Top

'ആര്‍എസ്എസ് നേതാക്കളെ പഠിക്കാന്‍ യൂണിവേഴ്‌സിറ്റി സജ്ജമാക്കുന്നു'; പിണറായിക്ക് കടപ്പാട് മോദിയോട് മാത്രമെന്ന് കെ സുധാകരന്‍

11 Sep 2021 6:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആര്‍എസ്എസ് നേതാക്കളെ പഠിക്കാന്‍ യൂണിവേഴ്‌സിറ്റി സജ്ജമാക്കുന്നു; പിണറായിക്ക് കടപ്പാട് മോദിയോട് മാത്രമെന്ന് കെ സുധാകരന്‍
X

കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ആര്‍എസ്എസ് നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിന് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വിദ്യാഭ്യാസ മന്ത്രിയും സിപിഐഎം നേതൃത്വവും സിന്‍ഡിക്കേറ്റും അറിയാതെയല്ല കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ പരിഷ്‌കരണം നടന്നത്. അതിന് പിന്നില്‍ നീണ്ട ചര്‍ച്ചകള്‍ നടന്നിട്ടുണ്ട് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇടത് ചിന്തകന്‍മാര്‍ക്ക് എപ്പോഴാണ് ആര്‍എസ്എസ് നേതാക്കളെ കുറിച്ച് പഠിക്കണം എന്ന ബോധോദയം ഉണ്ടായത്. ഒരു യൂണിവേഴ്‌സിറ്റി തീരുമാനമെടുത്ത് ആര്‍എസ്എസ് നേതാക്കള പഠന വിഷയമാവുമ്പോള്‍ അതിന് നിരവധി ചര്‍ച്ചകളുടെ പിന്‍ബലമുണ്ട്. ആര്‍എസ്എസ് നേതാക്കളെ പഠിക്കാന്‍ യൂണിവേഴ്‌സിറ്റി സജ്ജമാക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്യുന്നത് എന്നും കെ സുധാകരന്‍ ആരോപിച്ചു. തിരുവനന്തപുരത്ത് ഡിസിസി നേതൃയോഗത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.

സിപിഐഎം ബിജെപി കൂട്ടുകെട്ടാണ് കോണ്‍ഗ്രസ്സിന്റെ എതിരാളിയെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി. സിപിഐഎം മാത്രമല്ല കേരളത്തിന്റെ എതിരാളി. ബിജെപി സിപിഎം സഖ്യത്തെ തകര്‍ക്കണം. രണ്ട് പാര്‍ട്ടികള്‍ ഒരു ചിന്തയില്‍ ഒരുമിക്കുമ്പോള്‍ ചെറുക്കുക എളുപ്പമല്ല. രണ്ടാമത് മുഖ്യമന്ത്രിയായ പിണറായിക്ക് കടപ്പാട് മോദിയോട് മാത്രമാണ്. പിണറായി സര്‍ക്കാറിനെതിരെ കേന്ദ്രം ഒരു നടപടിയും സ്വീകരിക്കുന്നില്ല.

ഇടത് പക്ഷത്തെ കുരുക്കിലാക്കാനുള്ള അവസരം ഉപയോഗിച്ചിച്ചില്ല. പിണറായി സംരക്ഷിക്കപ്പെടുകയാണ്. ലാവ്‌ലിന്‍ കേസ് 20 തവണ സുപ്രീം കോടതി മാറ്റിവച്ചത് ജഡ്ജിമാരുടെ തീരുമാനത്തില്‍ മാത്രമല്ല. ഇതിന് ഭരണകൂടത്തിന്റെ നിയന്ത്രണമുണ്ട്. സംസ്ഥാന സര്‍ക്കാറിനെതിരെ അന്വേഷണ ഏജന്‍സികള്‍ തലങ്ങും വിലങ്ങും കയറി ഇറങ്ങിയിട്ടും ഒരു തൂവല്‍ പോലും ഇളകിയില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Next Story

Popular Stories