതത്വത്തിലായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഭാരവാഹികളെ പ്രഖ്യാപിക്കുന്ന കീഴ്‌വഴക്കം പാര്‍ട്ടിക്ക് ഇല്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ചു മാസത്തിനുശേഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭാരവാഹികളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിലെ അനൗചിത്യമാണ് ഒരു വിഭാഗം നേതാക്കള്‍ ചോദ്യം ചെയ്യുന്നത്.

നവംബര്‍ ഒന്നുമുതല്‍ അംഗത്വ വിതരണവും അഞ്ചു മാസത്തിനുശേഷം തെരഞ്ഞെടുപ്പും നടക്കാനിരിക്കെ കെപിസിസിയിലേക്ക് പുതിയ ഭാരവാഹികളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിലെ അനൗചിത്യമാണ് നേതാക്കള്‍ ചോദ്യം ചെയ്യുന്നത്. പാര്‍ട്ടി സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ സുപ്രധാന നയപരമായ കാര്യങ്ങളും ഭാരവാഹി നിയമനവും കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സംഘടനാ തെരഞ്ഞെടുപ്പ് വരെ നിലവിലെ ഭാരവാഹികള്‍ തുടരട്ടെ എന്നാണ് ഇവരുടെ അഭിപ്രായം.

ഭാരവാഹികളെ സംബന്ധിച്ച മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അന്തിമപട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയത്. പിന്നാലെയാണ് പുതിയ പ്രതിസന്ധി. പക്ഷെ ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിക്കണമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റാണ്.

പട്ടികയില്‍ കൂടിയാലോചനകള്‍ നടന്നില്ലെന്ന് പരക്കെ പരാതി ഉയര്‍ന്നിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയാണ് പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ചത്. കെ സി വേണുഗോപാല്‍, വിഡി സതീശന്‍ കെ സുധാകരന്‍ എന്നിവര്‍ ഏകപക്ഷീയമായാണ് ഭാരവാഹി പട്ടിക തയ്യാറാക്കിയതെന്നും ആരോപണമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി വര്‍ക്കിംഗ് പ്രസിഡണ്ടുമാരായ പി ടി തോമസ്, ടി സിദ്ധിഖ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു.

Next Story

Popular Stories