'തിരമുറിയാതെ പെയ്യുന്ന തിരുവാതിര ഞാറ്റുവേലയാണ് ഇടതുപക്ഷ രാഷ്ട്രീയം, കുരുമുളക് കൊടികളേ കൊണ്ട് പോകൂ'
30 Sep 2021 5:58 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സിപിഐ ദേശീയ നിര്‍വാഹക സമിത അംഗമായിരുന്ന കനയ്യ കുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ സാമൂതിരി കഥകള്‍ ഓര്‍മ്മിപ്പിച്ച് സിപിഐ നേതാവ് മുല്ലക്കര രത്നാകരന്. പോര്‍ച്ച്ഗീസുകാര്‍ കേരളത്തില്‍ നിന്നും കുരുമുളക് ചെടികള്‍ കൊണ്ടുപോവുന്നു എന്ന് സാമൂതിരിയോട് പരാതി പറഞ്ഞ മങ്ങാട്ടച്ചന്റെ കഥയാണ് മുല്ലക്കര ഓര്‍മ്മിപ്പിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് പരാമര്‍ശം.
പോസ്റ്റ് പൂര്‍ണരൂപം-
'പണ്ട് പറങ്കികള്‍ കുരുമുളക് തൈകള്‍ പോര്‍ച്ചുഗലിലേക്ക് കൊണ്ടുപോയതിനെക്കുറിച്ച് സാമൂതിരി മങ്ങാട്ടച്ചനോട് പറഞ്ഞത് ഓര്‍ത്തുപോകുകയാണ്: 'അവര്‍ കുരുമുളക് കൊടികളേ കൊണ്ട് പോകൂ, നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ട് പോകില്ലല്ലോ' തിരമുറിയാതെ പെയ്യുന്ന തിരുവാതിര ഞാറ്റുവേലയാണ് ഇടതുപക്ഷ രാഷ്ട്രീയം. അതിന്റെ നന്മകള് ഒരു കുരുമുളക് കൊടിയോടൊപ്പം ആര്‍ക്കും കൊണ്ടുപോകാന്‍ കഴിയില്ല.'
ചൊവ്വാഴ്ചയാണ് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റും സിപിഐയുടെ ബിഹാറില്‍ നിന്നുള്ള നേതാവുമായ കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചത്. ഗുജറാത്തിലെ ദിളിത് നേതാവും സ്വതന്ത്ര എംഎല്‍എയുമായ ജിഗ്നേഷ് മേവാനി കോണ്‍ഗ്രസിന് പരസ്യമായി പിന്തുണ നല്‍കിയെങ്കിലും സാങ്കേതികപരമായ പ്രശ്നങ്ങളെ തുടര്‍ന്ന്് കോണ്‍ഗ്രസ് പ്രവേശനം മാറ്റിവെക്കുകയായിരുന്നു.
'കോണ്‍ഗ്രസില്‍ ചേര്‍ന്നത് വെറും പാര്‍ട്ടി എന്ന പേരില്‍ അല്ല അത് ഒരു പ്രത്യയശാസ്ത്രമാണ്. രാജ്യത്തെ ഏറ്റവും പുരാതനവും ജനാധിപത്യവുമായി പാര്‍ട്ടിയാണ് കോണ്‍ഗ്രസ്, അതില്‍ ഞാന്‍ ഊന്നല്‍ കൊടുക്കുന്നത് ജനാധിപത്യത്തിനാണ്. മാത്രമല്ല, ഒരുപാട് പേര് ചിന്തിക്കുന്നുണ്ട് കോണ്‍ഗ്രസ് ഇല്ലാതെ രാജ്യത്തിന് രക്ഷപ്പെടാന്‍ സാധിക്കില്ല' കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ കനയ്യ പറഞ്ഞു.