Top

'അടിയൊതുങ്ങി' ഐഎന്‍എല്‍; കാന്തപുരം നീക്കങ്ങള്‍ ഫലപ്രാപ്തിയിലേക്ക്

രണ്ട് പാര്‍ട്ടിയായി ഇടതു മുന്നണിയില്‍ തുടരാന്‍ കഴിയില്ലെന്ന് സിപിഐഎമ്മും, സിപിഐയും കര്‍ശന നിര്‍ദേശം നല്‍കിയതോടെയാണ് അപകടം മനസിലാക്കി ഇരുവിഭാഗവും യോജിക്കുന്നത്

3 Sep 2021 2:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അടിയൊതുങ്ങി ഐഎന്‍എല്‍; കാന്തപുരം നീക്കങ്ങള്‍ ഫലപ്രാപ്തിയിലേക്ക്
X

പാര്‍ട്ടിയിലെ ഭിന്നത പ്രവര്‍ത്തകകര്‍ തെരുവില്‍ തല്ലുന്ന നിലയിലേക്ക് എത്തിയ ഐഎന്‍എല്ലിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമാവുന്നു. ഐഎന്‍എല്ലിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തീര്‍ത്ത് യോജിച്ചു പോകാന്‍ ഇരു വിഭാഗവും ധാരണയായെന്നാണ് റിപ്പോര്‍ട്ട്.

തല്ലി പിളര്‍ന്ന ഐഎന്‍എല്ലിനെ യോജിപ്പിക്കാന്‍ കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ എടുത്ത നീക്കങ്ങളാണ് ഒടുവില്‍ ഫലം കണ്ട് തുടങ്ങുന്നത്. മധ്യസ്ഥര്‍ മുന്നോട്ട് വെക്കുന്ന ഫോര്‍മുല അംഗീകരിച്ചാകും സമവായം എന്നാണ് റിപ്പോര്‍ട്ട്. അടുത്ത ഇടതു മുന്നണി യോഗത്തിന് മുന്‍പ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് തീരുമാനം. സമവായ ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് ഇരുവിഭാഗവും റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

മാരത്തോണ്‍ ചര്‍ച്ചകളാണ് കാര്യങ്ങളെ സമവായത്തിലേക്ക് എത്തിക്കുന്നത്. നേരത്തെ സമസ്ത എപി വിഭാഗം ഇടപെട്ട നടത്തിയ ചര്‍ച്ചകള്‍ പലഘട്ടത്തിലും അലസി പിരിഞ്ഞിരുന്നു. എന്നാല്‍ രണ്ട് പാര്‍ട്ടിയായി ഇടതു മുന്നണിയില്‍ തുടരാന്‍ കഴിയില്ലെന്ന് സിപിഐഎമ്മും, സിപിഐയും കര്‍ശന നിര്‍ദേശം നല്‍കിയതോടെയാണ് അപകടം മനസിലാക്കി തര്‍ക്കങ്ങള്‍ മറന്ന് ഇരുവിഭാഗവും യോജിക്കുന്നത്.

സമവായ ശ്രമങ്ങളുടെ ഫോര്‍മുലയുടെ ഭാഗമായി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എ പി അബ്ദുള്‍ വഹാബിനെ പുറത്താക്കിയ നടപടി പിന്‍വലിച്ചേക്കുമെന്നാണം നിഗമനം. ഇതോടെ അബ്ദുള്‍ വഹാബ് വീണ്ടും പ്രസിഡന്റാകുന്ന നിലയുണ്ടാവും. നേരത്തെ കൈക്കൊണ്ട അച്ചടക്ക നടപടികളുടെ കാര്യത്തില്‍ മാത്രമാണ് ഇനി തീരുമാനമാകാന്‍ ഉള്ളത്.

സംസ്ഥാന ഭരണത്തില്‍ പങ്കാളിത്തം ഉള്‍പ്പെടെ പാര്‍ട്ടിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും അനുകൂലമായ ഘട്ടത്തില്‍ പാര്‍ട്ടി അടിത്തറ വിപുലപ്പെടുത്താന്‍ കഴിയുന്ന സാഹചര്യം ഭിന്നിച്ച് നിന്ന് ഇല്ലാതാക്കരുതെന്ന അഭിപ്രായം ഐഎന്‍എല്ലിന് ഉള്ളില്‍ ഉണ്ടായിട്ടുണ്ടെന്നുമാണ് നേതാക്കള്‍ നല്‍കുന്ന സൂചന. ഐഎന്‍എല്ലിലെ ഇരു വിഭാഗങ്ങളെയും അനുനയിപ്പിച്ച് ഒന്നാക്കാന്‍ കാന്തപുരം വിഭാഗം നേതാവ് അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തിലായിരുന്നു ആദ്യഘട്ട ശ്രമം നടന്നത്. എല്‍ഡിഎഫിന്റെ കൂടെ താല്‍പര്യ പ്രകാരമായിരുന്നു നടപടി. എന്നാല്‍ മൂന്ന് തവണ ചര്‍ച്ച നടത്തിയിട്ടും ഫലം കാണാത്തതിനാല്‍ മധ്യസ്ഥശ്രമം ഉപേക്ഷിച്ചതായി അസ്ഹരിയുടെ വക്താക്കള്‍ തന്നെ അന്ന് അറിയിച്ചു. എ പി അബ്ദുല്‍ വഹാബ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ മധ്യസ്ഥശ്രമം അവസാനിച്ചുവെന്നത് ദുഷ്പ്രചാരണമായിരുന്നെന്നും മധ്യസ്ഥന്‍ വിദേശത്തായതുകൊണ്ട് കുറച്ചുകാലം ചര്‍ച്ച നടന്നില്ലെന്നുമായിരുന്നു കാസിം ഇരിക്കൂറിന്റെ വിശദീകരണം.

പിളര്‍ന്ന് നില്‍ക്കുന്ന ഐഎന്‍എല്ലിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സിപിഐഎമ്മിനും ഇടത് മുന്നണിയ്ക്കും ഉള്ളത്. സമവായത്തിലെത്തിയില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന സൂചനയും മുന്നണി നേതൃത്വം നല്‍കി കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ മുന്നോടിയായി വരാനിരിക്കുന്ന എല്‍ഡിഎഫ് യോഗത്തിലേക്ക് ഐഎന്‍എല്ലിനെ വിളിക്കുകയും ചെയ്തിട്ടില്ല. സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോഴും എല്‍ഡിഎഫ് നേതൃത്വം ഐഎന്‍എല്ലിനെ പരിഗണിച്ചിരുന്നില്ല.

Next Story

Popular Stories