Top

'പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം'; ബിജെപിക്ക് കെ സുധാകരന്റെ മറുപടി

1 Sep 2021 4:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം; ബിജെപിക്ക് കെ സുധാകരന്റെ മറുപടി
X

ഡിസിസി അധ്യക്ഷ പട്ടിക പുറത്തിറക്കിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത പൊട്ടിത്തെറി മുതലെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇത് പരസ്യമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം എംടി രമേശും കൃഷ്ണദാസും നടത്തിയ പ്രതികരണങ്ങള്‍. എന്നാല്‍ വിഷയത്തില്‍ ബിജെപി നേതാക്കള്‍ക്ക് രൂക്ഷഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് കെപിസിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ബിജെപി നേതാക്കളുടേത് വ്യാമോഹമാണെന്നും പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം എന്നുമാണ് സുധാകരന്‍ ചോദിച്ചത്. ആരെങ്കിലുമൊക്കെ വരുമെന്ന് ബിജെപിക്ക് സ്വപ്‌നം കാണാം. എന്നാല്‍ ബിജെപിയിലേക്ക് പോകാന്‍ കേരളത്തിലെ കോണ്‍ഗ്രസുകാരെ കിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

'ഉത്തരേന്ത്യയില്‍ അത് നടന്നിട്ടുണ്ടാവും. അവിടെ ബിജെപി ശക്തിപ്പെട്ടിട്ടുമുണ്ട്. ഇവിടെ ബിജെപി താഴേക്കല്ലേ പോകുന്നത്. നെഹ്‌റുവിനെ ആക്ഷേപിക്കുന്ന പാര്‍ട്ടിയിലേക്ക് പോകാന്‍ ഏത് കോണ്‍ഗ്രസുകാരനാണ് തയ്യാറാവുക.' കെ സുധാകരന്‍ ചോദിച്ചു.

കോണ്‍ഗ്രസിന്റെ തകര്‍ച്ച ബിജെപിക്ക് ഗുണം ചെയ്യുമെന്നായിരുന്നു ബിജെപി നേതാവ് എം ടി രമേശ് കഴിഞ്ഞ ദിവസം കോഴിക്കോട് പറഞ്ഞത്. കോണ്‍ഗ്രസ് വിടുന്നവര്‍ക്ക് സിപിഐഎമ്മിലേക്ക് പോകാന്‍ ആകില്ല. കോണ്‍ഗ്രസില്‍ നിന്ന് പോയവര്‍ കേരളത്തിന് പുറത്ത് ബിജെപിയിലേക്ക് ആണ് വരുന്നത്. ഇവിടെയും അങ്ങനെ ആകും എന്നാണ് പ്രതീക്ഷയെന്നാണ് എംടി രമേശിന്റെ പ്രതികരണം. നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ബിജെപിയിലേക്ക് കടന്നു വരാമെന്നും എംടി രമേശ് പറഞ്ഞു.

കോണ്‍ഗ്രസില്‍ അസംതൃപ്തരായ നേതാക്കളേയും അണികളേയും സ്വാഗതം ചെയ്യുന്നുവെന്ന ബിജെപി നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസിന്റെ പ്രതികരണത്തിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി എംടി രമേശും രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കായി ബിജെപിയില്‍ കവാടം തുറന്നിട്ടിരിക്കുകയാണെന്നും നിലവില്‍ കോണ്‍ഗ്രസ് വിട്ട ഒരു നേതാവും തങ്ങളെ സമീപിച്ചിട്ടില്ലെന്നുമായിരുന്നു പികെ കൃഷ്ണദാസ് പറഞ്ഞത്.

Next Story

Popular Stories