Top

'സതീശന്‍ അന്ന് പറഞ്ഞത്രയൊന്നും ഞാന്‍ പറഞ്ഞിട്ടില്ല'; രൂക്ഷപ്രതികരണവുമായി കെപി അനില്‍കുമാര്‍

ഡിസിസി അധ്യക്ഷ പട്ടികയിലെ അതൃപ്തിയില്‍ രൂക്ഷ പ്രതികരണവുമായി കെപി അനില്‍കുമാര്‍

29 Aug 2021 6:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സതീശന്‍ അന്ന് പറഞ്ഞത്രയൊന്നും ഞാന്‍ പറഞ്ഞിട്ടില്ല; രൂക്ഷപ്രതികരണവുമായി കെപി അനില്‍കുമാര്‍
X

ഡിസിസി അധ്യക്ഷ പട്ടികയിലെ അതൃപ്തിയില്‍ വീണ്ടും രൂക്ഷ പ്രതികരണവുമായി അച്ചടക്ക നടപടി നേരിടുന്ന കോണ്‍ഗ്രസ് നേതാവ് കെപി അനില്‍കുമാര്‍. കെ സുധാകരനും വിഡി സതീശനും ചുമതലയിലേക്ക് വന്നപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം കൂടുതല്‍ മോശമാണെന്നും കെപി അനില്‍കുമാര്‍ പറഞ്ഞു. ജനാധിപത്യ സംവിധാനം ഉള്ള പാര്‍ട്ടിയില്‍ ഒരു നേതാവിനെതിരെ അച്ചടക്ക നടപടിയെടുക്കുമ്പോള്‍ വിശദീകരണം ചോദിക്കുന്നതുള്‍പ്പെടെ കൃത്യമായ മാനദണ്ഡം പാലിക്കേണ്ടതുണ്ടെന്നും അത് തന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും അനില്‍കുമാര്‍ വിമര്‍ശിച്ചു. പൊതുപ്രവര്‍ത്തനം നിര്‍ത്താന്‍ ഉദേശിക്കുന്നില്ല മറിച്ച് എഐസിസിക്ക് പരാതി നല്‍കുമെന്നും അനില്‍കുമാര്‍ വ്യക്തമാക്കി.

'സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ പാര്‍ട്ടി അച്ചടക്കത്തെ കുറിച്ച് വാതോരാതെ സംസാരിച്ചിട്ടുണ്ട്. പാലിക്കേണ്ട മര്യാദകള്‍ പാലിച്ചശേഷമാണ് അച്ചടക്കത്തെ കുറിച്ച് മറ്റുള്ളവരോട് സംസാരിച്ചത്. യോഗത്തിന് പോയാല്‍ മൊബൈലില്‍ പോലും സംസാരിക്കാത്തയാളാണ് ഞാന്‍. ഞാന്‍ എന്ത് അച്ചടക്ക രാഹിത്യമാണ് കാണിച്ചത്. ഉള്ളകാര്യങ്ങള്‍ വെട്ടിതുറന്ന് പറഞ്ഞതാണോ ഞാന്‍ ചെയ്ത തെറ്റ്. തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് കെപിസിസിയുടെ ഒരു യോഗം വിളിച്ചിരുന്നോ. എന്തുകൊണ്ട് പരാജയപ്പെട്ടുവെന്നത് ചര്‍ച്ചചെയ്യാന്‍ ഒരു യോഗം പോലും വിളിച്ചിട്ടില്ല. എന്നെ സസ്‌പെന്‍ഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ പറയുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ? അച്ചടക്കം ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണം. അതിന് മുമ്പ് വിശദീകരണം ചോദിക്കണം. അത് തൃപ്തികരമല്ലെങ്കില്‍ മാത്രമാണ് സസ്‌പെന്‍ഷന്‍. ഒരു ഫോണ്‍കോളിലൂടെ പോലും എന്നെ ബന്ധപ്പെട്ടിട്ടില്ല. ഞാന്‍ പറയുന്നു എന്നെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിട്ടില്ലായെന്ന്. എനിക്ക് ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട എഐസിസിയുടെ അംഗമാണ്. ഞാന്‍ കെപിസിസി നിര്‍വാഹക സമിതി അംഗമാണ്. അതില്‍ നിന്നാണോ സസ്‌പെന്‍ഷന്‍, പ്രാഥമിക അംഗത്വത്തില്‍ നിന്നാണോ സസ്‌പെന്‍ഷന്‍ എന്ന് പോലും വ്യക്തമല്ല.' അനില്‍കുമാര്‍ പറഞ്ഞു.
നിലവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എംഎല്‍എ മാത്രമായിരുന്ന സമയത്ത് അന്നത്തെ കെപിസിസി പ്രസിഡണ്ടിനെതിരായും പ്രതിപക്ഷ നേതാവിനെതിരായും പറഞ്ഞത്രയൊന്നും താന്‍ പറഞ്ഞിട്ടില്ലല്ലോയെന്നും അനില്‍കുമാര്‍ ചോദിച്ചു. സസ്‌പെന്‍ഷനില്‍ വിരോധമില്ല. പാര്‍ട്ടിക്ക് ഗുണമാണെങ്കില്‍ നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
'പാര്‍ട്ടിക്കകത്ത് നിന്നും ഒരുപാട് അനുഭവിച്ചയാളാണ്. 2016 ല്‍ സീറ്റ് നിഷേധിച്ചപ്പോഴും ഒന്നും പറഞ്ഞിട്ടില്ല. കേരളത്തിലെ 70 ശതമാനം വരുന്ന പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇന്നലെ പറഞ്ഞത്. വിമര്‍ശിച്ചതിന് പിന്നാലെ വലിയ പിന്തുണയാണ് പ്രാദേശിക തലത്തില്‍ നിന്നും ലഭിച്ചത്. ഗ്രൂപ്പിന്റെ അതിപ്രസരം ഉണ്ടാവില്ലെന്ന് പറഞ്ഞിട്ടാണ് പുതിയ നേതൃത്വം വന്നത്. എന്നാല്‍ നേരത്തെ ഉണ്ടായതിനേക്കാള്‍ മോശമായിട്ടല്ലേ ഇപ്പോള്‍ നടക്കുന്നത്. ഞാനൊരു ഗ്രൂപ്പിന്റേയും ഭാഗമല്ല. അച്ഛനും അമ്മയും വയസായാല്‍ ഞാന്‍ തീരുമാനം എടുക്കാം എന്ന് പറയുന്നവരെ എന്ത് വിളിക്കണം എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.' അനില്‍കുമാര്‍ വിശദീകരിച്ചു.
എംകെ രാഘവന്‍ എംപിക്കെതിരേയും അനില്‍കുമാര്‍ രംഗത്തെത്തി. കോഴിക്കോട്ടെ ഡിസിസി പ്രസിഡണ്ട് സ്ഥാനം സംബന്ധിച്ച് എല്ലം ചെയ്യുന്നത് എംപിയാണെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ എല്ലാം അദ്ദേഹത്തെ അങ്ങ് ഏല്‍പ്പിച്ചാല്‍ മതിയല്ലോ. കോര്‍പ്പറേഷന്‍ യോഗത്തില്‍ പച്ചകണ്ടോ കോണ്‍ഗ്രസ്. രാഘവന്‍ ഇവിടെ ജയിക്കുന്നുണ്ട്. താനല്ലാതെ മറ്റൊരാളും വരേണ്ടതില്ലയെന്ന നിലപാടാണ് രാഘവനെന്നും അനില്‍കുമാര്‍ പറഞ്ഞു.

Next Story

Popular Stories