Top

ഉഷയെ തള്ളി കൊല്ലം നേതൃത്വം; 'എൽഡിഎഫിലുള്ളത് ഗണേഷ് കുമാർ അധ്യക്ഷനായ പാർട്ടി'

ഉഷാ മോഹൻദാസ് രാഷ്ട്രിയക്കാരിയല്ലെന്നും ഉഷയ്ക്കും ഭർത്താവിനും രാഷ്ട്രിയത്തിൽ മുൻ പരിചയമില്ലെന്നും എൻ അനിരുദ്ധൻ ചൂണ്ടിക്കാട്ടി.

24 Dec 2021 5:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉഷയെ തള്ളി കൊല്ലം നേതൃത്വം; എൽഡിഎഫിലുള്ളത് ഗണേഷ് കുമാർ അധ്യക്ഷനായ പാർട്ടി
X

കേരള കോണ്‍ഗ്രസ് ബി പിളര്‍പ്പ് മുന്നണിയെ അറിയിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൊല്ലം നേതൃത്വം. ഗണേഷ് കുമാർ അധ്യക്ഷനായ പാർട്ടിയാണ് എൽഡിഎഫിലുള്ളത്. പാർട്ടി പിളർന്നെങ്കിൽ അത് ആദ്യമറിയേണ്ടത് എൽഡിഎഫ് ജില്ലാ നേതൃത്വമാണെന്നും എല്‍ഡിഎഫ് ജില്ലാ കൺവീൻ എൻ അനിരുദ്ധൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. ഉഷാ മോഹന്‍ദാസിനെ തള്ളിക്കൊണ്ടായിരുന്നു ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. ഉഷാ മോഹൻദാസ് രാഷ്ട്രിയക്കാരിയല്ലെന്നും ഉഷയ്ക്കും ഭർത്താവിനും രാഷ്ട്രിയത്തിൽ മുൻ പരിചയമില്ലെന്നും എൻ അനിരുദ്ധൻ ചൂണ്ടിക്കാട്ടി.

ഗണേഷ് കുമാറും ഉഷാ മോഹന്‍ദാസും തമ്മിലെ വിൽപത്ര വിവാദമുള്‍പ്പടെയുള്ള കുടുംബ പ്രശ്നങ്ങളില്‍ എൽഡിഎഫിനെ കക്ഷി ചേർക്കേണ്ടതില്ലെന്നും നേതൃത്വം വ്യക്തമാക്കി. കേരള കൊൺഗ്രസിൽ നിലവിൽ നടക്കുന്ന തർക്കങ്ങൾ ബാലകൃഷ്ണപിള്ള കുടുംബത്തിലുണ്ടായ തർക്കങ്ങളുടെ തുടർച്ചയാണെന്നാണ് എൽഡിഎഫ് ജില്ലാ ഘടകം വിലയിരുത്തുന്നത്. രാഷ്ട്രിയ പരിചയമില്ലാത്ത ഉഷാ മോഹൻദാസിന്റെ ഇപ്പോഴത്തെ നീക്കങ്ങൾ കാര്യമായ രാഷ്ട്രീയ ചലനം ഉണ്ടാക്കില്ലെന്നുമാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.

എൽഡിഎഫ് കേരള കോൺഗ്രസിന് കാര്യമായ വേരോട്ടമുള്ള കൊല്ലം, പത്തനംതിട്ട ജില്ലാ കമ്മിറ്റികൾ ഇപ്പോഴും ഗണേശിനൊപ്പമാണ്. ഈ സാഹചര്യത്തില്‍ കെ ബി ഗണേശ് കുമാർ എംഎൽഎയ്ക്ക് സമ്പൂർണ പിന്തുണ നല്‍കുന്നതാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. അതേസമയം, ഇടതു മുന്നണിയിൽ സാധ്യതകൾ മങ്ങിയാൽ യുഡിഎഫിനൊപ്പം ചേരണമെന്നാണ് ഉഷാ മോഹൻദാസിനൊപ്പം നിൽക്കുന്ന നേതാക്കളുടെ വികാരം.

ഡിസംബർ 21 ചൊവ്വാഴ്ചയാണ് ആര്‍ ബാലകൃഷ്ണപിള്ളയുടെ മൂത്ത മകള്‍ ഉഷാ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് ബി കൊച്ചിയില്‍ യോഗം ചേർന്നത്. ഗണേഷ് കുമാര്‍ പാര്‍ട്ടി നേതൃയോഗം വിളിക്കുന്നതടക്കം പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നതിന് വേണ്ടി യാതൊന്നും ചെയ്യുന്നില്ലെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് ഒരു വിഭാഗത്തേയും കൂട്ടി ഉഷാ മോഹന്‍ദാസ് യോഗം വിളിച്ചുചേര്‍ത്തത്. ഇ

പാര്‍ട്ടി സീനിയര്‍ വൈസ് ചെയര്‍മാനും മുന്‍ എംഎല്‍എയുമായ എം വി മാണി, വൈസ് ചെയര്‍മാന്‍ പോള്‍ ജോസഫ്, ജനറല്‍ സെക്രട്ടറി നജീം പാലക്കണ്ടി തുടങ്ങി സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ഭൂരിഭാഗവും തങ്ങള്‍ക്കൊപ്പമുണ്ടെന്നായിരുന്നു വിമതരുടെ അവകാശവാദം. ഗണേഷിന് പകരം ഉഷ മോഹന്‍ദാസിനെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് യോഗം നിരീക്ഷിക്കപ്പെട്ടത്.

കെബി ഗണേഷ് കുമാറിന് രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം തല്‍ക്കാലം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത് കുടുംബ വഴക്കിനെ തുടര്‍ന്നാണെന്ന് ആരോപണം ഉയർന്നിരുന്നു. കുടുംബത്തില്‍ നിന്ന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പരാതി. അന്തരിച്ച പിതാവ് ബാലകൃഷ്ണ പിള്ളയുടെ ഒസ്യത്തുമായി ബന്ധപ്പെട്ട് ഗണേഷിന്റെ ഉഷ മോഹന്‍ദാസ് ആണ് പരാതി ഉന്നയിച്ചത്. വില്‍പത്രത്തില്‍ സഹോദരി ഉഷയ്ക്ക് വേണ്ടി സ്വത്ത് ഭാഗം വെക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചിട്ടില്ല. ഇതില്‍ ഗണേഷ് കുമാറിന്റെ ഇടപെടലുണ്ടെന്നാണ് ഉഷ സംശയിക്കുന്നത്.

Next Story

Popular Stories