Top

'ഇ ശ്രീധരന്റെ സേവനം തുടർന്നും ലഭിക്കുമെന്ന് ഉറപ്പുണ്ട്'; പ്രതികരണവുമായി സുരേന്ദ്രന്‍

ഒരു രാഷ്ട്രീയക്കാരനെന്ന നിലയിലുപരി സാങ്കേതിക വിദഗ്ദനെന്ന നിലയിലാണ് അദ്ദേഹം ഇത്രയും കാലം ജനങ്ങളെ സേവിച്ചിരുന്നത്.

16 Dec 2021 10:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇ ശ്രീധരന്റെ സേവനം തുടർന്നും ലഭിക്കുമെന്ന് ഉറപ്പുണ്ട്; പ്രതികരണവുമായി സുരേന്ദ്രന്‍
X

സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുകയാണെന്ന ഇ ശ്രീധരന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയില്‍ അദ്ദേഹം സജീവ പ്രവർത്തനത്തിലുണ്ടെന്നും മാര്‍ഗ നിര്‍ദേശങ്ങള്‍ യഥാസമയം പാര്‍ട്ടിക്ക് ലഭിക്കുന്നുണ്ടെന്ന് കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

'കെ റെയില്‍ വിഷയത്തില്‍ ഉള്‍പ്പടെ ഇ ശ്രീധരന്റെ അഭിപ്രായം കേട്ട ശേഷമാണ് ബിജെപി കൃത്യമായ നിലപാട് സ്വീകരിച്ചത്. ഒരു രാഷ്ട്രീയക്കാരനെന്ന നിലയിലുപരി സാങ്കേതിക വിദഗ്ദനെന്ന നിലയിലാണ് അദ്ദേഹം ഇത്രയും കാലം ജനങ്ങളെ സേവിച്ചിരുന്നത്. അവിടെ നിന്നാണ് ബിജെപിയുടെ അഭ്യര്‍ത്ഥന മാനിച്ച് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ അദ്ദേഹത്തെ ഉള്‍പ്പടുത്തിയത് അദ്ദേഹത്തിന്റെ സേവനം ആഗ്രഹിച്ചാണെന്നും, അത് തുടർന്നും ലഭിക്കുമെന്ന് വിശ്വാസമുണ്ട്' എന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

അതേസമയം, കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങുന്നതില്‍ പോലും സംസ്ഥാന സര്‍ക്കാര്‍ അഴിമതി നടത്തിയത് പുരകത്തുമ്പോള്‍ വാഴവെട്ടുന്നതിനെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും കെ സുരേന്ദ്രന്‍ വിമർശിച്ചു.

'സംസ്ഥാനത്ത് ഗുരുതരമായ അഴിമതികളാണ് നടക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ പുറത്തിറങ്ങുക പോലും ചെയ്യാതെ കുടുങ്ങിപ്പോയ ദുരന്തകാലത്ത് ആരെങ്കിലും ഇങ്ങനെ ചെയ്യുമോ? പ്രാകൃതമായ കൊള്ളയാണ് ഇവിടെ നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിന് നല്‍കിയ പണമാണ് കൊള്ളയടിച്ചത്. മരുന്ന് വാങ്ങുന്നതിനും അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനുമുള്ള പണമാണ് കട്ടെടുത്തത്. മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് വേണ്ടി വായ്ത്താരി പാടിയവര്‍ ഇപ്പോള്‍ എവിടെയാണ്? മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ അഴിമതികള്‍ക്ക് മറുപടി പറയണം' എന്നും സുരേന്ദ്രന്‍ പറഞ്ഞു.

Next Story

Popular Stories