Top

'കവാടം തുറന്നിട്ടിരിക്കുന്നു'; കോണ്‍ഗ്രസിലെ അസംതൃപ്തരെ സ്വാഗതം ചെയ്ത് ബിജെപി

എവി ഗോപിനാഥ് വലിയ ജനപിന്തുണയുള്ള നേതാവാണെന്ന് എ വിജയരാഘവന്‍

31 Aug 2021 5:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കവാടം തുറന്നിട്ടിരിക്കുന്നു; കോണ്‍ഗ്രസിലെ അസംതൃപ്തരെ സ്വാഗതം ചെയ്ത് ബിജെപി
X

സംസ്ഥാന കോണ്‍ഗ്രസില്‍ ഡിസിസി പ്രസിഡന്റ് നിയമനത്തിന് പിന്നാലെ പോര് കനക്കുമ്പോള്‍ അസംതൃപ്തരെ സ്വാഗതം ചെയ്ത് ബിജെപി. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ആണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസില്‍ അസംതൃപ്തരായ നേതാക്കളെയും അണികളെയും സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ കവാടം അവര്‍ക്കായി തുറന്നിട്ടിരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയ നേതാക്കള്‍ ആരും സമീപിച്ചിട്ടില്ലെന്നും കൃഷ്ണദാസ് കണ്ണൂരില്‍ പറഞ്ഞു. പാലക്കാട് എവി ഗോപിനാഥ് കോണ്‍ഗ്രസില്‍ നിന്നും രാജി വയ്ക്കുകയും, തിരുവനന്തപുരത്ത് പിഎസ് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തതിന് പിന്നാലെയാണ് ബിജെപി അസംതൃപ്തരെ സ്വാഗതം ചെയ്ത് രംഗത്ത് എ്ത്തുന്നത്.

അതിനിടെ, ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് വിട്ട എവി ഗോപിനാഥിന് തിരിച്ചുവരാമെന്ന് കെ മുരളീധരന്‍ എംപി പ്രതികരിച്ചു. പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയാല്‍ അര്‍ഹിച്ച സ്ഥാനം നല്‍കുമെന്നും മുരളീധരന്‍ വ്യക്തമാക്കി. എ വി ഗോപിനാഥിന്റെ രാജി അടഞ്ഞ അധ്യായമല്ലെന്നും തിരിച്ച് വരാമെന്നുമായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്. മുഖ്യമന്ത്രിക്ക് അനുകൂലമായുള്ള എ വി ഗോപിനാഥിന്റെ പ്രസ്ഥാവന ഖേദകരമാണെന്നും മുരളീധരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നത്തലയും അച്ചടക്കത്തിന്റെ പരിധിയില്‍ നിന്നാണ് പറഞ്ഞതെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍, എവി ഗോപിനാഥ് സിപിഐഎമ്മിലേക്ക് പോയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അദ്ദേഹത്തെ പിന്തുണയ്ച്ച് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ രംഗത്ത് എത്തി. എവി ഗോപിനാഥ് വലിയ ജനപിന്തുണയുള്ള നേതാവാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഗ്രൂപ്പ് സമവാക്യങ്ങളിലെ മാറ്റം കോണ്‍ഗ്രസിനെ തകര്‍ക്കുകയാണ് എന്നും പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്നും കുറ്റപ്പെടുത്തി. ഗോപിനാഥിന്റേത് നല്ല നിലപാടാണ്. നേത്യത്യത്തിന്റെ വാലായി നടക്കുന്നവര്‍ നേതൃത്വത്തിലെത്തുന്നു. രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്ന കോണ്‍ഗ്രസില്‍ ഇപ്പോള്‍ അഞ്ച് ഗ്രൂപ്പുകള്‍ രൂപം കൊണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

Next Story

Popular Stories