Top

മുന്‍ സംസ്ഥാന സെക്രട്ടറി 'ലെഫ്റ്റ്'; ബിജെപി പുനഃസംഘടനയില്‍ മുതിര്‍ന്ന നേതാക്കള്‍ നിലപാട് കടുപ്പിക്കുന്നു

7 Oct 2021 4:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുന്‍ സംസ്ഥാന സെക്രട്ടറി ലെഫ്റ്റ്; ബിജെപി പുനഃസംഘടനയില്‍ മുതിര്‍ന്ന നേതാക്കള്‍ നിലപാട് കടുപ്പിക്കുന്നു
X

ബിജെപി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കുകയും അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റുകയും ചെയ്ത സംഭവത്തിന് പിന്നാലെ സംഘടനയില്‍ അമര്‍ഷം പുകയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെ വലിയ തിരിച്ചടി നേരിട്ടപ്പോള്‍ ചിലരെ മാത്രം തിരഞ്ഞ് പിടിച്ച് മാറ്റിയെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. തെരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം സംബന്ധിച്ച നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള പരാതികള്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷം പുനഃസംഘടന മതിയെന്ന തീരുമാനം അട്ടിമറിക്കപ്പെട്ടന്നാണ് പ്രധാന ആരോപണം.

പുനഃസംഘടനയില്‍ അതൃപ്തിയുള്ള മുതിര്‍ന്ന നേതാവ് ഉള്‍പ്പെടെ പാര്‍ട്ടി വിടുക എന്ന തരത്തില്‍ കടുത്ത നടപടികള്‍ സ്വീകരിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിയുടെ ന്യൂനപക്ഷ വിഭാഗത്തിന്റെ നേതാക്കളും മുതിര്‍ന്ന നേതാവിന് ഒപ്പമുണ്ടെന്നാണ് വിവരം. ഈ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ.നസീര്‍ ബിജെപിയുടെയും എന്‍ഡിഎയുടെയും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്ന് 'ലെഫ്റ്റ്' ആവുകയും ചെയ്തു. പുനഃസംഘടനയില്‍ തെറിച്ച ജില്ലാ പ്രസിഡന്റുമാരെയും സ്ഥാനം നഷ്ടപ്പെട്ട നേതാക്കളെയും അതൃപ്തരായ മുന്‍കാല നേതാക്കളും ബന്ധപ്പെട്ട് സമ്മര്‍ദം ശക്തമാക്കാനുള്ള നീക്കവും പാര്‍്ട്ടിയ്ക്കുള്ളില്‍ പുരോഗമിക്കുന്നുണ്ടെന്നാണ് വിവരം.

പുനഃസംഘടനയോടെ ബിജെപിയില്‍ കെ സുരേന്ദ്രന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക വിഭാഗം ശക്തരായെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത്തരത്തില്‍ അടുപ്പക്കാരെ തിരുകി കയറ്റി നടത്തിയ പുനഃസംഘടന പ്രതിസന്ധി രൂക്ഷമാകുമെന്ന സൂചനയാണ് പുറത്ത് വരുന്നത്. ഏകപക്ഷീയമായാണ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പുനഃസംഘടന നടത്തിയതെന്ന് മുതിര്‍ന്ന നേതാക്കളും കൃഷ്ണദാസ് പക്ഷത്തിന്റെയും നിലപാട്. കോര്‍ കമ്മിറ്റിയെ നോക്കുകുത്തിയാക്കിയെന്ന ആക്ഷേപവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.

Next Story

Popular Stories