Top

വെല്ലുവിളിക്കാനില്ല, എന്നെ നിയോഗിച്ചത് മുസ്ലീം ലീഗ്- ആയിഷാ ബാനു സംസാരിക്കുന്നു

ഇനി ഇങ്ങനെയൊരു പ്രതിസന്ധി വന്നാല്‍ പാര്‍ട്ടി നേതൃത്വവുമായി പങ്കുവയ്ക്കും. അഭിപ്രായങ്ങള്‍ തുറന്ന് പറയുക തന്നെ ചെയ്യും. എന്നാല്‍ വെല്ലുവിളിയ്ക്കാനില്ല.

13 Sep 2021 4:40 AM GMT
അനുശ്രീ പി.കെ

വെല്ലുവിളിക്കാനില്ല, എന്നെ നിയോഗിച്ചത് മുസ്ലീം ലീഗ്- ആയിഷാ ബാനു സംസാരിക്കുന്നു
X

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ഹരിത മുന്‍ ഭാരവാഹികള്‍ ഉയര്‍ത്തിയ ആരോപണങ്ങളോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് പുതിയ ഹരിത അധ്യക്ഷ പി എച്ച് ആയിഷ ബാനു. നടപടി നേരിട്ട മുന്‍ സഹപ്രവര്‍ത്തകരോട് തനിക്ക് യാതൊരു പ്രശ്നവുമില്ല. ഹരിത നേതാക്കള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തീര്‍ക്കാമായിരുന്നു. വനിതാ കമ്മിഷനിലേക്ക് പോയതിനോടാണ് വിയോജിപ്പുണ്ടായിരുന്നു. അതുകൊണ്ടാണ് അന്ന് ട്രഷറര്‍ ആയിരുന്നിട്ടും പരാതിയില്‍ ഒപ്പു വയ്ക്കാതെ മാറി നിന്നത് എന്നും ആയിഷ ബാനു പറഞ്ഞു. ഹരിത സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ച് കൊണ്ടുള്ള മുസ്ലീം ലീഗ് നേതൃത്വത്തിന്റെ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ലൈവിനോട് നടത്തിയ പ്രതികരണത്തിലാണ് ആയിഷ നിലപാട് വ്യക്തമാക്കുന്നത്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഉത്തരവാദിത്വം മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി ഏല്‍പ്പിച്ചതാണ്. പ്രസ്ഥാനത്തോട് കൂറുപുലര്‍ത്തിയാവും പ്രവര്‍ത്തന ശൈലിയെന്നും വ്യക്തമാക്കുകയാണ് ആയിഷ ബാനു.

വിവാദകാലത്താണ് പുതിയ ഉത്തരവാദിത്വം, ഭാരവാഹിത്വത്തെ കുറിച്ച്?

എന്നെ ഹരിതയുടെ സംസ്ഥാന അധ്യക്ഷയായി ചുമതലപ്പെടുത്തിയത് മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയാണ്. വലിയ ഉത്തരവാദിത്തമാണ്. മുസ്ലീം ലീഗ് എന്ന പ്രസ്ഥാനത്തോട് കൂറുപുലര്‍ത്തി മുന്നോട്ട് പോകും. പ്രതിസന്ധി ഘട്ടത്തിലാണ് ചുമതല എന്ന് തികഞ്ഞ ബോധ്യമുണ്ട്. വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടെന്ന് വിശ്വാസമാണ് മുന്നോട്ട് നയിക്കുന്നത്. വിമര്‍ശനങ്ങളെ മാന്യതയോടെ സ്വീകരിക്കും.

ഏത് തരത്തിലായിരിക്കും പ്രവര്‍ത്തന ശൈലി?

മുസ്ലീം ലീഗ് സ്ഥാപിച്ചത് മുതല്‍ സംഘടനക്ക് അതിന്റേതായ പ്രവര്‍ത്തന ശൈലിയുണ്ട്. അതേ പ്രവര്‍ത്തന രീതിയില്‍ ഊന്നി മുന്നോട്ട് പോകും. പെണ്‍കുട്ടികള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഹരിത എന്നും മുന്നിലുണ്ടാവും. എന്നാല്‍ അനാവശ്യ വിവാദങ്ങളിലേക്ക് മുസ്ലീം ലീഗിനെയും, ഹരിതയെയും കൊണ്ടു പോവാതെ മുന്നോട്ട് പോവാന്‍ ശ്രദ്ധ നല്‍കും.

ലീഗിനെ വലിയ പ്രതിസന്ധിയിലാണ് മുന്‍ ഹരിത ഭാരവാഹികള്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ കൊണ്ടു ചെന്ന് എത്തിച്ചത്. പരാതി ഇപ്പോഴും നിലനില്‍ക്കുകയും ചെയ്യുന്നു. പുതിയ ചുമതലക്കാരി എന്ന നിലയില്‍ അവര്‍ക്കൊപ്പം നില്‍ക്കുമോ?

ഹരിതയുടെ മുന്‍ ട്രഷറര്‍ ആയിരുന്നു ഞാന്‍. പരാതി ഉന്നയിച്ച ഹരിത മുന്‍ നേതാക്കള്‍ എന്റെ സഹപ്രവര്‍ത്തകരായിരുന്നു. എനിക്ക് പ്രിയപ്പെട്ടവരായിരുന്നു. എല്ലാകാര്യത്തിലും അവര്‍ക്കൊപ്പമുണ്ടായിരുന്നു. വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ ഒപ്പിട്ടില്ല എന്നതിര്‍ത്ഥം അവര്‍ക്കൊപ്പം നില്‍ക്കുന്നില്ലായെന്നല്ല. വനിതാ കമ്മിഷനിലോട്ട് പോയ നിലപാടിനോട് എനിക്ക് യോജിപ്പില്ല. പാര്‍ട്ടിക്കകത്ത് തീര്‍ക്കേണ്ട വിഷയങ്ങള്‍ കൃത്യമായി അവിടെ തീരുമാനിച്ച് മുന്നോട്ട് പോകാന്‍ പാര്‍ട്ടിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നൊരാളാണ് ഞാന്‍.

പരാതിക്കാര്‍ക്കൊപ്പം നിന്ന് പുതിയ കമ്മിറ്റിയുടെ അധ്യക്ഷ പദവി വഹിക്കുക. അതില്‍ വൈരുദ്ധ്യം ഇല്ലേ?

എന്റെ മുന്‍ സഹപ്രവര്‍ത്തകരോട് എനിക്ക് യാതൊരു പ്രശ്നവുമില്ല. പ്രശ്നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തീര്‍ക്കാമായിരുന്നു എന്ന അഭിപ്രായമാണ് അന്നും ഇന്നും. വനിതാ കമ്മിഷനിലേക്ക് പോയതിനോടാണ് വിയോജിപ്പ്. അതുകൊണ്ടാണ് ഒപ്പിടാതെ മാറിനില്‍ക്കുന്നത്.

തീര്‍ച്ചയായും പരാതിയില്‍ കഴമ്പുണ്ടെന്ന ഉറച്ചുവിശ്വസിക്കുന്നൊരാളാണ് നിങ്ങള്‍?

അതിനെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ആ വിഷയത്തില്‍ മുസ്ലീം ലീഗ് അതില്‍ കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്. നീതി ലഭിക്കാത്ത നിലപാട് ലീഗില്‍ നിന്നും വരില്ലായെന്നാണ് കരുതുന്നത്. വിവാദത്തെ കുറിച്ച് കൂടുതല്‍ പൊതുമധ്യത്തില്‍ സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. അത് ശരിയല്ല.

മൂന്ന് പെണ്‍കുട്ടികള്‍ക്ക് വേണ്ടി ലീഗ് തലകുനിക്കണമായിരുന്നോ എന്നാണ് പിഎംഎ സലാം പറഞ്ഞത്. അതിനെ എങ്ങനെ കാണുന്നു?

മുസ്ലീം ലീഗ് സംസ്ഥാന നേതാക്കള്‍ അവരുടെ ഒരു തീരുമാനം പറയുമ്പോള്‍ അതിനെ മറുത്തോ അതിന്റെ മുകളില്‍ കയറിയോ അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ലായെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. പ്രസ്താവനയോട് കൂടുതല്‍ അറിയാന്‍ പിഎംഎ സലാമിനോട് തന്നെ ചോദിക്കേണ്ടി വരും.

മുസ്ലീം ലീഗിന്റെ പോക്ഷക സംഘടനയായ എംഎസ്എഫ്. അതിന്റെ പോക്ഷക സംഘടനയാണ് ഹരിത. മുകളിലുള്ള നേതാക്കന്മാരെ അനുസരിച്ചും തീരുമാനങ്ങളോടൊപ്പം നിന്നും പ്രവര്‍ത്തിക്കണമെന്നാണ് കരുതുന്നത്. കോടതികളില്‍ നിന്നും പരിഹാരം കിട്ടാത്ത കുടുംബ പ്രശ്നങ്ങളും രാഷ്ട്രീയ പ്രശ്നങ്ങളും തീര്‍ക്കുന്ന പാണക്കാട് കുടുംബം നയിക്കുന്നതാണ് മുസ്ലീം ലീഗ്. അവിടെ നേതാക്കള്‍ തീരുമാനം എടുക്കുമ്പോള്‍ അത് നീതിപൂര്‍വ്വമായിരിക്കും. പഠിച്ച് ചിന്തിച്ച് ആലോചിച്ച് എടുക്കുന്നതാണ് തീരുമാനങ്ങള്‍.

എംഎസ്എഫിലും, മുസ്ലീം ലീഗിലും ഹരിത നേതാക്കളുടെ ആക്ഷേപം ചര്‍ച്ച ചെയ്തിരുന്നു എന്നും, അതിന് ശേഷമാണ് വനിതാ കമ്മീഷനെ സമീപിച്ചതും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍

ഈ വിഷയത്തില്‍ ഇനി കൂടുതല്‍ പ്രതികരണമില്ല. സ്ത്രീകള്‍ക്ക് നീതി കിട്ടാത്ത പാര്‍ട്ടിയാണ് മുസ്ലീം ലീഗ് എന്ന് വിശ്വസിക്കുന്നില്ല. ഹരിത രൂപീകരിച്ച് പത്ത് വര്‍ഷമായി. അതിന് മുമ്പ് രൂപീകരിച്ചതാണ് വനിതാ ലീഗ്. അവരും സ്ത്രീകളാണ്. അവരെന്നും സംഘടനയില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് പറയുന്നില്ല. എന്റെ മുന്‍ സഹപ്രവര്‍ത്തരെ തള്ളിപ്പറയുകയല്ല ഈ നിലപാടിലൂടെ ചെയ്യുന്നത്. സഹപ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ പാര്‍ട്ടിക്കകത്ത് തീര്‍ക്കാമായിരുന്നു എന്നാണ് നിലപാട്.

ഇനി ഇങ്ങനെയൊരു പ്രതിസന്ധി വന്നാല്‍ പാര്‍ട്ടി നേതൃത്വവുമായി പങ്കുവയ്ക്കും. അഭിപ്രായങ്ങള്‍ തുറന്ന് പറയുക തന്നെ ചെയ്യും. എന്നാല്‍ വെല്ലുവിളിയ്ക്കാനില്ല.

Next Story

Popular Stories