Top

'മാധ്യമങ്ങളുടെ താത്പര്യത്തിന് നന്ദി, പാർട്ടി തീരുമാനിക്കും'; ചോദ്യങ്ങളോട് കോടിയേരി

ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലേ 2020 നവംബർ 13നാണ് കോടിയേരി സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്.

10 Nov 2021 11:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാധ്യമങ്ങളുടെ താത്പര്യത്തിന് നന്ദി, പാർട്ടി തീരുമാനിക്കും; ചോദ്യങ്ങളോട് കോടിയേരി
X

തിരുവനന്തപുരം: സിപിഐഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് നേരിട്ട് മറുപടി പറയാതെ കോടിയേരി ബാലകൃഷ്ണന്‍. സമ്മേളന കാലയളവില്‍ ന്നെ മടക്കമുണ്ടാകുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് 'നിങ്ങള്‍ പ്രകടിപ്പിക്കുന്ന താല്‍പര്യത്തിന് നന്ദി' എന്നായിരുന്നു കോടിയേരിയുടെ മറുപടി. അക്കാര്യങ്ങളെല്ലാം പാർട്ടി യുക്തമായി സമയത്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള കോടിയേരിയുടെ മടക്കം സംബന്ധിച്ച് നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം എടുക്കും. ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലേ 2020 നവംബർ 13നാണ് കോടിയേരി സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. തുടർ ചികിത്സ ആവശ്യമായതിനാൽ അവധി അനുവദിക്കുന്നു എന്നായിരുന്നു സിപിഐഎം സെക്രട്ടേറിയറ്റിന്‍റെ വിശദീകരണം.

തദ്ദേശ തെരഞ്ഞെടുപ്പിന് ആഴ്ചകൾക്കു മുൻപായിരുന്നു മാറ്റം. മകനെതിരേ ഉയരുന്ന ആരോപണങ്ങൾ പാർട്ടിയേയും മുന്നണിയേയും ബാധിക്കാതിരാക്കാനുള്ള കരുതലായിരുന്നു അവധിയടുക്കാനുള്ള കോടിയേരിയുടെ തീരുമാനമെന്നാണ് നിരീക്ഷിക്കപ്പെട്ടത്. സംസ്ഥാന സെക്രട്ടറിയുടെ ചുമതല എ.വിജയരാഘവനു കൈമാറിയെങ്കിലും തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സിപിഐഎമ്മിനെ നയിച്ചത് കോടിയേരി തന്നെയായിരുന്നു. സീറ്റ് വിഭജനത്തിലും സ്ഥാനാർഥി നിർണയത്തിലും അദ്ദേഹത്തിന്റെ നിർണായക ഇടപെടലുകള്‍ പ്രകടമായിരുന്നു.

ആലപ്പുഴ സമ്മേളനത്തിൽ പിണറായിയുടെ പകരക്കാരനായി സിപിഐഎം സെക്രട്ടറി സ്ഥാനത്തേക്ക് ചുമതലയേറ്റ കോടിയേരിക്ക് തൃശൂരിലേത് രണ്ടാം ഊഴമായിരുന്നു. സിപിഐഎം മാനദണ്ഡം അനുസരിച്ച് ഒരു തവണ കൂടി കോടിയേരിക്ക് സെക്രട്ടറിയാകാം. ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ എറണാകുളത്ത് കോടിയേരിക്ക് മൂന്നാമൂഴമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Next Story

Popular Stories