Top

ഭിന്നത പ്രകടമാക്കി നേതാക്കളുടെ അസാന്നിധ്യം; ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് അവസാനിക്കും

3 Nov 2021 2:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭിന്നത പ്രകടമാക്കി നേതാക്കളുടെ അസാന്നിധ്യം; ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് അവസാനിക്കും
X

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് സമാപിക്കും. പുനഃസംഘടനയ്ക്കുശേഷം ചേര്‍ന്ന ആദ്യ യോഗത്തില്‍ നിന്ന് പ്രമുഖ നേതാക്കള്‍ വിട്ടുനിന്നതോടെ ഭിന്നത പരസ്യമായിരിക്കെയാണ് ഇന്ന് നിര്‍ണ്ണായക യോഗം ചേരാനിരിക്കുന്നത്. ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ ഉള്ളവരുമായി നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും.

ഇന്നലെ ചേർന്ന കോര്‍ കമ്മറ്റിയും തുടര്‍ന്ന് ഭാരവാഹി യോഗവും ബഹിഷ്കരിച്ചായിരുന്നു നേതാക്കളുടെ പ്രതിഷേധം. ജനറല്‍ സെക്രട്ടറി എംടി രമേശും വെെസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണനും കോർകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ ശോഭ സുരേന്ദ്രന്‍ ഭാരവാഹി യോഗം ബഹിഷ്കരിച്ചു.

അതേസമയം, മുന്‍ സംസ്ഥാന അധ്യക്ഷനായ പി കെ കൃഷ്ണദാസ് യോഗത്തില്‍ പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നേതൃത്വത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടുന്ന പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടുകളും അതിന്റെ അടിസ്ഥാനത്തില്‍ വരുത്തേണ്ട മാറ്റങ്ങളുമായിരുന്നു യോഗത്തിന്റെ വിഷയം.

നേരത്തെ പുനസംഘടനയില്‍ പ്രതിഷേധിച്ച് നേതാക്കള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് വിട്ടതിന് പിന്നാലെയാണ് ദേശീയ സംഘടന സെക്രട്ടറി ബി എല്‍ സന്തോഷിന്റെ നിരീക്ഷണത്തില്‍ ചേര്‍ന്ന യോഗം തന്നെ ബഹിഷ്കരിച്ച് നേതാക്കള്‍ ഭിന്നത പരസ്യമാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ പുറത്തുവന്ന ശീതയുദ്ധം പാര്‍ട്ടി പുനസംഘടനയോടെ ശക്തമാകുകയാണെന്നാണ് സൂചന.

ദേശീയ നിര്‍വ്വാഹക സമിതി അംഗമായിരുന്ന ശോഭാ സുരേന്ദ്രനെ പുനസംഘടനയില്‍ തഴഞ്ഞതിന് പിന്നില്‍ സംസ്ഥാന നേതൃത്വത്തിന്റെയും അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും ഇടപെടലുണ്ടെന്നാണ് വിമത പക്ഷത്തിന്റെ ആരോപണം. ഈ സാഹചര്യത്തില്‍ കെ സുരേന്ദ്രന് അനുകൂല നിലപാട് സ്വീകരിക്കുന്നെന്ന വിമതപക്ഷത്തിന്റെ ആരോപണം നേരിടുന്ന ദേശീയ നേതൃത്വത്തിനെതിരെ കൂടിയാണ് നേതാക്കളുടെ പ്രതിഷേധമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ഇതിനിടെയാണ് കീഴ്ഘടകങ്ങളിലെ അഴിച്ചു പണിയില്‍ കൂടുതല്‍ ചര്‍ച്ച നടക്കാനിരിക്കുന്ന നിര്‍ണ്ണായകമായ രണ്ടാം യോഗം ഇന്ന് നടക്കാനിരിക്കുന്നത്. പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നിയോജക മണ്ഡലം കമ്മറ്റികള്‍ വിഭജിക്കാനാണ് തീരുമാനം. ഇതിന് കേന്ദ്ര നേതൃത്വം അംഗീകാരം നല്‍കിയിട്ടുണ്ട്. പ്രഭാരിമാര്‍, ബൂത്ത് തല ഇന്‍ ചാര്‍ജുമാര്‍ എന്നിവര്‍ക്കും ഇന്നത്തെ യോഗത്തോടെ മാറ്റം വരും.

Next Story

Popular Stories